ആണധികാരത്തിന്റെയും കാപട്യത്തിന്റെയും ആട്ടം

ഡോ.ജോസ് ജോസഫ്


തീയേറ്റര്‍ റിലീസിനു മുമ്പെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ആട്ടം.ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചല്‍സില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ആട്ടം 2023 ഐ എഫ് എഫ് കെയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ്പാക്ക് അവാര്‍ഡും നേടിയിരുന്നു.

 

തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ആനന്ദ് ഏകര്‍ഷിയുടെ അരങ്ങേറ്റ ചിത്രമാണ് ആട്ടം. രചനയും സംവിധാനവും ആനന്ദ് ഏകര്‍ഷി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. തീയേറ്റര്‍ പശ്ചാത്തലത്തിലുള്ള ആട്ടത്തിലെ 13 പ്രമുഖ അഭിനേതാക്കളില്‍ വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെ 11 പേരും ലോകധര്‍മ്മി തീയേറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളാണ്.കലാഭവന്‍ ഷാജോണ്‍ ,നായികയായ സറിനുമാണ് നാടക പശ്ചാത്തലത്തിനു പുറത്തു നിന്നുമുള്ളവര്‍.നടന്മാര്‍ക്കു വേണ്ടി വികസിപ്പിച്ചെടുത്ത തിരക്കഥയാണ് ആട്ടത്തിന്റേത്.കളിയുടെ ആദ്യവസാനം അതിന്റെ മേന്മ കാണാം.

 

തീയേറ്ററും നാടക നടീ നടന്മാരും പശ്ചാത്തലമായുള്ള ഒരു തീയേറ്റര്‍ സസ്‌പെന്‍സ് ഡ്രാമയാണ് ആട്ടം. നാടകവും അതിലെ അഭിനേതാക്കളും പശ്ചാത്തലമായി മലയാളത്തില്‍ ഇറങ്ങിയ ആദ്യത്തെ ക്ലാസിക് ചിത്രമായിരുന്നു യവനിക.കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനികയിലെ തബലിസ്റ്റ് അയ്യപ്പനും സബ് ഇന്‍സ്‌പെക്ടര്‍ ജേക്കബ്ബ് ഈരാളിയുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഓര്‍മ്മയിലുണ്ട്. യവനിക പുറത്തിറങ്ങി 42 വര്‍ഷങ്ങള്‍ക്കു ശേഷം നാടക പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന മറ്റൊരു ക്ലാസിക് തീയേറ്റര്‍ സിനിമയാണ് ആട്ടം. രണ്ടു സിനിമകളിലും കുറ്റകൃത്യത്തിന്റെ അന്വേഷണമാണ് നടക്കുന്നതെങ്കിലും യവനികയുടെ കാലത്തില്‍ നിന്നുമുള്ള മാറ്റം ആട്ടത്തിന്റെ വിഷയാവതരണത്തില്‍ കാണാം. ആണധികാരത്തിന്റെ അഹന്ത, പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ്, സ്ത്രീ പുരുഷ ദ്വന്ദം തുടങ്ങിയ വിഷയങ്ങളെല്ലാം ആട്ടത്തിന്റെ തിരക്കഥയില്‍ സമര്‍ത്ഥമായി വിളക്കി ചേര്‍ത്തിരിക്കുന്നു.

 

 

ആട്ടത്തിന്റെ തുടക്കവും അവസാനവും നാടക അവതരണത്തോടെയാണ്. കഥ മുന്നോട്ടു പോകുമ്പോള്‍ പ്രേക്ഷകന്റെ കണക്കുകൂട്ടലുകളും മുന്‍വിധികളും തെറ്റിച്ചു കൊണ്ട് കഥാപാത്രങ്ങളുടെ സ്വഭാവ വിശേഷങ്ങളും പരിണാമത്തിനു വിധേയമാകുന്നു. സത്യത്തിനും കള്ളത്തിനുമിടയിലുള്ള അതിരുകള്‍ അവ്യക്തമാകും.13 പേരാണ് ആട്ടത്തിലെ നാടക ഗ്രൂപ്പായ അരങ്ങിലെ അംഗങ്ങള്‍. നായികയായ അജ്ഞലിയാണ് (സറിന്‍ ഷിഹാബ്) ഗ്രൂപ്പിലെ ഏക വനിത.ഗ്രൂപ്പിലെ അംഗങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ യവനികയുടെ കാലഘട്ടത്തില്‍ നിന്നും ഏറെയൊന്നും മാറിയിട്ടില്ല. കടുത്ത ജീവിത പ്രാരാബ്ധ ക്കാരാണ് മിക്കവരും.അവരില്‍ സ്ത്രീ വിരുദ്ധയായ ക്ഷേത്രം പൂജാരിയും പ്ലംബിംഗും ടൈല്‍ പണിയും പെയിന്റിംഗും നടത്തുന്നവരും ഗ്യാസ് സ്റ്റേഷന്‍ അറ്റന്‍ഡറും ഷെഫുമെല്ലാമുണ്ട്.

