മെഡൽ നേട്ടം ; സംസ്ഥാന സർക്കാരിന്റെ പേരിൽ ഒരാൾ പോലും വിളിച്ചില്ല

In Editors Pick, Special Story
October 13, 2023

കൊച്ചി: ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി മടങ്ങിയെത്തിയ തന്നെ അനുമോദിക്കാൻ ആകെ വീട്ടിലെത്തിയത് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് മാത്രമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. മെഡൽ നേട്ടത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ പേരിൽ ഒരാൾ പോലും വിളിച്ചില്ല. എന്തിനേറെ പറയുന്നു ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നിട്ടില്ലെന്നും ശ്രീജേഷ് പറഞ്ഞു.

‘ബംഗാൾ ഗവർണർ മാത്രമാണ് വീട്ടിലെത്തിയത്. അദ്ദേഹം വന്നതിൽ സന്തോഷമുണ്ട്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സർക്കാരിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല. അപ്പോൾ അത്രമാത്രം പ്രതീക്ഷിച്ചാൽ മതിയല്ലോ. ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവർ നോക്കുമ്പോൾ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയാൽ പോലും നാട്ടിൽ വലിയ വിലയൊന്നുമില്ല. ഈ ചിന്താഗതി വരുമ്പോൾ അതവരെ എത്രത്തോളം നിരുത്സാഹപ്പെടുത്തും എന്ന് ചിന്തിച്ചാൽ മതി. ഹരിയാന സർക്കാർ മൂന്ന് കോടി രൂപയാണ് ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാക്കൾക്ക് കൊടുക്കുന്നത്. ‘- ശ്രീജേഷ് പറഞ്ഞു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് കഴിഞ്ഞ ദിവസം ഹോക്കി ടീമിലെ സഹതാരമായ അമിത് രോഹിദാസിനെ സന്ദര്‍ശിച്ചപ്പോള്‍ ഒന്നരകോടി രൂപയുടെ ചെക്ക് അപ്പോള്‍ തന്നെ കൈയില്‍ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെ ആണ് അവരുടെ പ്രചോദനമെന്നും ശ്രീജേഷ് പറഞ്ഞു.

ഫൈനലില്‍ ജപ്പാനെ തകര്‍ത്താണ് ഇന്ത്യ സ്വർണ മെഡൽ നേടിയത്. ജപ്പാന്റെ നിര്‍ണായക ഷോട്ടുകള്‍ തടഞ്ഞിട്ട് ശ്രീജേഷ് പുറത്തെടുത്ത കരുത്തുറ്റ പ്രകടനമാണ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജപ്പാനെ തകര്‍ക്കാന്‍ ഇന്ത്യക്ക് സഹായകമായത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനായിരുന്നു.