December 12, 2024 6:51 pm

സെന്തിലിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു

ചെന്നൈ: കോഴക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈ പുഴല്‍ ജയിലിലെത്തി ഇ.ഡി കസ്റ്റഡിയിലെടുത്തു. സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വിട്ടതായുള്ള സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് ഇ.ഡി നടപടി. ശനിയാഴ്ച വരെ മന്ത്രിയെ കൈക്കൂലി കേസില്‍ ചോദ്യം ചെയ്യും.

കസ്റ്റഡിയില്‍ ചോദ്യം ചെയാന്‍ ഇ.ഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ,മന്ത്രിയും ഭാര്യയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്. പിന്നാലെ ഇ.ഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, മന്ത്രിയെ 12 വരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കി. ജൂണ്‍ 14 നു അറസ്റ്റ് ചെയ്‌തെങ്കിലും, ഇതുവരെ ഇ.ഡിക്ക് മന്ത്രിയെ ചോദ്യം ചെയാന്‍ കഴിഞ്ഞിരുന്നില്ല.

സ്റ്റാലിന്‍ മന്ത്രിസഭയെ പിടിച്ചുകുലുക്കിയ മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ നാടകീയ സംഭവങ്ങളാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. അറസ്റ്റിന് പിന്നാലെ സെന്തില്‍ ബാലാജിയെ ഹൃദ്രോഗത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ പുഴല്‍ ജയിലിലേയ്ക്ക് കോടതി നിര്‍ദേശപ്രകാരമാണ് മാറ്റിയത്. ഇതിനിടയില്‍ ഇ ഡി ചോദ്യം ചെയ്യലിനുള്ള ശ്രമമാരംഭിച്ചിരുന്നു. എന്നാല്‍ ഇ ഡിയ്ക്ക് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്ന് കാണിച്ച് സെന്തില്‍ ബാലാജിയുടെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി കോടതി തള്ളി. സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഇഡിയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച ചെന്നൈ സെഷന്‍സ് കോടതി 12 വരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ 14-നാണ് തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രിയായ സെന്തില്‍ ബാലാജിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഡിഎംകെയിലേയ്ക്ക് ചേക്കേറുന്നതിന് മുന്‍പ് ജയലളിത മന്ത്രിസഭയിലെ അഴിമതിക്കേസിലായിരുന്നു നടപടി. അക്കാലത്ത് ഗതാഗത മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി വകുപ്പില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, ജൂനിയര്‍ ട്രേഡ്സ്മാന്‍, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഞ്ചിനീയര്‍ തുടങ്ങിയ തസ്‌കകളില്‍ നിയമനം നല്‍കുന്നതിന് അനധികൃതമായി പണം കൈപ്പറ്റിയതായാണ് കേസ്. മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന ഗതാഗത സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാരുമായി അദ്ദേഹം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News