മൂന്നാര്‍: ഓണാവധി ആഘോഷിക്കാനായി മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ തിരക്ക്. സെപ്റ്റംബര്‍ മൂന്ന് വരെ മൂന്നാറിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മുറികള്‍ പൂര്‍ണമായി ഇതിനോടകം സഞ്ചാരികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഓണദിനത്തില്‍ പ്രധാന റിസോര്‍ട്ടുകളിലെല്ലാം ഓണസദ്യയുണ്ടായിരുന്നു. കൂടാതെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ഫ്‌ലവര്‍ ഗാര്‍ഡന്‍, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹൈഡല്‍ പാര്‍ക്ക്, പഴയ മൂന്നാര്‍ ഡിടിപിസിയുടെ കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ സന്ദര്‍ശകരുടെ തിരക്ക് ആരംഭിച്ചു.
ഓണക്കാലത്തെ സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും അക്രമങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി ടൗണ്‍ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. മൂന്നാര്‍ സബ് ഡിവിഷനു കീഴിലുള്ള വിവിധ സ്റ്റേഷനുകള്‍, പൊലീസ് ക്യാംപ് എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്‌പെഷല്‍ ഡ്യൂട്ടിക്കായി നിയമിച്ചിരിക്കുന്നത്. മഴ മാറി നില്‍ക്കുന്ന മൂന്നാറില്‍ പകല്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
20 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പകല്‍ താപനില. രാത്രിയിലും പുലര്‍ച്ചെയും മാത്രമാണ് നേരിയ തണുപ്പ് ഉള്ളത്. 8 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പുലര്‍ച്ചെയുള്ള താപനില. എന്നാല്‍ വൈകുന്നേരങ്ങളില്‍ ഹെഡ് വര്‍ക്‌സ് ഡാം മുതല്‍ രണ്ടാം മൈല്‍ വരെയുള്ള ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ്.