ജയ്പൂർ : രാജസ്ഥാനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നഗരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തി.
ഇവിടെ നിന്ന് 5 നാഗരികതകളുടെ തെളിവുകൾ ലഭിച്ചു .ഋഗ്വേദത്തിൽ പറയുന്ന സരസ്വതി നദിയുമായി ഇതിന് ബന്ധമുണ്ടെന്നും കരുതുന്നു.1700 വർഷം പഴക്കമുള്ള ഒരു അസ്ഥികൂടവും കിട്ടിയിട്ടുണ്ട്.
ഡീഗ് ജില്ലയിലെ ബഹാജ് ഗ്രാമത്തിൽ നടത്തിയ ഖനനത്തിൽ ആയിരം വർഷം പഴക്കമുള്ള ഒരു നഗരത്തിൻ്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഈ ഖനനത്തിൽ മഹാഭാരത കാലഘട്ടം, മൗര്യ, ശുങ്ക രാജവംശങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് പുരാതന നാഗരികതകളുമായി ബന്ധപ്പെട്ട ലോഹായുധങ്ങൾ, പ്രതിമകൾ, പാത്രങ്ങൾ എന്നിവ ലഭിച്ചു.
ഇവ കൂടാതെ, മൺതൂണുകൾ കൊണ്ടുള്ള പുരാതന കെട്ടിടങ്ങളും, ചൂളകളും, ഇരുമ്പ്, ചെമ്പ് എന്നിവ കൊണ്ടുള്ള വസ്തുക്കളും കിട്ടിയെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ജയ്പൂരിലെ ചീഫ് ആർക്കിയോളജിസ്റ്റ് വിനയ് ഗുപ്ത പറഞ്ഞു.
ചൂളകളും ലോഹവസ്തുക്കളും ആ കാലഘട്ടത്തിലെ ആളുകൾക്ക് ലോഹപ്പണിയിൽ എത്രമാത്രം വൈദഗ്ധ്യമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. എല്ലുകൾ കൊണ്ടുള്ള ഉപകരണങ്ങൾ, വിലയേറിയ കല്ലുകൾ, ശംഖ് വളകൾ എന്നിവ ഈ പ്രദേശത്തിന്റെ കരകൗശല വൈദഗ്ദ്ധ്യം സൂചിപ്പിക്കുന്നു.- അദ്ദേഹം വിശദീകരിച്ചൂ.
ഖനനത്തിൽ 23 മീറ്റർ താഴ്ചയുള്ള ഒരു പുരാതന നദീതട വ്യവസ്ഥ, അതായത് പാലിയോചാനൽ, കണ്ടെത്തി. പല ചരിത്രകാരന്മാരും ഇതിനെ ഋഗ്വേദത്തിൽ പരാമർശിച്ചിട്ടുള്ള പുരാണ സരസ്വതി നദിയുമായി ബന്ധപ്പെടുത്തുന്നു.
“പുരാതന ജലസംവിധാനം സരസ്വതി നദിയുടെ തീരത്ത് വളർന്നുവന്ന നാഗരികതയുടെ അടിസ്ഥാനമായിരുന്നു. പുരാതന ജലസംവിധാനം മനുഷ്യവാസത്തിന് എങ്ങനെ വഴിയൊരുക്കി എന്ന് പറയുന്ന, ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിലെ ആദ്യത്തെ മാതൃകയാണ് ഈ പാലിയോചാനൽ. മഥുരയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ബഹാജ് ഗ്രാമത്തിലെ ഈ കണ്ടെത്തൽ, സരസ്വതി തടത്തിലെ സാംസ്കാരിക പൈതൃകത്തെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി മാറിയിരിക്കുന്നു.”- ഗുപ്ത പറഞ്ഞു.
ഇതുകൂടാതെ, ഗുപ്ത കാലഘട്ടത്തിലെ (ഏകദേശം 1700 വർഷം മുൻപുള്ള) ഒരു മനുഷ്യൻ്റെ അസ്ഥികൂടവും ഖനനത്തിൽ കണ്ടെത്തി. ഇത് ഗവേഷണത്തിനായി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലും മെയ് മാസങ്ങളിലുമായി നടത്തിയ ഈ കണ്ടെത്തൽ, ബിസി 3500 മുതൽ ബിസി 1000 വരെ തഴച്ചുവളർന്ന വാസസ്ഥലങ്ങളുടെ സൂചനകൾ വെളിപ്പെടുത്തുന്നുണ്ട്.
ഖനനത്തിൽ ആരാധനയ്ക്കായി നിർമ്മിച്ച പുണ്യകുളങ്ങളായ 15 യജ്ഞകുണ്ഡങ്ങൾ, ബിസി 1000-ൽ കൂടുതൽ പഴക്കമുള്ള ശിവ-പാർവതിയുടെ ടെറാക്കോട്ട വിഗ്രഹങ്ങൾ എന്നിവയും കിട്ടി. ഇതുകൂടാതെ, മഹാജനപദ കാലഘട്ടത്തിലെ യജ്ഞകുണ്ഡങ്ങളിൽ നിന്ന് മണൽ നിറഞ്ഞ മണ്ണും ചെമ്പ് നാണയങ്ങളും ചെറിയ പാത്രങ്ങളിൽ കണ്ടെത്തി.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട്, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ഈ സ്ഥലത്തിൻ്റെ സംരക്ഷണം സംബന്ധിച്ച് മന്ത്രാലയം തീരുമാനമെടുക്കുമെന്ന് ഗുപ്ത അറിയിച്ചു.
“ഈ കണ്ടെത്തൽ ഇന്ത്യയുടെ പുരാതന ചരിത്രത്തിലെ പല തുറക്കാത്ത താളുകളും തുറക്കാൻ ഒരു അവസരം നൽകുന്നു. ഇത് സരസ്വതി നദിയുടെ നിഗൂഢത അനാവരണം ചെയ്യുക മാത്രമല്ല, നമ്മുടെ പൂർവ്വികരുടെ ശാസ്ത്രീയവും സാംസ്കാരികവുമായ പുരോഗതിയുടെ കഥയും പറയുന്നു.” – അദ്ദേഹം വിശദീകരിച്ചു.