ന്യൂഡല്‍ഹി: ശത്രുരാജ്യങ്ങളിൽ കൂടുതല്‍ ആഴത്തില്‍ നിരന്തര നിരീക്ഷണം നടത്താന്‍ 52 ഉപഗ്രഹങ്ങളുടെ വിക്ഷേപം വേഗത്തിലാക്കാന്‍ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി.
6,968 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണ് 52 പ്രതിരോധ ഉപഗ്രഹങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതില്‍ 21 എണ്ണം ഐഎസ്ആര്‍ഒ തന്നെ നിര്‍മിച്ച് വിക്ഷേപിക്കുന്നവയായിരിക്കും.
31 എണ്ണം മൂന്ന് ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ നിര്‍മിച്ചവയാകും. പ്രതിരോധ മന്ത്രാലയത്തിലെ ഇൻ്റെഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന് (ഐഡിഎസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സ്‌പേസ് ഏജന്‍സിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
ചൈനയുടെയും പാകിസ്താൻ്റെയും ഭൂപ്രദേശങ്ങളില്‍ വലിയൊരു പങ്കും ഇന്ത്യന്‍ സമുദ്രമേഖലയും നിരീക്ഷണപരിധിയില്‍ കൊണ്ടുവരാന്‍ ഇതുവഴി ഇന്ത്യയ്ക്കാവും. തുടര്‍ച്ചയായി നിരീക്ഷണം നടത്താനും ഉയര്‍ന്ന ഗുണമേന്മയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സാധിക്കും.
ഈ ഉപഗ്രഹങ്ങള്‍ക്ക് പുറമെ മൂന്ന് ഹാപ്‌സ് വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് വ്യോമസേന. ഈ ആളില്ലാ വിമാനങ്ങള്‍ക്ക് ദീര്‍ഘകാലം അന്തരീക്ഷത്തിൽ നിന്നുകൊണ്ട് നിരീക്ഷണം നടത്താനാവും.
റഷ്യയില്‍ നിന്ന് വാങ്ങിയ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വിപുലീകരിക്കാനും കേന്ദ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇതിൻ്റെ മികവ് ബോധ്യമായിരുന്നു. പാകിസ്താന്‍ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ നട്ടെല്ലായി പ്രവര്‍ത്തിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400.
ഇതിനെ സുദര്‍ശന്‍ ചക്ര എന്നാണ് പേരിട്ടിരിക്കുന്നത്. കരാര്‍ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകള്‍ കൂടി റഷ്യയില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. എസ്-400 ന് പുറമെ റഷ്യയില്‍ നിന്ന് ഇതിൻ്റെ ആധുനികവും ശക്തവുമായ എസ്-500 സംവിധാനം വാങ്ങാനുള്ള പദ്ധതിയുമായി വ്യോമസേന
മുന്നോട്ടുപോവുകയാണ്.