ഏഷ്യയില്‍ അർബുദ മരണങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്

ന്യൂഡല്‍ഹി:രാജ്യത്ത് അർബുദ ബാധ കാട്ടുതീ പോലെ പടരുന്നു. 2019ല്‍ ഇന്ത്യയില്‍ 9.3 ലക്ഷം പേര്‍ ഈ രോഗം ബാധിച്ച്‌ മരിച്ചു ഇക്കാലയളവില്‍ ഏകദേശം 12 ലക്ഷത്തോളം പേര്‍ക്ക് പുതുതായി അർബുദ ബാധ കണ്ടു.

പുതിയ രോഗികളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.2019ല്‍ 94 ലക്ഷം പുതിയ കേസുകളും 56 ലക്ഷം മരണങ്ങളുമായി അർബുദം പൊതുജനാരോഗ്യ ഭീഷണിയായി മാറിയെന്ന് ഗവേഷകര്‍ കണ്ടെത്തി.പഠനത്തിന്റെ കണ്ടെത്തലുകള്‍ ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ചു.

48 ലക്ഷം പുതിയ രോഗികളും 27 ലക്ഷം മരണങ്ങളുമായി ചൈന പട്ടികയില്‍ മുന്നിലെത്തിയപ്പോള്‍ ജപ്പാനില്‍ 9 ലക്ഷം പുതിയ കേസുകളും 4.4 ലക്ഷം മരണങ്ങളും രേഖപ്പെടുത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി കുരുക്ഷേത്ര, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ജോധ്പൂര്‍, ബതിന്ഡ എന്നിവിടങ്ങളിലെ ഗവേഷകരുടെ അന്താരാഷ്ട്ര സംഘമാണ് പഠനത്തിന് പിന്നില്‍.

1990 നും 2019 നും ഇടയില്‍ 49 ഏഷ്യന്‍ രാജ്യങ്ങളിലെ 29 അർബുദ തരങ്ങൾ, രോഗം ബാധിച്ചവരുടെ കണക്കുകള്‍, മരണം, അപകട ഘടകങ്ങള്‍ എന്നിവ പഠനത്തിന്റെ ഭാഗമാക്കിയെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. ഏഷ്യയില്‍, ശ്വാസനാളം, ധമനികള്‍, ശ്വാസകോശം എന്നിവയിലെ അര്‍ബുദമാണ് ഏറ്റവും കൂടുതലെന്നും ഗവേഷണത്തില്‍ കണ്ടെത്തി.