ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവിന് ജീവപര്യന്തം

In Featured, Special Story
October 19, 2023

കൊല്ലം: ശാസ്താംകോട്ടയിൽ സ്കൂൾ അധ്യാപികയായ ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ആഷ്ലി സോളമനാണ് ഭാര്യ അനിതയെ കൊന്നത്. അനിതയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കാരണത്തിലായിരുന്നു കൊലപാതകം.വർക്കല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു ആഷ‍്‍ലി സോളമൻ. ആഷ്‌ലിയും അനിതയും അയൽവാസികളായിരുന്നു.അനിതയും ചവറ സ്വദേശിയും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2018 ഒക്ടോബർ ഒൻപതിനായിരുന്നു കൊലപാതകം.അനിതയെ ആഷ്‌ലി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ഇതിനെതിരേ അനിതയുടെ പുരുഷസുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. ഹൈക്കോടതി അനിതയെ ഹാജരാക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവ് വന്നതിന് പിന്നാലെയാണ് ആഷ്‌ലി അനിതയെ കൊലപ്പെടുത്തിയത്.

പത്തനംതിട്ട ചന്ദനപ്പള്ളി ഗവണ്‍മെന്റ് എൽപി സ്കൂള്‍ അധ്യാപിക അനിതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ വിധി. കേസിലെ പ്രതിയായ അനിതയുടെ ഭർത്താവ് ആഷ്ലി സോളമന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്.

അനിതയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് ആഷ്ലിയെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന്റെ പേരിൽ നിരന്തരം ഇരുവരും വഴക്കുണ്ടായി. ഉച്ചയ്ക്ക് വീട്ടിൽ മറ്റാരുമില്ലാതിരുന്നപ്പോൾ വീട്ടിലെ ഹാളിൽവച്ച് പ്രതി ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയും മരണം ഉറപ്പാക്കാൻ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു. കേസിൽ ദൃക്സാക്ഷികളുമുണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് തെളിയിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ചിരവയും ഷാളുമടക്കം എട്ട് തൊണ്ടിമുതലുകളും മുപ്പത്തിയേഴ് രേഖകളും പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.