സിന്ധു നദീജലം ചോദിച്ച് പാകിസ്ഥാൻ്റെ കത്ത് വീണ്ടും

ന്യൂഡൽഹി: നിരപരാധികളായ 26 പേരെ കൊല ചെയ്ത കശ്മീർ പഹൽ​ഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, മരവിപ്പിച്ച സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ സർക്കാർ.

കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് കത്തിലെ ആവശ്യം. കരാർ ലംഘിക്കുന്നത് പ്രശ്നം വഷളാക്കുമെന്നും കത്തില്‍ പറയുന്നു.

ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാര്‍ മരവിപ്പിച്ചത്. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം

പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്ക്കും നൽകുന്നതായിരുന്നു കരാർ.

പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ. കറാറിൽ നിന്നും പിൻമാറുന്നതിലൂടെ കരാർപ്രകാരമുള്ള എല്ലാ നടപടികളും കേന്ദ്ര സർക്കാർ മരവിപ്പിക്കുകയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധങ്ങൾ ഉണ്ടായിട്ടു പോലും സിന്ധു നദീജല കരാർ റദ്ദാക്കിയിട്ടില്ല. ഇത് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ കരാർ റദ്ദാക്കാനുള്ള തീരുമാനം, പഹൽഗാം ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ കൈക്കൊള്ളുന്നത്.

1960 സെപ്തംബർ 19ാം തിയ്യതി അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവും, പാകിസ്ഥാൻ അയൂബ് ഖാനും തമ്മിൽ കറാച്ചിയിൽ വെച്ചാണ് ഈ കരാറിൽ ഒപ്പിട്ടത്. തുടർച്ചയായി 9 വർഷം നീണ്ടു നിന്ന് മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് കരാർ യാഥാർത്ഥ്യമാകുന്നത്.

അടിയന്തിരമായി കരാർ റദ്ദാക്കിയതിലൂടെ സിന്ധു നദിയുടെയും, പോഷക നദികളിലെയും ജലം ഉപയോഗിക്കുന്നതിന് ഇന്ത്യയ്ക്ക് നിയന്ത്രണങ്ങളില്ലാതായി.പടിഞ്ഞാറൻ നദികളിായ ഇൻഡസ്, ഝലം, ചിനാബ് നദികളിലെ ജലം സംഭരിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

ജമ്മു – കശ്മീരിൽ നിർമാണത്തിലിരിക്കുന്ന രണ്ട് ജല വൈദ്യുത പദ്ധതികൾ സന്ദർശിക്കാനുള്ള പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ അനുമതിയും ഇന്ത്യ റദ്ദാക്കി. ഝലം, ചിനാബ് നദികളുമായി ബന്ധപ്പെട്ട പദ്ധതികളാണിത്.

അതേ സമയം നദീജല കരാർ റദ്ദാക്കിയത് പാകിസ്ഥാനെ പെട്ടെന്ന് ബാധിക്കാനിടയില്ലെന്നും വിലയിരുത്തപ്പെടുന്നു. കുറഞ്ഞത് ഏതാനും വർഷങ്ങളിലേക്കെങ്കിലും പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളുടെ ഗതി തടസ്സപ്പെടുത്താനോ, ഇന്ത്യയിലേക്ക് തന്നെ വഴി തിരിച്ചു വിടാനോ സാധിച്ചേക്കില്ല.ഇതിനുള്ള സംവിധാനങ്ങൾ നിലവിലില്ല എന്നതാണ് കാരണം.

അതേ സമയം നദീജല കരാർ റദ്ദാക്കിയത് സാങ്കേതികമായി അനിശ്ചിതത്ത്വങ്ങൾ സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.കരാറിന് ഒരു അവസാന തിയ്യതി അഥവാ കാലപരിധിയുമില്ല. തർക്ക പരിഹാരത്തിനുള്ള വ്യവസ്ഥകളും ഈ കരാറിൽ പറയുന്നില്ല.

കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് രാജ്യാന്തര തലത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഉൾപ്പെടെ പരാതികൾ ഉന്നയിക്കാനാവില്ലെന്ന് 2016ൽ അന്നത്തെ പാകിസ്ഥാൻ നിയമ മന്ത്രി അഹ്മർ ബിലാൽ സൂഫി, ഡോൺ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News