ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരം ബില്‍

In Editors Pick, ഇന്ത്യ
August 02, 2023

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിനൊപ്പം ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിയൊരുക്കിയ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിറുത്തിവച്ച ശേഷം സഭ 12 മണിക്ക് ചേര്‍ന്നപ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിദ്ധ്യത്തില്‍ സഹമന്ത്രി നിത്യാനന്ദ റായിയാണ്ബില്‍ അവതരിപ്പിച്ചത്.

മണിപ്പൂര്‍ വിഷയത്തില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങി ബില്‍ അവതരണത്തെ എതിര്‍ത്തു. ഫെഡറല്‍ സംവിധാനത്തെ കുഴിച്ചുമൂടുന്നതാണ് ബില്ലെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നും കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ബില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതികരിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നതായി അറിയിച്ചു. കോണ്‍ഗ്രസ് എം.പി ശശി തരൂര്‍, ഡി.എം.കെ എം.പി ടി.ആര്‍. ബാലു എന്നിവരും എതിര്‍ത്തു. തുടര്‍ന്ന് ശബ്ദവോട്ടോടെ ബില്‍ അവതരണത്തിന് സഭ അനുമതി നല്‍കി. തുടര്‍ന്ന് പ്രതിപക്ഷ എം.പിമാര്‍ ‘അയ്യേ നാണക്കേട്’ എന്ന് ബഹളം വച്ചു. നടപടിയെടുക്കുമെന്ന് സ്പീക്കര്‍ ഓംബിര്‍ള മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹി സംസ്ഥാനവുമായി ബന്ധപ്പെട്ട് ഏത് നിയമവും പാസാക്കാന്‍ ഭരണഘടന പാര്‍ലമെന്റിന് അധികാരം നല്‍കിയിട്ടുണ്ടെന്ന് മറുപടി നല്‍കിയ അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റിന് ഏത് നിയമവും കൊണ്ടുവരാമെന്ന് സുപ്രീംകോടതിയും പറഞ്ഞു. എതിര്‍പ്പുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി,

ബി.ജെ.ഡി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് കക്ഷികള്‍ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ നിയമനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നിയന്ത്രണം ഉറപ്പാക്കുന്നതാണ് ഡല്‍ഹി ഓര്‍ഡിനന്‍സ്.