മുകേഷ് അംബാനി ലോക സമ്പന്നരില്‍ ആദ്യ പത്തില്‍

In Editors Pick, ഇന്ത്യ
February 22, 2024

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നരായ ആദ്യ പത്തിലേക്ക് തിരികെയെത്തി ഇന്ത്യന്‍ ബിസിനസുകാരനായ മുകേഷ് അംമ്പാനി. ആസ്തി 114 ബില്യണ്‍ ഡോളറില്‍ അതായത് ഏകദേശം 9.45 ലക്ഷം കോടി രൂപയിലേക്ക് എത്തിയതോടെയാണ് മുകേഷ് അമ്പാനി പട്ടികയിലേക്ക് തിരികെ വന്നത്. ഫോര്‍ബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടികയാണ് ഈ വിവരം പങ്കുവെച്ചതെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇതോടെ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ആദ്യ പത്തില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഫ്രഞ്ച് ശതകോടീശ്വരനും ലൂയി വിറ്റണ്‍ മൊയ്റ്റ് ഹെന്നസി (എല്‍വിഎംഎച്ച്) സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ഈ പട്ടികയില്‍ ഒന്നാമത്.

അര്‍നോള്‍ട്ടിന്റെ ആസ്തി 222 ബില്യണ്‍ ഡോളറാണ്, അതായത് ഏകദേശം 18.60 ലക്ഷം കോടി രൂപയാണ്. ടെസ്ല സിഇഒ എലോണ്‍ മസ്‌കാണ് 16.74 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി രണ്ടാം സ്ഥാനത്ത്. മുകേഷ് അംബാനിയുടെ ആസ്തി 36 ബില്യണ്‍ ഡോളറില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് 114 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതായത് അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വത്തിലുണ്ടായത് 200 ശതമാനത്തിന്റെ വര്‍ധനവാണ്.