വിവാദം കത്തിയപ്പോൾ മന്ത്രി മാപ്പ് പറഞ്ഞു; തലയൂരാൻ ബി ജെ പി ശ്രമം

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ മുന്‍നിരയിലുണ്ടായിരുന്ന കേണല്‍ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നുവിളിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായെ ബിജെപി തള്ളി. മന്ത്രിയുടെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിള്‍ ഉള്‍പ്പടെ ഏറെ വിവാദമായിരുന്നു.

‘നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ സഹോദരിയേത്തന്നെ അയച്ചു’, എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പിന്നാലെ അവര്‍ നമ്മുടെ സഹോദരിമാരാണെന്നും പ്രസംഗത്തെ തെറ്റിദ്ധരിക്കരുതെന്നും പരാമര്‍ശത്തില്‍ വിജയ് ഷാ ക്ഷമാപണം നടത്തുകയും ചെയ്തു.

സോഫിയ ഖുറേഷി ഇന്ത്യന്‍ യുവതലമുറയുടെ മാതൃകയാണെന്നും രാജ്യത്തിന് അഭിമാനമാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് പറഞ്ഞു.

സോഫിയ ഖുറേഷി ഭാരതത്തിന്റെ അഭിമാനം; 'വിഡ്ഢി'; മധ്യപ്രദേശ് മന്ത്രിയെ തള്ളി ബിജെപി നേതൃത്വം| 'Sister of their community' | BJP minister | Colonel Sofia Qureshi | Mukhtar Abbas ...

 

ഏഴ് ദിവസത്തെ വാര്‍ത്താ സമ്മേളനം കൊണ്ടുമാത്രമല്ല. ജീവിതം കൊണ്ടും പാരമ്പര്യം കൊണ്ടും വഡോദരയുടെ മകളും ബലഗാവിയുടെ മരുമകളും ഭാരതത്തിന്റെ അഭിമാനവുമാണ് കേണല്‍ സോഫിയ ഖുറേഷിയെന്നും സന്തോഷ് എക്‌സില്‍ കുറിച്ചു.

സോഫിയ ഖുറേഷിയെ കുറിച്ച് ഇത്തരം പരാമര്‍ശം നടത്തിയ മന്ത്രിയെ വിഡ്ഢി യെന്നായിരുന്നു ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ് വി വിശേഷിപ്പിച്ചത്.

‘ആയാള്‍ ഒരു വിഡ്ഢിയാണ്. ചിലര്‍ക്ക് ആവേശത്തില്‍ ബോധം നഷ്ടമായിരിക്കുകയാണ്. ഇത്തരം പരാമര്‍ശങ്ങളിലൂടെ അദ്ദേഹം പരിഹാസപാത്രമായി മാറിയിരിക്കുകയാണ്’ നഖ് വി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ മുന്നണിപ്പോരാളിയായ ഖുറേഷിയെ പരിഹസിച്ച ബിജെപി മന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു, ഇതിന് പിന്നാലെയാണ് വിജയ് ഷായെ തള്ളി മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.

മന്ത്രിയുടെ പരാമര്‍ശം സേനയെ അപമാനിക്കുന്നതാണെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും ഉടന്‍ പുറത്താക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘നമ്മുടെ ധീരയായ മകള്‍ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി അപമാനകരവും ലജ്ജാകരവും വിലകുറഞ്ഞതുമായ പരാമര്‍ശം നടത്തി.

പഹല്‍ഗാമിലെ തീവ്രവാദികള്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ തീവ്രവാദികള്‍ക്ക് ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ രാജ്യം മറുപടി നല്‍കി ‘ ഖാര്‍ഗെ എക്സില്‍ പോസ്റ്റ് ചെയ്തു. ബിജെപി-ആര്‍എസ്എസ് മാനസികാവസ്ഥ എപ്പോഴും സ്ത്രീവിരുദ്ധമാണെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News