ഡോ ജോസ് ജോസഫ്
നാസ്തികനായിരുന്ന തിന്നൻ എന്ന വീരയോദ്ധാവ് കണ്ണപ്പ എന്ന പരമശിവ ഭക്തനായി മാറിയ കഥ പറയുന്ന ഭക്തി ചിത്രമാണ് വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ.
തെലുങ്കിലെ പോയകാല സൂപ്പർ സ്റ്റാറായ മോഹൻ ബാബു നിർമ്മിച്ച കണ്ണപ്പയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് അദ്ദേഹത്തിൻ്റെ മകനും ചിത്രത്തിലെ നായകനുമായ വിഷ്ണു മഞ്ചുവാണ്. ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രമായും മോഹൻ ബാബു വേഷമിടുന്നു.
അച്ഛനും മകനുമൊപ്പം ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ, മലയാളം സൂപ്പർ സ്റ്റാർ മോഹൻ ലാൽ, തെലുങ്ക് റിബൽ സ്റ്റാർ പ്രഭാസ്, തമിഴ് സുപ്രീം സ്റ്റാർ ശരത് കുമാർ എന്നിവരും ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പീരിയഡ് ആക്ഷൻ ഡ്രാമയാണെങ്കിലും പുണ്യപുരാണ ഭക്തി ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രത്യേക വിഭാഗം പ്രേക്ഷകരെയാണ് ചിത്രം ലക്ഷ്യമിടുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപമുള്ള ശ്രീകാളഹസ്തി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഭക്ത കണ്ണപ്പയുടെ ജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
മുകേഷ്കുമാർ സിംഗാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് .1976-ൽ തെലുങ്കിൽ കണ്ണപ്പയുടെ ശിവഭക്തി ഉയർത്തിക്കാട്ടുന്ന ഭക്തകണ്ണപ്പ എന്ന ചിത്രം ഇറങ്ങിയിരുന്നു. സ്റ്റാർ പവർ കുത്തിനിറച്ച് വിശാലമായ ക്യാൻവാസ്സിലാണ് 50 വർഷങ്ങൾക്കു ശേഷം രണ്ടാമത്തെ കണ്ണപ്പ എത്തുന്നത്.
പതിനാറാം നൂറ്റാണ്ടിൽ മഹാകവി ധൂര്‍ജതി രചിച്ച ശ്രീകാളഹസ്തി മഹത്വത്തേയും പതിമൂന്നാം നൂറ്റാണ്ടിലെ ബസവ പുരാണത്തേയും നാടോടിക്കഥകളെയും അടിസ്ഥാനമാക്കി ഭാവനയും ഫാൻ്റസിയും കൂട്ടിച്ചേർത്താണ് കണ്ണപ്പയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കഥയിലെ ശിവലീലകൾ പ്രേക്ഷകർക്ക് വ്യാഖ്യാനിക്കാൻ ചിത്രത്തിലുടനീളം പരമശിവനും (അക്ഷയ് കുമാർ)ശ്രീ പാർവ്വതിയും (കാജൽ അഗർവാൾ) ചിത്രത്തിൻ്റെ ആദ്യാവസാനം പ്രത്യക്ഷപ്പെടുന്നു.
ആരണ്യ വാസികളായ അഞ്ച് ഗ്രാമങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. അതിൽ ഒരു ഗ്രാമത്തിലെ ഗ്രാമമുഖ്യനായ നാഥനാഥൻ്റെ (ശരത് കുമാർ) മകനാണ് തിന്നൻ (വിഷ്ണു മഞ്ചു). നിരീശ്വരവാദി,യോദ്ധാവ്, ശിവഭക്തൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള തിന്നൻ്റെ ജീവിതയാത്രയുടെ കഥയാണ് മൂന്ന് മണിക്കൂർ കൊണ്ട് ചിത്രം പറയുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേക്ക് ഈ ചിത്രം മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ദേശത്തെ ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ ദേവി പ്രീതിക്കായി നരബലി നടത്തുന്ന പതിവുണ്ടായിരുന്നു തിന്നൻ്റെ ഗ്രാമത്തിൽ.പൂജാരിണി മാരമ്മയാണ് (ഐശ്വര്യ ഭാസ്ക്കരൻ) നരബലിക്കുള്ള ഇരകളെ നാരങ്ങയെറിഞ്ഞ് തെരഞ്ഞെടുക്കുന്നത്. ഒരിക്കൽ ബാലനായ തിന്നന് നരബലിയിലൂടെ തൻ്റെ കളിക്കൂട്ടുകാരനെ നഷ്ടപ്പെടുന്നു.
