രഞ്ജിത്തിനെതിരെ നടപടിയില്ലെങ്കില്‍ കോടതിയിലേക്ക്: വിനയന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ കടുപ്പിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. അല്ലാത്തപക്ഷം കോടതിയെ സമീപിക്കാനാണ് നീക്കം. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം വിനയന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ ശബ്ദ രേഖയടക്കം കോടതിയില്‍ ഹാജരാക്കാനാണ് ആലോചന.

2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയര്‍മാനുമായ നേമം പുഴ്ചപരാജിന്റെ ഓഡിയോ സന്ദേശമാണ് സംവിധായകന്‍ വിനയന്‍ പുറത്തുവിട്ടത്. പത്തൊന്‍പതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങള്‍ ബാഹ്യസമ്മര്‍ദ്ദത്താല്‍ എതിര്‍ത്തെന്നാണ് ഓഡിയോ സന്ദേശത്തില്‍ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ജൂറി അംഗത്തിന്റെ തന്നെ ഓഡിയോ സന്ദേശം പുറത്തുവിട്ടുള്ള വിനയന്റെ നീക്കം. പല അവാര്‍ഡുകള്‍ക്കും പത്തൊന്‍പതാം നൂറ്റാണ്ടിനെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാന്‍ രഞ്ജിത്ത് ശ്രമം നടത്തിയെന്നായിരുന്നു വിനയന്റെ ആരോപണം.

തല്ലിപ്പൊളി ചിത്രമെന്ന് പറഞ്ഞ്, ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടത്തി. ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. അവസാനം മൂന്ന് അവാര്‍ഡ് ചിത്രത്തിന് കിട്ടിയപ്പോഴും അവാര്‍ഡ് നിര്‍ണയം തിരുത്താനും രഞ്ജിത്ത് ഇടപെട്ടെന്നായിരുന്നു വിനയന്റെ ആരോപണം. വിവാദം സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായെങ്കിലും ഇതുവരെയും ചലച്ചിത്ര അക്കാദമിയോ, രഞ്ജിത്തോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിവാദമുയരുമ്പോഴെല്ലാം അവാര്‍ഡ് നിര്‍ണയം പൂര്‍ണമായും ജൂറി തീരുമാനമാണ്എന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കാറുള്ളത്. എന്നാല്‍ ജൂറി അംഗത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുമ്പോള്‍ സര്‍ക്കാരിനും പ്രതികരിക്കാരിക്കാതിരിക്കാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News