ഉളുപ്പില്ലായ്മയും കമ്മ്യൂണിസ്റ്റുകളും …

തൃശ്ശൂർ : കേരളത്തിന്റെ വളർച്ചയുടെ ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ത്വര അവരുടെ പതിവ് ഉളുപ്പില്ലായ്മയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ സി. ആർ. പരമേശ്വരൻ.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം  താഴെ:
കേരളത്തിലെ പുതിയ കമ്മ്യൂണിസ്റ്റ് മൂഢന്മാരെ മുതിർന്നവർ പഠിപ്പിച്ചിരിക്കുന്നത് കേരളത്തിലെ ഉയർന്ന മാനവ വികസന സൂചിക സൃഷ്ടിച്ചത് കമ്മ്യൂണിസ്റ്റുകാർ ആണ് എന്നാണ്.
വാസ്തവത്തിൽ ഇവർ അവകാശപ്പെടുന്ന മാറ്റങ്ങൾക്കൊക്കെ അടിത്തറ ഇട്ടത് മിഷനറിമാരാണ്. അവർക്ക് കുറെ നിക്ഷിപ്ത താൽപര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്നത് ശരി തന്നെ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉദയം ചെയ്യുന്നതിന് 20 -25 കൊല്ലങ്ങൾ മുൻപേ 1910 കളിലും 1920 കളിലും ആയി എന്റെ ഗ്രാമത്തിൽ തന്നെ മൂന്ന് പള്ളി വക പ്രൈമറി സ്കൂളുകൾ വന്നു. അതുകൊണ്ടാണ് ബുദ്ധിമതിയായ എന്റെ അമ്മയ്ക്ക് സാക്ഷരത കൈവന്നതും പിൻതലമുറകളെ നന്നായി പഠിപ്പിക്കണമെന്ന ബോധം വന്നതും.
അതുപോലുള്ള വിദ്യാഭ്യാസ വികസനം ആ കാലത്ത് തൃശ്ശൂർ ജില്ലയിലെ എല്ലാ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമങ്ങളിലും വന്നു. അതാണ് വാസ്തവത്തിൽ കേരളത്തിൽ സാമൂഹ്യ വികസനത്തിന്റെ അടിത്തറയിട്ടത് . ഒരുപക്ഷേ സമത്വം വേണം, അതിന് കമ്മ്യൂണിസ്റ്റ് പാർട്ടി വേണം എന്നൊക്കെയുള്ള ബോധം ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക് കൊടുത്തത് പോലും ഈ ക്രിസ്ത്യൻവിദ്യാഭ്യാസ പശ്ചാത്തലമാണ്.
എന്നിട്ട് ഈ വളർച്ചയുടെ ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ത്വര അവരുടെ പതിവ് ഉളുപ്പില്ലായ്മയാണ് .
. എന്റെ വീക്ഷണത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ കേരളത്തിൽ നാല് സാമൂഹ്യ വിപ്ലവങ്ങൾ ആണ് നടന്നത് . ഒന്ന് മുൻപ് പറഞ്ഞ മിഷനറിമാർ കൊണ്ടുവന്നത്, രണ്ട് നാരായണഗുരുവിൽ നിന്നും തുടങ്ങുന്ന നവോത്ഥാന നായകർ നയിച്ച പ്രസ്ഥാനങ്ങൾ, മൂന്നാമത്തെ വിപ്ലവം,
(രണ്ടാമത്തെ പട്ടികയിൽ പെടുത്താവു ന്നതാണ് എങ്കിലും )കമ്മ്യൂണിസ്റ്റുകാർ കൊണ്ടുവന്നതാണ്. മറ്റ് ഇടങ്ങളിലില്ലാത്ത വിധം ഒരു ജനകീയഅവകാശ ബോധം 40കളിലും 50 കളിലും ആയി അവർ കൊണ്ടുവന്നു എന്നത് സമ്മതിക്കാതെ വയ്യ . ശരിക്കും മണ്ണിൽ പണിയുന്നവന് കാര്യമായി മെച്ചം ഒന്നും ഉണ്ടായില്ലെങ്കിലും കമ്മ്യൂണിസ്റ്റുകാർ ജന്മിത്വത്തെ ഇല്ലായ്മ ചെയ്തു. അത് വലിയൊരു കാര്യമാണ്.അത് സാമ്പത്തികം എന്നതിനേക്കാൾ കൂടുതൽ സാംസ്കാരികമായ മാറ്റമായിരുന്നു..
കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ ജനങ്ങളിൽ അന്ന് ഉരുവം കൊണ്ട ആ അവകാശ ബോധമെല്ലാം കഴിഞ്ഞ ഏഴ് കൊല്ലത്തെ ഹീനഭരണം കൊണ്ട് ഇല്ലാതായിക്കഴിഞ്ഞു .ഭൂതന്റെ സമ്മേളനങ്ങളിൽ നിർബന്ധപൂർവ്വം പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീയിലും തൊഴിലുറപ്പിലും പണി നിഷേധിയ്ക്കപ്പെടും എന്ന് പരസ്യമായി പറയുന്നിടത്താണ് ഇന്ന് കേരളത്തിലെ ജനകീയഅവകാശബോധം. കമ്മികൾ ഒഴികെ മറ്റെല്ലാവരും ഇന്ന് കേരളത്തിൽ രണ്ടാംതരം പൗരന്മാരാണ്.
