ഈരാറ്റുപേട്ടയിൽ ഭീകരവിരുദ്ധ സ്ക്വാഡ് ഓഫീസ്; വിവാദം ശക്തം

In Featured, Special Story
October 19, 2023

കോട്ടയം : തീവ്രവാദപ്രവർത്തനം ശക്തമായതിനാൽ ഈരാറ്റുപേട്ടയിൽ ഭീകരവിരുദ്ധ സ്ക്വാഡ് ഓഫീസ് നിർമ്മിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെ ചൊല്ലി വിവാദം ശക്തം. എസ്.ഡി.പി.ഐ നേതാക്കൾക്കൊപ്പം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും, സി.പി.എം പ്രാദേശിക നേതാക്കളും എസ്.പിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടപ്പോൾ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എസ്.പി കെ.കാർത്തിക്.

പൂഞ്ഞാറിൽ പൊലീസിന്റെ കൈവശമുള്ള മൂന്നേക്കർ സ്ഥലം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് വിട്ടു നൽകണമെന്ന റവന്യൂ വകുപ്പിന്റെ അപേക്ഷ ലഭിച്ച ഡി.ജി.പി വിശദമായ റിപ്പോർട്ട് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ലോക്കൽ പൊലീസ് പ്രദേശം സെൻസിറ്റീവ് മേഖലയാണെന്ന് അറിയിച്ചത്. ഇതനുസരിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ഓഫീസാണ് അനുയോജ്യമെന്ന റിപ്പോർട്ട് എസ്.പി ഡി.ജി.പിയ്ക്ക് നൽകുകയായിരുന്നു. ഇതിനെതിരെ എസ്.ഡി.പി ഐ ജില്ലാ ട്രഷറർ ഹാരിഫിന്റെ നേതൃത്വത്തിൽ എസ്.പിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എൽ.എയ്ക്ക് പരാതി നൽകി. സി.പിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫും ഇതിനെതിരെ രംഗത്തു വന്നു. ഇതോടെ കാർത്തിക്കിന്റെ കസേര തെറിക്കുമെന്ന പ്രചാരണവും ശക്തമായിട്ടുണ്ട്.

കേരളത്തിലെ തീവ്രവാദ സാന്നിദ്ധ്യമുള്ള ഗ്രാമ – നഗരങ്ങളുടെ വിവരങ്ങൾ എൻ.ഐ.എ പുറത്തുവിട്ടതിലും ഈരാറ്റുപേട്ട ഉൾപ്പെട്ടിരുന്നു. കൂടാതെ ഏത് തിരഞ്ഞെടുപ്പുകളിലും ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ ഈരാറ്റുപേട്ടയിലാണ്. തീവ്രവാദത്തിന്റെ സ്ലീപ്പർസെല്ലുകൾ കേരളത്തിൽ പ്രവർത്തനം ശക്തമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്രരഹസ്യാന്വേഷണ ഏജൻസികൾ ഈരാറ്റുപേട്ടയിലടക്കം നിരീക്ഷണം ശക്തമാക്കിയിരുന്നു. അടുത്തിടെ പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റെയ്ഡിൽ ഈരാറ്റുപേട്ട നഗരസഭ കൗൺസിലറെയടക്കം എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു.