കൊച്ചി : കെ കെ ശൈലജ ഇനിയെങ്കിലും സഹതാപം ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ മെലോഡ്രാമകൾ അവസാനിപ്പിക്കണം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിങ്ങളെന്ന വ്യാജ നിർമ്മിതിയെ കൃത്യമായി തിരിച്ചറിയാൻ ഇന്ന് കേരളത്തിന് കഴിയുന്നുണ്ട്…കോൺഗ്രസ് നേതാവ്
വി ടി ബലറാം ഫേസ്ബുക്കിലെഴുതുന്നു
വി ടി ബലറാം ഫേസ്ബുക്കിലെഴുതുന്നു
“നിങ്ങൾക്കെതിരെ ഉയരുന്നത് രാഷ്ട്രീയ വിമർശനങ്ങളാണ്. നിങ്ങൾ മന്ത്രിയായിരുന്ന കാലത്തെ ഭരണ നടപടികളേക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങളാണ്. അതിൽപ്പലതിലും ഭരണാധികാരി എന്നതോടൊപ്പം വ്യക്തിപരമായ തരത്തിലും നിങ്ങൾക്ക് ഉത്തരവാദിത്തമുള്ളതുകൊണ്ടാണ് നിങ്ങൾക്ക് നേരെ വ്യക്തിപരമായിത്തന്നെ ചില ചോദ്യങ്ങൾ ഉയരുന്നത് ” ബലറാം തുടരുന്നു .
=============================================
പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
=======================================================
എന്ത് തരം വ്യക്തിഹത്യയാണ് വടകരയിലെ സിപിഎം സ്ഥാനാർത്ഥി കെ കെ ശൈലജ ഇപ്പോൾ നേരിടുന്നത്! എന്താണ് ഇങ്ങനെയൊരു വിലാപത്തിന്റെ അടിസ്ഥാനം?
മാഡം ശൈലജ, നിങ്ങൾക്കെതിരെ ഉയരുന്നത് രാഷ്ട്രീയ വിമർശനങ്ങളാണ്. നിങ്ങൾ മന്ത്രിയായിരുന്ന കാലത്തെ ഭരണ നടപടികളേക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങളാണ്. അതിൽപ്പലതിലും ഭരണാധികാരി എന്നതോടൊപ്പം വ്യക്തിപരമായ തരത്തിലും നിങ്ങൾക്ക് ഉത്തരവാദിത്തമുള്ളതുകൊണ്ടാണ് നിങ്ങൾക്ക് നേരെ വ്യക്തിപരമായിത്തന്നെ ചില ചോദ്യങ്ങൾ ഉയരുന്നത്. അതല്ലാതെ നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയോ യുഡിഎഫ് ഭാഗത്തു നിന്നുള്ള ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട നേതാവോ നിങ്ങൾക്കെതിരെ ഒരു വ്യക്തിപരമായ ആക്ഷേപവും ഈ തെരഞ്ഞെടുപ്പിൽ ഉന്നയിച്ചിട്ടില്ല.
എന്നാൽ ചില ചോദ്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് നേരെ ഉണ്ട്:
1) നിങ്ങൾ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കോവിഡ് പ്രതിസന്ധിയുടെ മറവിൽ പിപിഇ കിറ്റ്, ഗ്ലൗസ് എന്നിവ വാങ്ങിയതിൽ കോടിക്കണക്കിന് രൂപ പൊതുഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ട് എന്നതാണ് ഒന്നാമത്തെ ആരോപണം. 450 രൂപയോളം നിരക്കിൽ അക്കാലത്ത് കേരളത്തിൽത്തന്നെ PPE കിറ്റ് യഥേഷ്ടം ലഭ്യമാവുമായിരുന്നു. എന്നിട്ടും 1550 രൂപക്കാണ് നിങ്ങൾ പൂനെ ആസ്ഥാനമായ കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്. ഈ ക്രമക്കേടിനേക്കുറിച്ച് നിങ്ങൾ ഇതുവരെ കൃത്യമായ ഒരു മറുപടി കേരളത്തിന് നൽകിയിട്ടുണ്ടോ? എല്ലാ പർച്ചേസും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പറഞ്ഞ് അദ്ദേഹത്തേക്കൂടി പ്രതിക്കൂട്ടിലാക്കി സ്വയം കൈകഴുകാനല്ലേ നിങ്ങൾ ശ്രമിച്ചിട്ടുള്ളൂ?