അതോടെ തിന്നൻ തികഞ്ഞ ദൈവനിഷേധിയായി മാറി. ദൈവമില്ല. കല്ല് വെറും കല്ലാണ്. കല്ലിലെ പ്രതിഷ്ഠയെ ആരാധിക്കേണ്ടതില്ല എന്നായിരുന്നു തിന്നൻ്റെ നിലപാട്.
25 വർഷം കഴിയുമ്പോൾ തിന്നൻ ലക്ഷണമൊത്ത ധീരയോദ്ധാവായി വളർന്നു.ഇതിനിടയിൽ അയൽ ഗ്രാമത്തിലെ പന്നഗയുടെ(മധുബാല)മകൾ നെമലിയുമായി( പ്രീതി മുകുന്ദൻ ) പ്രണയത്തിലായി തിന്നൻ. പാരമ്പര്യമനുസരിച്ച് ആയോധന കലകൾ അഭ്യസിച്ച് ഗ്രാമത്തിലെ അടുത്ത റാണിയാകേണ്ടവളാണ് നെമലി.എന്നാൽ തികഞ്ഞ ശിവഭക്തയായ അവൾ ഭക്തിലഹരിയിലാണ്.
വായു ലിംഗത്തെ അവൾ എന്നും സ്വപ്നം കാണും. അഗസ്ത്യകുല ജാതനായ മഹാദേവ ശാസ്ത്രികൾക്ക് (മോഹൻ ബാബു) മാത്രമെ വായുലിംഗ പ്രതിഷ്ഠയെ സന്ദർശിക്കാനും പൂജ നടത്താനും അവകാശമുള്ളു. വായു ലിംഗത്തിൻ്റെ സംരക്ഷണം ആരണ്യവാസികളായ അഞ്ച് ഗ്രാമങ്ങളുടെയും കൂട്ടുത്തരവാദിത്വമാണ്.
ഇടവേളക്ക് തൊട്ടുമുമ്പും ഇടവേള കഴിഞ്ഞ് അല്പനേരവും മോഹൻ ലാലിൻ്റെ കിരാതൻ എന്ന കഥാപാത്രത്തെ കാണാം. ദ്വാപരയുഗത്തിൽ തപസ്സിരിക്കുന്ന കിരീടിക്കു മുമ്പിൽ കിരാത വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന പരമ ശിവൻ അടുത്ത ജന്മത്തിലെ കർമ്മബന്ധനങ്ങളിൽ നിന്ന് മോചനമുള്ളു എന്ന് അറിയിക്കുന്നു.
എന്നാൽ അർജുനൻ അടുത്ത ജന്മത്തിൽ ഒരു തവണയെങ്കിലും മനസ്സിരുത്തി ” ശിവനെ ‘ എന്ന് വിളിച്ചിരിക്കണം. എങ്കിൽ മാത്രമെ മോക്ഷപ്രാപ്തിയുണ്ടാവുകയുള്ളു. കലിയുഗത്തിൽ അർജുനൻ്റെ പുനർജന്മമാണ് വീരയോദ്ധാവായ തിന്നൻ.ബാഹുബലിയിലെ കാലകേയനെപ്പോലെ ആക്രമണത്തിനും വായു ലിംഗ മോഷണത്തിനുമായി കണ്ണപ്പയിൽ എത്തുന്നത് കാലമുഖനാണ് (അർപിത് രങ്ക). എന്നാൽ യുദ്ധരംഗങ്ങൾ ബാഹുബലിയിലേതു പോലെ ആകർഷകമല്ല.
മഹാശിവരാത്രി ദിവസം അറിയാതെ തിന്നൻ ശിവപൂജകളെല്ലാം പൂർത്തിയാക്കുന്നുണ്ടെങ്കിലും ശിവനെ വിശ്വാസ പൂർവ്വം വിളിക്കുന്നില്ല. കഥയുടെ ഗതി മാറ്റുന്നത് മഹാശിവരാത്രിയിൽ പരമശിവൻ്റെ നിയോഗ പ്രകാരം തിന്നൻ്റെ സമീപമെത്തുന്ന രുദ്ര ദേവനാണ് (പ്രഭാസ്). തിന്നനും മഹാദേവ ശാസ്ത്രികൾക്കുമൊപ്പമുള്ള രുദ്രൻ്റെ രംഗങ്ങൾ കൂടുതൽ ആകർഷകമാണ്.ഇത് ചിത്രത്തിൻ്റെ ആത്മീയാന്വേഷണത്തിൻ്റെ ആഴവും കൂട്ടുന്നു.
തിന്നൻ്റെ ആത്മീയ പരിവർത്തനത്തിനു ശേഷമുള്ള ക്ലൈമാക്സിന് വൈകാരിക സ്പർശം നൽകുന്നതിൽ സംവിധായകൻ വിജയിച്ചു. എന്നാൽ ഈ രംഗങ്ങൾ ഹ്രസ്വമാണ്. തിന്നനും അച്ഛനുമായും തിന്നനും നെമലിയുമായുമുള്ള വൈകാരിക ബന്ധങ്ങളും അധികം ആഴത്തിലേക്ക് പോയിട്ടില്ല.
