ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം: പ്രകോപനവുമായി ചൈന

ഹ്വാംഗ്‌ചോ: ചൈന ആതിഥ്യം വഹിക്കുന്ന ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കമാകുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് പ്രധാന വേദിയായ ഹ്വാംഗ്‌ചോ ഒളിമ്പിക് സ്‌പോര്‍ട്‌സ് സെന്ററിലെ ഉദ്ഘാടനച്ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉള്‍പ്പടെയുള്ള പ്രമുഖരെ പ്രതീക്ഷിക്കുന്നു.

44 സ്റ്റേഡിയങ്ങളിലായി രണ്ടാഴ്ച നീളുന്ന പോരാട്ടത്തില്‍ 45 രാജ്യങ്ങളിലെ 12,414 താരങ്ങള്‍ മാറ്റുരയ്ക്കും. ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലെ പ്രാഥമിക മത്സരങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. നാളെയോടെ സ്റ്റേഡിയങ്ങള്‍ സജീവമാകും. 27നാണ് അത്ലറ്റിക്‌സ് ആരംഭിക്കുന്നത്.

മാര്‍ച്ച് പാസ്റ്റില്‍ പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗും ഒളിമ്പിക് മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ വനിതാ ബോക്‌സര്‍ ലവ്ലിന ബോര്‍ഗോഹെയ്നുമാണ് ഇന്ത്യന്‍ പതാകയേന്തുക. അരുണാചലിലെ മൂന്ന് വനിതാ വുഷു താരങ്ങള്‍ക്ക് ചൈന വിസ നിഷേധിച്ചത് ഇന്ത്യന്‍ ക്യാമ്പില്‍ നിരാശപടര്‍ത്തി. നാളെയാണ് വുഷു ആരംഭിക്കുന്നത്. ഇന്ത്യ ഏറ്റവും കൂടുതല്‍ താരങ്ങളെ (652) അണിനിരത്തുന്ന ഗെയിംസാണിത്.

കൊവിഡ് കാരണം ഒരു വര്‍ഷം വൈകിയെങ്കിലും ചരിത്രത്തിലെ മികച്ച ഗെയിംസാക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയിലും നേടിയ വളര്‍ച്ച ചൈന ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി ഡിജിറ്റല്‍ ദീപം തെളിക്കും. ത്രീ ഡി അനിമേഷന്റെ സഹായത്തോടെ പുകയില്ലാത്ത ഡിജിറ്റല്‍ വെടിക്കെട്ടുമുണ്ടാകും.

ഇന്ത്യന്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറും പാര്‍ലമെന്റ് കമ്മിറ്റിക്കൊപ്പം വിദേശപര്യടനത്തിലായതിനാല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ല.