———————————————————-
2) കോവിഡ് ബാധിതരുടേയും കോവിഡ് മരണങ്ങളുടേയും യഥാർത്ഥ കണക്കുകൾ മറച്ചുപിടിച്ച് നിങ്ങൾ ഈ നാടിനെ തെറ്റിദ്ധരിപ്പിച്ചു എന്നും രോഗത്തിന്റെ വ്യാപന സാധ്യത വർദ്ധിപ്പിച്ചു എന്നുമാണ് നിങ്ങളുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പിനേക്കുറിച്ച് അന്നേ വിമർശനമുയർന്നിട്ടുള്ളത്. സ്പ്രിങ്ക്ലർ അടക്കമുള്ള കള്ളക്കമ്പനികൾക്കായി വാദിക്കുകയായിരുന്നു നിങ്ങളന്ന്. നാട് നേരിട്ട ഒരു വലിയ ആരോഗ്യ പ്രതിസന്ധിയെ വ്യക്തിപരമായ പിആർ അവസരമാക്കി നിങ്ങൾ മാറ്റിയതിനെക്കുറിച്ച് വിമർശനമുയർന്നാൽ അത് വ്യക്തിഹത്യയാവുമോ?
————————————————–
3) നിങ്ങൾ വനിതാ, ശിശുക്ഷേമ വകുപ്പിന്റെ മന്ത്രിയായിരിക്കുമ്പോഴാണ് നിങ്ങളുടെ സ്വന്തം മണ്ഡലത്തിലെ ആർഎസ്എസ് നേതാവായ ഒരധ്യാപകൻ ഒരു കൊച്ചു പെൺകുട്ടിയെ സ്കൂളിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചതായ കേസ് ഉയർന്നുവന്നത്. ഇക്കാര്യത്തിൽ അന്വേഷണം തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിങ്ങളുടെ പോലീസ് ഗുരുതരമായ വീഴ്ച വരുത്തി. വകുപ്പ് മന്ത്രി എന്ന നിലയിലും സ്ഥലം എംഎൽഎ എന്ന നിലയിലും കാര്യങ്ങൾ ഫോളോ അപ് ചെയ്യുന്നതിൽ നിങ്ങൾക്ക് ഭരണപരമായ വീഴ്ച പറ്റി. ടീച്ചറമ്മ എന്ന പിആർ നിർമ്മിതിയിൽ ഉള്ളുകൊണ്ട് ആഹ്ലാദിക്കുന്ന നിങ്ങൾക്ക് ഒരു ടീച്ചർ എന്ന നിലയിലും അമ്മ എന്ന നിലയിലും ഇക്കാര്യത്തിൽ വ്യക്തിപരമായും വീഴ്ച പറ്റി. അതാരെങ്കിലും ചൂണ്ടിക്കാണിക്കുന്നതാണോ ഇത്ര വലിയ വ്യക്തിഹത്യ?
4) ടിപി ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലപാതകിയെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഒരു കൊടും ക്രിമിനലിനെ ന്യായീകരിച്ചും മഹത്വവൽക്കരിച്ചും നിങ്ങൾ നടത്തുന്ന വാഴ്ത്തുപാട്ടുകളെ മനസ്സാക്ഷിയുള്ള മുഴുവൻ മനുഷ്യരും വെറുക്കുന്നുണ്ട് മാഡം ശൈലജ. അത് തുറന്നുപറയുന്നത് വ്യക്തിഹത്യയല്ല, നരഹത്യയുടെ രാഷ്ട്രീയത്തിനെതിരെയുള്ള സമാധാന കാംക്ഷികളായ മനുഷ്യരുടെ പ്രതികരണമാണ്.
