ന്യൂഡല്‍ഹി: ജയ്പുർ മുതൽ ഡല്‍ഹി വരെ സഞ്ചരിക്കാന്‍ ഏകദേശം അരമണിക്കൂര്‍ സമയം മാത്രമെടുക്കുന്ന ഹൈപ്പര്‍ലൂപ്പ് പരീക്ഷണ പാത മദ്രാസ് ഐഐടിയിൽ തയാറായി.
രാജ്യത്തെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പാതയാണിത്. റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണയോടെ മദ്രാസ് ഐഐടിയാണ് 422 മീറ്റര്‍ നീളമുള്ള പാത വികസിപ്പിച്ചെടുത്തത്. 30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.ഈ സംവിധാനം ഉപയോഗിച്ചാൽ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഒരു മണിക്കൂറിനുള്ളില്‍ എത്താന്‍ സാധിക്കും.
ഐ.ഐ.ടി.യുടെ ഡിസ്‌കവറി കാംപസിലാണ് പാത ഒരുക്കിയത്. കാപ്സ്യൂള്‍ ആകൃതിയിലുള്ള ട്രെയിന്‍ സര്‍വീസായിരിക്കും ഇതിലൂടെയുണ്ടാവുക. ആളുകളെയും ചരക്കും അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാം. കാലാവസ്ഥയെ ചെറുക്കാനുള്ള കഴിവ്, കൂട്ടിയിടി രഹിത യാത്രാ സൗകര്യം, വിമാനത്തിന്റെ ഇരട്ടി വേഗത, കുറഞ്ഞ വൈദ്യുതി ഉപഭോഗം, 24 മണിക്കൂര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജ സംഭരണം എന്നിവയാണ് ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകതകള്‍.
സര്‍ക്കാര്‍-അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തില്‍ നവീകരണത്തിന് വഴിയൊരുക്കുന്നതാണെന്ന് എക്സില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു. ‘422 മീറ്റര്‍ നീളമുള്ള ആദ്യ പോഡ് വികസിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യകള്‍ വളരെയധികം മുന്നോട്ട് പോയി. ഒരു മില്യണ്‍ ഡോളര്‍ വീതമുള്ള ആദ്യ രണ്ട് ഗ്രാന്റുകള്‍ നല്‍കി. ഒരു മില്യണ്‍ ഡോളറിന്റെ മൂന്നാമത്തെ ഗ്രാന്റും ഉടന്‍ നല്‍കുമെന്ന്’ മന്ത്രി അറിയിച്ചു.
മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഹൈപ്പര്‍ ലൂപ്പ് ഗതാഗത സംവിധാനം ഇന്ത്യയിലും യാഥാര്‍ഥ്യമാകുകയാണ്. താഴ്ന്ന മര്‍ദത്തിലുള്ള ട്യൂബുകളിലൂടെ കാന്തികശക്തി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ എന്ന സാങ്കേതികവിദ്യയാണ് ഹൈപ്പര്‍ലൂപ്പിനു പിന്നില്‍.
ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു അതിവേഗ ഗതാഗത സംവിധാനമായാണ് ഹൈപ്പര്‍ ലൂപ്പിനെ വിശേഷിപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ സാധിക്കുമെന്നതും കൂട്ടിയിടി പോലുള്ള അപകടങ്ങള്‍ക്കുള്ള സാധ്യതയില്ലെന്നതുമാണ് ഹൈപ്പര്‍ ലൂപ്പ് സംവിധാനത്തിന്റെ പ്രധാന സവിശേഷത. വിമാനത്തിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാമെന്നതും വൈദ്യതി ഊര്‍ജമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഈ സംവിധാനത്തിന്റെ മേന്മയാണ്.