ഇസ്രായേലിനെതിരെ യുദ്ധത്തിന് ഇറാഖ്, ഇറാൻ, യെമെൻ ?

ടെഹ്‌റാൻ: ഇസായേലുമായി യുദ്ധം ചെയ്യുന്ന ഹമാസ് സേനയുടെ തലവൻ ഇസ്മായിൽ ഹനിയേയെ കൊല്ലപ്പെടുത്തിയത് പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമാക്കി. പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ  ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടത് യുദ്ധം വ്യാപിക്കുന്നു എന്നതിൻ്റെ സൂചനയാണ്.

ഹനിയേ വധിക്കപ്പെട്ടതായി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ചേർന്ന ഇറാന്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമേനിയുടെ ഉത്തരവ്. ആക്രമണത്തിന് പിന്നിൽ ഇസ്രായയേൽ ആണെന്ന് ഹമാസും ഇറാനും ആരോപിക്കുന്നു. എന്നാൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.

യെമൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള സഖ്യസേനകളുമായി ചേർന്ന് ഏകോപിത ആക്രമണം നടത്തുന്നതും പരിഗണനയിലുണ്ടെന്ന് ഇറാനിലെ സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ടെൽ അവീവിനും ഹൈഫയ്ക്കും സമീപമുള്ള സൈനിക കേന്ദ്രങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉൾപ്പെടുന്ന സംയോജിത ആക്രമണമാണ് ഇറാനിയൻ സൈനിക കമാൻഡർമാർ ആലോചിക്കുന്നതെന്ന് പറയുന്നു.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മിസൈൽ ആക്രമണത്തിലാണ് ഹനിയേ കൊല്ലപ്പെട്ടത്. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സ്ഥാനാരോഹണത്തിന് എത്തിയതായിരുന്നു ഹനിയേ.

അദ്ദേഹം താമസിച്ച വസതിയിലേക്ക് ഇസ്രയേൽ വ്യോമസേന മിസൈൽ വർഷിക്കുകയായിരുന്നു.ഹനിയേയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4നായിരുന്നു ആക്രമണം.

ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉന്നത കമാൻഡർ ഫൗദ് ഷുക്റിനെ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ വധിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഹനിയേയും കൊലപ്പെടുത്തിയത്.

ഈ മേഖലയിലെ അനിശ്ചിതത്വം ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ത്തി. പശ്ചിമേഷ്യ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കും തിരിച്ചടിയാണ്. സംഘര്‍ഷം രൂക്ഷമായാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളെ സാരമായി ബാധിക്കും.

തൊഴില്‍-വരുമാന നഷ്ടത്തിനും ഇടയാക്കും. ഇത് നാട്ടിലേക്കുള്ള പണമയപ്പ് കുറയ്ക്കും. സംഘര്‍ഷ മേഖലയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. വിദേശത്ത് നിന്നുള്ള വരുമാനം കുറയുന്നത് ഇതിനോടകം പ്രതിസന്ധിയിലായ കേരളത്തിന്റെ സാമ്ബത്തികാവസ്ഥയെ കൂടുതല്‍ മോശമാക്കും.

ഇറാന്‍ തിരിച്ചടിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ ക്രൂഡ് ഓയില്‍ വില രണ്ടര ശതമാനത്തിലധികം ഉയര്‍ന്നു.
എണ്ണയുല്‍പ്പാദനത്തിന്റെ കേന്ദ്രമായ പശ്ചിമേഷ്യയിലെ കരുത്തരായ രണ്ട് രാജ്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് ക്രൂഡ് ഓയില്‍ വിലയെ കാര്യമായി സ്വാധീനിക്കും.

ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് സുരക്ഷാഭീഷണി നേരിടുന്നത് എണ്ണവിലയില്‍ അധിക വര്‍ധനയ്ക്ക് കാരണമാകും. ഉത്പാദനം, ഗതാഗതം എന്നിവയ്ക്ക് വില വര്‍ധിക്കുന്നത് ആഗോള വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News