———————————————————————————
5) നിങ്ങളുടെ പാർട്ടിക്കാരായ ചില ചെറുപ്പക്കാർ ബോംബ് നിർമ്മിക്കുന്നതിനിടയിൽ അത് പൊട്ടിത്തെറിച്ച് മരിക്കുമ്പോൾ, മറ്റ് പലർക്കും കൈയ്യും കണ്ണുമൊക്കെ നഷ്ടപ്പെടുമ്പോൾ “ഇതാണോ ഇത്ര വലിയ കാര്യം, ഇതൊക്കെ എന്തിനാണ് ചർച്ച ചെയ്യുന്നത്” എന്ന മട്ടിലുള്ള നിങ്ങളുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നതാണ് മാഡം ശൈലജ. നിങ്ങളെന്ന വ്യക്തി ഇത്രയൊക്കെയേ ഉള്ളൂ എന്നും കേവലം ഒരു പാർട്ടി അടിമ മാത്രമാണ് നിങ്ങളെന്നും ജനം തിരിച്ചറിയുന്നത് വ്യക്തിഹത്യയല്ല മാഡം.
—————————————————————————-
6) നിങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് കാസർക്കോട് ജില്ലാ ആശുപത്രിയിൽ ശരത് ലാൽ, കൃപേഷ് എന്നീ ചെറുപ്പക്കാരുടെ കൊലപാതകക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് എന്നത് നിങ്ങളെ അൽപ്പം പോലും നാണിപ്പിക്കുന്നില്ലേ മാഡം ശൈലജ. ഒന്നാം പ്രതിയുടെ ഭാര്യക്ക് റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം സ്ഥാനം എന്ന നിലയിൽ കിറുകൃത്യമായിട്ടാണ് നിങ്ങൾ കൊലപാതകികളുടെ കുടുംബത്തെ സർക്കാർ ചെലവിൽ സംരക്ഷിക്കാനുള്ള പാർട്ടി തീരുമാനം നടപ്പാക്കിയത്. കൊട്ടിഘോഷിക്കപ്പെടുന്ന നിങ്ങളുടെ ആർദ്രതയും അനുതാപവുമൊക്കെ ഇങ്ങനെ ക്രിമിനലുകൾക്ക് വേണ്ടി മാത്രമായിപ്പോവുന്നത് എങ്ങനെയാണെന്ന ചോദ്യം വ്യക്തിഹത്യയാണോ മാഡം?
7) നിങ്ങളുടെ ജില്ലയിൽ നിങ്ങളുടെ പാർട്ടി അനുഭാവിയായിരുന്ന ഒരു പ്രവാസി സംരംഭകൻ നിങ്ങളുടെ സഹപ്രവർത്തകരായ മുനിസിപ്പൽ ഭരണാധികാരികളിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തപ്പോൾ, ആ മനുഷ്യന്റെ ഭാര്യയായ ഒരു സാധു വീട്ടമ്മയെ നിങ്ങളുടെ പാർട്ടി പത്രം കേട്ടാലറക്കുന്ന ഭാഷയിൽ അപവാദം പറഞ്ഞ് വേട്ടയാടിയപ്പോൾ നിങ്ങൾ എവിടെയായിരുന്നു മാഡം ശൈലജ?
8.) എസ്എഫ്ഐയുടെ പഴയ നേതാവായിരുന്ന നിങ്ങളുടെ ഒരു പഴയ സഹപ്രവർത്തക, നിങ്ങളുടെ പാർട്ടിക്കാർ 52 വെട്ടുവെട്ടി ഇല്ലാതാക്കിയ സ്വന്തം ഭർത്താവിന്റെ രാഷ്ട്രീയ പോരാട്ടം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഇതേ വടകരയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും ജയിച്ചപ്പോഴും “ആസ്ഥാന വിധവ” എന്നാക്ഷേപിച്ച് അവർക്ക് നേരെ നിങ്ങളുടെ ആളുകൾ നടത്തിവരുന്ന അതിഹീനമായ വ്യക്തിഹത്യയുടെ ഏഴയലത്ത് വരുന്ന എന്തെങ്കിലുമൊരു ആക്ഷേപം നിങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ മാഡം ശൈലജ?
അതുകൊണ്ട് വടകരയിലെ സിപിഎം സ്ഥാനാർത്ഥിയായ കെ കെ ശൈലജ ഇനിയെങ്കിലും സഹതാപം ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ മെലോഡ്രാമകൾ അവസാനിപ്പിക്കണം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിങ്ങളെന്ന വ്യാജ നിർമ്മിതിയെ കൃത്യമായി തിരിച്ചറിയാൻ ഇന്ന് കേരളത്തിന് കഴിയുന്നുണ്ട്.