ചൈനയിൽ ആശങ്ക: പുതിയ വൈറസ് മാരകമായേക്കും

ബീജിംഗ്: കോവിഡ് വരുത്തിവെച്ച പ്രത്യാഘാതങ്ങളില്‍ നിന്ന് മുക്തരായി വരുന്നതിനിടെ ചൈനയില്‍ വീണ്ടും മറ്റൊരു പകര്‍ച്ചവ്യാധി. തലസ്ഥാനമായ ബീജിങ്ങിലും വടക്കൻ ചൈനയിലും ശ്വാസകോശ രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യ ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുന്നതിനിടെ കടുത്ത ആശങ്കയായി മാറുകയാണ് കുട്ടികളിലെ രോഗബാധ.

ശിശുരോഗ വിദഗ്ധരെ കാണുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നാണ് സി.എൻ.എൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.ബീജിങ് ചില്‍ഡ്രൻസ് ആശുപത്രിയില്‍ പ്രതിദിനം 7000 പേര്‍ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടിയാൻജിയാന് സമീപമുള്ള ആശുപത്രിയില്‍ ദിവസവും 13,000 പേര്‍ ചികിത്സ തേടിയെത്തുന്നു.

അടുത്ത രണ്ട് ദിവസത്തേക്ക് ശിശുരോഗ വിദഗ്ധനെ കാണാനുള്ള അവസരം നല്‍കാനാവില്ലെന്ന് ബീജിങ്ങിലെ ഫ്രണ്ട്ഷിപ്പ് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികളുടെ എണ്ണം വൻതോതില്‍ ഉയര്‍ന്നതോടെയാണ് ആശുപത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുതരം ന്യുമോണിയ ആണ് വ്യാപിക്കുന്നത്. പ്രധാനമായും കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്.രോഗ വ്യാപനം ആഗോള ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ ബീജിംഗിലും ലിയോണിങ്ങിലുമാണ് സ്കൂള്‍ കൂട്ടികളില്‍ രോഗം വ്യാപിക്കുന്നത്. സ്കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്.

കടുത്ത പനി, ശ്വാസകോശ വീക്കം എന്നിവ ഉള്‍പ്പെടെ ഉള്ള ലക്ഷണങ്ങളാണ് കുട്ടികള്‍ പ്രകടിപ്പിക്കുന്നത്. ചുമയില്ല. രോഗം വ്യാപിച്ചതോടെ ചൈനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗം ബാധിച്ചവരില്‍ നിന്നും മറ്റുള്ളവര്‍ അകലം പാലിക്കണമെന്നും മാസ്കുകള്‍ ധരിക്കണമെന്നും കൃത്യമായി ഇടവേളകളില്‍ കൈകള്‍ കഴുകണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. രോഗം ഉള്ളവര്‍ വായു സഞ്ചാരം ഉള്ള ഇടങ്ങളില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.

യു കെയില്‍ നിന്നുള്ള ദ ‍ ടെലിഗ്രാറിന്റെ റിപ്പോട്ട് പ്രകാരം ന്യുമോണിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആദ്യം പുറത്തുവിട്ടത് പ്രോമെഡ് ആണ്. ലോകമെമ്ബാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച്‌ പഠിക്കുന്ന നിരീക്ഷണ സംവിധാനമാണ് പ്രോമെഡ്. 2019 ല്‍ കോവിഡിനെക്കുറിച്ച്‌ ആദ്യമായി മുന്നറിയിപ്പ് നല്‍കിയതും പ്രോമെഡ് ആയിരുന്നു.

ശ്വാസകോശ സംബന്ധമായി രോഗം പരക്കുകയാണെന്നും ഇത്രയധികം കുട്ടികളിലേക്ക് രോഗം അതിവേഗത്തില്‍ വ്യാപിച്ചത് അസാധരാണമാണെന്നും പ്രോമെഡ് പറയുന്നു. ഈ വ്യാപനത്തിന്റെ ആരംഭത്തെക്കുറിച്ച്‌ വ്യക്തതയില്ലെന്നും ഇതുവരെ മുതിര്‍ന്നവരില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രോമെഡ് പറയുന്നു.