എല്ലാവർക്കും ഭയമാണ്. നിരക്ഷര ഗുണ്ടയായ ഒരു ബ്രാഞ്ച് സെക്രട്ടറിക്ക് ഒരു ഗ്രാമത്തെ മുഴുവൻ വേണമെങ്കിൽ ചൂണ്ടുവിരലിൽ അടിമയാക്കി നിർത്താം എന്നിടത്തേക്ക് ഒരു ദേശം കഷ്ടപ്പെട്ട് ആർജ്ജിച്ച അവകാശബോധം ചുരുങ്ങിക്കഴിഞ്ഞു. പോലീസുകാർ ചോട്ടാ സഖാക്കളുടെ ആത്മാഭിമാനം ഇല്ലാത്ത വേലക്കാരായി മാറിക്കഴിഞ്ഞു.
ഏഴു കൊല്ലം കൊണ്ട് പാർട്ടിയും സാംസ്കാരിക നായകരും കൂടി ജിഹാദികളുടെ കാല് നക്കി നവോത്ഥാനവും 1930 ലേക്ക് തിരിച്ചു നടന്നു. പല മുസ്ലിം വനിതകളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ നില ഇന്ന് 1930കളിലെ നമ്പൂതിരി സ്ത്രീകളുടെ അവസ്ഥയേക്കാൾ മോശമാണ്.
നാലാമത്തെ വിപ്ലവം ഗൾഫിലേക്ക് പോയ പ്രവാസികളുടെതാണ്. മലബാറിലെ പാവപ്പെട്ട മുസ്ലീങ്ങൾ കൊണ്ടുവന്ന ഈ സാമ്പത്തിക വിപ്ലവം സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ 1970 കളിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നാമാവശേഷമായേനെ. ആ പാവങ്ങളുടെ അധ്വാന ഫലത്തിൽ നിന്നും സെന്റിമെന്റുകളിൽ നിന്നും ആഹരിക്കുക മാത്രമല്ല, അവരെയൊക്കെ ഈ ഭേദപ്പെട്ട നിലയിൽ എത്തിച്ചത് തങ്ങളാണ് എന്ന് അവകാശപ്പെടുകയും ചെയ്യുകയാണ് ഈ ഉളുപ്പില്ലാത്ത വർഗ്ഗം.
ഈ നാല് വിപ്ലവങ്ങളുടെയും സൃഷ്ടിയാണ് ഇന്നത്തെ കേരളം. ജനങ്ങളിൽ മിഡിൽ ക്ലാസും അതിനു മുകളിലുള്ളവരും അത്യാവശ്യം ജീവിതസൗകര്യമുള്ളവരും എന്നാൽ ഗവൺമെന്റ് നിർധനവും ആണ് എന്നൊരു വൈരുദ്ധ്യം നിറഞ്ഞ സ്ഥിതിവിശേഷം ഇപ്പോഴുണ്ട്. അത് കാലഭൈരവന്റെ സംഭാവനയാണ്.
BPL വിഭാഗത്തിലുള്ളവർക്ക് ആണ് സർക്കാരിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യമുള്ളത്. എന്നാൽ അവർക്ക് ലഭിച്ചുകൊണ്ടിരുന്ന ഒരു ക്ഷേമവും സർക്കാർ പാപ്പരായതിനാൽ കാലഭൈരവന്റെ കാലത്ത്കിട്ടുന്നില്ല. ഒരു നിർമ്മാണ പ്രവർത്തനവും മെയിന്റനൻസും നടക്കുന്നില്ല. ഇതുവരെ ലഭിച്ചിരുന്ന നൂറുകണക്കിന് ക്ഷേമ പ്രവർത്തനങ്ങൾ ഇനി കേരളത്തിൽ ഒരിക്കലും ഉണ്ടാവില്ല.
ഞാൻ മുൻപ് പറഞ്ഞ മധ്യ വർഗ്ഗത്തിനു മുകളിൽ ഉള്ളവരുടെ താരതമ്യേനയുള്ള സുസ്ഥിതി അവരിൽ നല്ലൊരു പങ്കും ഒരു കാര്യത്തിനും കേരള സർക്കാരിനെ ആശ്രയിക്കാതെ തന്നെ അവർ ആർജിക്കുന്നതാണ്. അതേ സമയം റവന്യൂ വരുമാനത്തിലേക്ക് അവർ സംഭാവന ചെയ്യുന്നുമുണ്ട്. പ്രവാസികളും അവരുടെ കുടുംബങ്ങളും കേരള ഗവൺമെന്റിന് കൊടുക്കുക അല്ലാതെ ഗവൺമെന്റിൽ നിന്ന് ഒന്നും വാങ്ങുന്നില്ല. കേരള സർക്കാർ ശമ്പളക്കാർക്ക് ഇതുവരെ ശമ്പളം കിട്ടുന്നുണ്ട്. വലിയ തകർച്ച വരുമ്പോൾ അതൊന്നും കിട്ടില്ല.
ഇക്കൂട്ടർ സ്വയം വിശ്വസിക്കുന്നത് 10 -40 കൊല്ലം കൊണ്ട് ലോകമെങ്ങും ഉണ്ടായ വമ്പിച്ച ശാസ്ത്രസാങ്കേതിക വളർച്ചയുടെ കേരളത്തിലെ പ്രതിഫലനം ഇവിടത്തെ പ്രാകൃത പാർട്ടി കൊണ്ടുവന്നതാണ് എന്നാണ്. Many developments came despite communists. നോക്കൂ, ഈയാഴ്ച തമിഴ്നാട്ടിൽ ഏതാണ്ട് 7 ലക്ഷം കോടി രൂപയുടെ ഇൻവെസ്റ്റ്മെന്റ് വാഗ്ദാനം വന്നിട്ടുണ്ട്. അവയൊക്കെ നടപ്പാക്കുകയും ചെയ്യും. ഇവിടെ ഈ **ന്മാർ എന്ത് കോപ്പാണ് കൊണ്ടുവരുന്നത്?