മാസം 8000- 10000 രൂപയൊക്കെ കിട്ടുന്നത് അവര്‍ക്ക് വലിയ തുകയാണ്. മുന്‍ പത്രക്കാരനായ മദനും സിനിമക്കാരനായ നായകന്‍ ഹരിയുമാണ് (കലാഭവന്‍ ഷാജോണ്‍) ഭേദപ്പെട്ട ജീവിതം നയിക്കുന്നവര്‍. നാടക കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അവരെയെല്ലാം ഗ്രൂപ്പില്‍ എത്തിച്ചത്. വിനയ് യും (വിനയ് ഫോര്‍ട്ടും) അജ്ഞലിയും ഒരേ സമയത്ത് ട്രൂപ്പില്‍ എത്തിയവരാണ്.

ഫൈന്‍ ആര്‍ട്‌സ് ഹാളിലെ നാടകാവതരണത്തിനു ശേഷം ആസ്വാദകരായ രണ്ടു വിദേശികള്‍ ഗ്രൂപ്പിനെ സല്‍ക്കാരത്തിന് ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് ക്ഷണിക്കുന്നു. അവിടെ ആഘോഷങ്ങള്‍ക്കു ശേഷം രാത്രി രണ്ടരയ്ക്ക് അജ്ഞലി കുറ്റകൃത്യത്തിന് വിധേയയാക്കപ്പെടുന്നു.മാനസ്സികമായി തകര്‍ന്ന അജ്ഞലിക്കു വേണ്ടി ഗ്രൂപ്പിലെ മദനെ വിവരം അറിയിക്കുന്നത് വിനയ് ആണ്. അജ്ഞലിയും വിനയ്യും തമ്മില്‍ അവിഹിത ബന്ധമുണ്ട്.ബന്ധം പരസ്യമാക്കാന്‍ വിനയ്യിന് താല്പര്യമില്ല. വിനയ്യും അജ്ഞലിയുമായുള്ള ദ്വന്ദം സങ്കീര്‍ണ്ണമാണ്. വിനയ്യിന്റെ വിവാഹത്തിനും നാലു വര്‍ഷം മുമ്പെ തുടങ്ങിയ ബന്ധമാണത്.വിവാഹ മോചനത്തിനുള്ള തയ്യാറെടുപ്പിലാണ് വിനയ്.നാടകത്തില്‍ വിനയ് അവതരിപ്പിച്ചിരുന്ന നായക വേഷം സിനിമയില്‍ നിന്നു വന്ന ഹരി തട്ടിയെടുത്തതിന്റെ കടുത്ത അമര്‍ഷത്തിലാണ് വിനയ്. അജ്ഞലിയുടെ ലൈംഗിക ആരോപണത്തിന്റെ മുന നീളുന്നത് ഹരിക്കു നേരെയാണ്.

ആട്ടത്തിന്റെ ആദ്യവും അവസാനവും നാടകത്തിലെ കഥാപാത്രങ്ങള്‍ മുഖംമൂടി വെച്ചവരാണ്. പുരുഷന്മാരണിഞ്ഞ നേര്‍ത്ത മുഖം മൂടിയാണ് പുരോഗമനവും സദാചാരവും.പുരുഷ കഥാപാത്രങ്ങളോട് ആദ്യം അനുഭാവം തോന്നുമെങ്കിലും പകല്‍ മാറി രാത്രിയാകുമ്പോഴേക്കും അതു മാറുന്നു. ആദ്യാവസാനം മുഖംമൂടി ഇല്ലാതെ പ്രേക്ഷകര്‍ക്ക് ഒപ്പം നേരെ നില്‍ക്കുന്ന ഒരേ ഒരു കഥാപാത്രം അജ്ഞലിയാണ്.ഗ്രൂപ്പിലെ 13 പേരും 13 വ്യത്യസ്ത വീക്ഷണത്തിലൂടെയാണ് കുറ്റകൃത്യത്തെ നോക്കി കാണുന്നത്. കുറ്റവിചാരണ പുരോഗമിക്കുമ്പോള്‍ ആണ്‍ കഥാപാത്രങ്ങളുടെ വിശ്വാസ്യത തകര്‍ന്നു വീഴുന്നു. ആരു വേണമെങ്കിലും കുറ്റവാളിയാകാം.എല്ലാവരും തുല്യ ഉത്തരവാദികളുമായി മാറുന്നു. അജ്ഞലിക്കെതിരായ അതിക്രമത്തില്‍ ആദ്യമെല്ലാം ഗ്രൂപ്പിലെ പുരുഷ അംഗങ്ങള്‍ ധാര്‍മ്മിക രോഷം കൊള്ളുന്നു.എന്നാല്‍ പുതിയ സൗഭാഗ്യം കൈവരുമെന്നായപ്പോള്‍ നിലപാട് മാറുന്നു.

