ശമ്പളത്തിൽ വർദ്ധന ആവശ്യപ്പെട്ട് പി.എസ്.സി ചെയർമാനും അംഗങ്ങളും

In Editors Pick, Special Story
October 22, 2023

തിരുവനന്തപുരം: പി.എസ്.സി നിയമനം 60 ശതമാനത്തോളം കുറയുമ്പോഴും ശമ്പളത്തിൽ ലക്ഷങ്ങളുടെ വർദ്ധന ആവശ്യപ്പെട്ട് ചെയർമാനും അംഗങ്ങളും.ചെയർമാന് 4 ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും നൽകണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ധനവകുപ്പ് തീരുമാനം എടുത്തിട്ടില്ല. നിലവിൽ ചെയർമാന് 2.26 ലക്ഷവും അംഗങ്ങൾക്ക് 2.23 ലക്ഷവും ആണ് ശമ്പളം.

പി. എസ്. സി വിജ്ഞാപനങ്ങളും റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളും ഓരോ വർഷവും കുറയുമ്പോഴാണ് ഇവർ ശമ്പള വർദ്ധന ആവശ്യപ്പെടുന്നത്. കേന്ദ്ര നിരക്കിൽ ഡി.എയും സെൻട്രൽ ജുഡിഷ്യൽ കമ്മിഷൻ അംഗങ്ങളുടെ അലവൻസുകളും വേണമത്രേ. സാമ്പത്തിക പ്രതിസന്ധി കാരണം ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കാൻ ധനവകുപ്പ് തയ്യാറായിട്ടില്ല.

രാജ്യത്ത് ഏറ്റവും കൂടുതൽ പി.എസ്.സി അംഗങ്ങൾ കേരളത്തിലാണ്. 21 പേർ. സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (എം), എൻ.സി.പി എന്നിവരുടെ പ്രതിനിധികളാണ് നിലവിൽ പി.എസ്.സി മെമ്പർമാർ.

നിലവിൽ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും മെമ്പർമാരുടേത് 70,000 രൂപയും ആണ്. ബത്തകൾ ചേരുമ്പോൾ ചെയർമാന്റെ മൊത്തം ശമ്പളം 2.26 ലക്ഷമാണ്. കൂടാതെ കാറും ഫ്ലാറ്റും. വർദ്ധന വന്നാൽ അടിസ്ഥാന ശമ്പളം ചെയർമാന് 2.24 ലക്ഷവും മെമ്പർമാർക്ക് 2.19 ലക്ഷവും ആയി ഉയരും. ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ ചെയർമാന് 4 ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും ശമ്പളം ലഭിക്കും. പെൻഷനും വർദ്ധിക്കും – ചെയർമാന് 2.50 ലക്ഷവും അംഗങ്ങൾക്ക് 2.25 ലക്ഷവും ലഭിക്കും. നിലവിൽ 1.25 ലക്ഷമാണ് ചെയർമാന്റെ പെൻഷൻ. അംഗങ്ങൾക്ക് 1.20 ലക്ഷവും.

നിലവിൽ ചെയർമാന്റെയും അംഗങ്ങളുടെയും വാർഷിക ശമ്പളം 5.59കോടിയാണ്. വർദ്ധന അംഗീകരിച്ചാൽ 9.48 കോടിയാവും.ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യങ്ങളും ചെയർമാനും അംഗങ്ങൾക്കുമുണ്ട്. കുടുംബാംഗങ്ങളുടെ ചികിൽസ ഉൾപ്പെടെ സൗജന്യം.