മഹാദേവ ശാസ്ത്രി വായു ലിംഗത്തിന് പട്ടും പൂക്കളുമായി അർച്ചന നടത്തുമ്പോൾ തിന്നൻ പൂജയ്ക്ക് ഉപയോഗിക്കുന്നത് വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെ മാംസ ഭാഗങ്ങളാണ്. പൂജകളിലെ ഈ വൈജാത്യവും ആഴത്തിൽ ചർച്ച ചെയ്തിട്ടില്ല.
കഥ നടക്കുന്നത് ആന്ധ്രയിൽ തിരുപ്പതിക്ക് അടുത്താണെങ്കിലും ചിത്രത്തിൻ്റെ ലൊക്കേഷൻ ന്യൂസിലാൻ്റാണ്. ഹരിത ഭംഗി നിറഞ്ഞ വനപശ്ചാത്തലം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും കഥ നടന്ന സാംസ്ക്കാരിക ഭൂമികയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ചിത്രീകരണത്തിന് തെരഞ്ഞെടുത്ത ലൊക്കേഷൻ. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളും കഥ നടന്ന കാലഘട്ടത്തിന് യോജിച്ചതല്ല.
സാങ്കേതിക വിദ്യ കാര്യമായി വികസിച്ചിട്ടില്ലാതിരുന്ന 1960 കളിൽ തമിഴിൽ ശിവാജി ഗണേശനും (തിരുവിളയാടൽ ) മലയാളത്തിൽ ജെമിനി ഗണേശനും (കുമാര സംഭവം) പരമശിവനെ അതി ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യ ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ സി ജി ഐ സഹായത്തോടെ അവതരിപ്പിച്ച കൈലാസവും അക്ഷയ് കുമാറിൻ്റെ പരമശിവനും കാജൽ അഗർവാളിൻ്റെ പാർവ്വതിയും പഴയ കാലഘട്ട സിനിമകളിൽ നിന്ന് ഒട്ടും മെച്ചപ്പെട്ടിട്ടില്ല.
ശിവാജി ഗണേശൻ്റെയോ ജെമിനി ഗണേശൻ്റെയോ ക്ലാസ്സിലേക്ക് അക്ഷയ കുമാറിൻ്റെ പരമശിവനായുള്ള വേഷപ്പകർച്ച ഉയർന്നിട്ടുമില്ല.
കണ്ണുകൾ പരമശിവന് നൈവേദ്യമായി നൽകിക്കൊണ്ടുള്ള ക്ലൈമാക്സ് രംഗങ്ങളിലെ വിഷ്ണു മഞ്ചുവിൻ്റെ വൈകാരിക പ്രകടനം ഗംഭീരമാണ്. ശിവഭക്തി നിറയ്ക്കും.എന്നാൽ മറ്റ് രംഗങ്ങളിൽ അസാധാരണ പ്രകടനം ഒന്നുമില്ല.
പ്രഭാസിൻ്റെ രംഗപ്രവേശമാണ് ചിത്രത്തെ പെട്ടെന്ന് ഉയർത്തുന്നത്. മോഹൻലാലിന് ചെറിയ വേഷത്തിൽ കാര്യമായൊന്നും ചെയ്യാനില്ല. മോഹൻ ബാബു, ശരത് കുമാർ എന്നിവർ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. നായിക നെമലിയായി വന്ന പ്രീതി മുകുന്ദനും മികച്ച അഭിനയം കാഴ്ച്ചവെച്ചു.
ചിത്രത്തിന്റെ സംഗീതവും ബാക്ക്ഗ്രൗണ്ട് സ്കോറും സ്റ്റീഫന്‍ ദേവസ്സി അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സ് അത്ര ആകർഷകമായില്ല.ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ന്യുസിലാൻ്റിൻ്റെ ഭംഗി മനോഹരമായി ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
ആന്റണി ഗോണ്‍സാല്‍വസാണ് എഡിറ്റർ.അചഞ്ചലമായ ഭക്തിയുടെയും മഹാത്യാഗത്തിൻ്റെയും ഇതിഹാസമാണ് കണ്ണപ്പയുടെ ജീവിതം. താരപ്പൊലിമയും ദൃശ്യഭംഗിയും കൊണ്ട് സമ്പന്നമാണ് മുകേഷ് കുമാർ സിംഗിൻ്റെ കണ്ണപ്പ.എന്നാൽ ഇതിനിടയിൽ കഥയുടെ സാരാംശം എവിടെയെല്ലാമോ ചോർന്നു പോയി.
—————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക