ഐ ഫോണുകൾ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും

In Featured, Special Story
October 28, 2023
ന്യൂഡൽഹി: ഐ.ടി രംഗത്തെ ആഗോള ഭീമൻമാരായ ആപ്പിളിന്റെ ഫോണുകൾ ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും. കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിളിന്റെ കരാർ കമ്പനിയായിരുന്ന വിസ്ട്രോണിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായതോടെയാണ് ടാറ്റ ഗ്രൂപ്പിന് ഐ ഫോൺ നിർമ്മിക്കാൻ അവസരമൊരുങ്ങിയത്. ആഭ്യന്തര,​ ആഗോള വിപണിയിലേക്കുള്ള ഐ ഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിർമ്മിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന വിസ്ട്രോൺ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് യോഗമാണ് ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ടാറ്റയ്ക്ക് നൽകാൻ തീരുമാനമെടുത്തത്.
രണ്ടര വർഷത്തിനുള്ളിൽ ടാറ്റ ഇന്ത്യയിൽ ഐ ഫോൺ നിർമ്മാണം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ എക്സിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു. 2024 വരെ 180 കോടി ഐ ഫോണുകൾ നിർമ്മിക്കാനുള്ള കരാർ വിസ്ട്രോൺ ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ വിസ്ട്രോണിന്റെ രാജ്യത്തെ പ്രവർത്തനങ്ങൾ ടാറ്റ ഗ്രൂപ്പിന് കീഴിലാകും.
ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി ഐ ഫോണുകൾ നിർമ്മിക്കാനൊരുങ്ങുന്നത്. തായ്‌വാൻ കമ്പനികളായ വിസ്ട്രോണും ഫോക്‌സ്കോണുമാണ് ആപ്പിളിന്റെ പ്രധാന കരാർ നിർമ്മാതാക്കൾ. ഫോക്സ്‌കോണിനും ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകളുണ്ട്. ഇന്ത്യയെ വിശ്വസ്തരായ നിർ‌മ്മാണ പങ്കാളിയായി കാണുന്ന ആഗോള ഇലക്ട്രോണിക് ബ്രാൻഡുകൾക്ക് പിന്തുണ നൽകുന്ന ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനികളുടെ വളർച്ചയ്ക്ക് ഇലക്ട്രോണിക്സ്,​ ഐ.ടി മന്ത്രാലയം എല്ലാ പിന്തുണയും നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആപ്പിൾ പോലുള്ള വിവിധ സ്മാർട്ട് ഫോൺ ഇലക്ട്രോണിക്സ് ഉപകരണ ബ്രാൻഡുകൾ ഇതിനകം ഇന്ത്യയിൽ നിന്ന് ഉത്പാദനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.