പുതിയ സൗഭാഗ്യങ്ങള്‍ കൈവരുമെങ്കില്‍ സത്യസന്ധതയും ധാര്‍മ്മികതയും പുരോഗമനത്തിന്റെ മുഖം മൂടിയും ഉപേക്ഷിച്ച് അവസാനം അവസരവാദികളായി മാറാന്‍ പ്രേരിപ്പിക്കുന്ന സങ്കീര്‍ണ്ണമായ പുരുഷ സമൂഹ മനശാസ്ത്രം ആട്ടം ചര്‍ച്ച ചെയ്യുന്നുണ്ട്. ഗ്രൂപ്പുകളിലെ ആണത്ത മേധാവിത്വവും ആണധികാര അഹന്തയും കാപട്യവും ഇരകളായ വനിതകളുടെ നീതിയ്ക്കു വേണ്ടിയുളള രോദനത്തെ സമര്‍ത്ഥമായി ഹൈജാക്ക് ചെയ്യുന്നതും കാണാം. അജ്ഞലി പരാതി നല്‍കാന്‍ വൈകിയതും പരസ്യമായി മദ്യപിച്ചതുമെല്ലാം ഗ്രൂപ്പ് കുറ്റവിചാരണയിലേക്ക് വലിച്ചിട്ടത് ഈ ഹൈജാക്കിംഗിന്റെ ഭാഗമാണ്. ആണ്‍ കൂട്ടത്തിന്റെ സദാചാര വിചാരണയില്‍ അവളുടെ വസ്ത്ര ധാരണ രീതിയും അവിഹിത ബന്ധവുമെല്ലാം അവള്‍ക്കെതിരായി വ്യാഖ്യാനിക്കപ്പെടുന്നു.

വിനയ് ഫോര്‍ട്, കലാഭവന്‍ ഷാജോണ്‍ സറിന്‍ ഷിഹാബ് എന്നിവരൊഴികയുള്ളവര്‍ പുതുമുഖങ്ങളായതിന്റെ മെച്ചം ആട്ടത്തിന്റെ ആദ്യാവസാനം കാണാം. വിനയ് ഫോര്‍ട്ടിന്റെയും സറിന്റെയും പ്രകടനം മികച്ചതാണ്.ബഹുതല സ്പര്‍ശിയാണ് ആട്ടത്തിന്റെ തിരക്കഥ. യഥാര്‍ത്ഥ കുറ്റവാളി ആരെന്ന സംശയം പ്രേക്ഷകരില്‍ നിലനിര്‍ത്തിയത് തിരക്കഥയുടെ വിജയമാണ്.140 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നാടക നടപടി ക്രമം ഒട്ടും അരോചകമല്ലാതെ സമര്‍ത്ഥമായി രചിച്ചിരിക്കുന്നു. ആട്ടത്തില്‍ സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ പ്രതിഭയുടെ മിന്നലാട്ടം ദര്‍ശിക്കാം. ആദ്യ സംവിധാന സംരംഭമാണെന്ന് തോന്നുകയെ ഇല്ല. ബേസില്‍ സി ജെ യാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം സംഗീതത്തെ അമിതമായി ആശ്രയിക്കുന്നില്ല. അനിരുദ്ധ് അനീഷിന്റെ ക്യാമറയും മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗും അനീസ് നാടോടിയുടെ കലാസംവിധാനവും മികച്ചതാണ്.

 


(കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര
കാര്‍ഷിക കോളേജ് മുന്‍ പ്രൊഫസറാണ് ലേഖകന്‍)