January 15, 2025 12:31 pm

‘രഞ്ജിത്ത് ആറാം തമ്പുരാൻ ചമയുന്നു… ‘

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദം കത്തുന്നു.

ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഐഎഫ്എഫ്കെ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയര്‍മാന്‍ അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കുററപ്പെടുത്തി.

ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങള്‍ പറയുന്നു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

“അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിന്‍റെ തെറ്റുകള്‍ തിരുത്താനും സൗഹാര്‍ദ്ദപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്.

ആര്‍ട്ടിസ്റ്റുകളെ വളരെ മോശമായ രീതിയില്‍ മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. എല്ലാവരും ആര്‍ട്ടിസ്റ്റുകളാണ്. അവരവര്‍ക്ക് തങ്ങളുടേതായ പരിമിതികള്‍ ഉണ്ടാകാം. അതിനെ പുച്ഛിച്ച് തള്ളുന്ന സമീപനം ആണ് രഞ്ജിത്തിന്‍റേത്. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷന്‍ അല്ല. ചലച്ചിത്ര അക്കാദമി ആണ്.

ആ ധാരണ പോലും അദ്ദേഹത്തിനില്ല. രഞ്ജിത്ത് പത്രസമ്മേളനം വിളിക്കുമ്പോൾ ഞങ്ങൾ അടുത്തുണ്ട്. ഞങ്ങളെ വിളിക്കാനോ എന്താണ് പ്രശ്നമെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ഇത്തരത്തിലുള്ള ധിക്കാരപരമായ നടപടിയും കള്ളത്തരങ്ങളും ആണ് രഞ്ജിത്ത് പറയുന്നത്.

സര്‍ക്കാരിനെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പെരുമാറ്റമാണിത്. ഞങ്ങൾ ആർക്കും എതിരല്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങൾ നിലകൊള്ളുന്നത്. ഒന്നുകിൽ ര‍ഞ്ജിത് തന്റെ പരാമർശങ്ങൾ തിരുത്തണം. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം”, എന്നും മനോജ് കാന പറഞ്ഞു.

അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്സിക്യുട്ടീവ് മെമ്പര്‍മാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയര്‍മാന്‍ അല്ലെന്നും അതേററ്റിയും ചെര്‍മാന്‍ അല്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തില്‍, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാന്‍ തങ്ങള്‍ക്ക് താല്പര്യം ഇല്ലെന്നായിരുന്നു നിലപാടെന്നും എന്നാല്‍ ചെയര്‍മാന്‍റെ ഭാഗത്തുനിന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

അതേസമയം, ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പില്ലെന്നും താൻ രാജിവെക്കുന്ന സാഹചര്യം ഇപ്പോഴില്ല എന്നും സംവിധായകൻ രഞ്ജിത്ത് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News