സർക്കാരിനെ കുററപ്പെടുത്തി കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കടബാദ്ധ്യത തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും, സര്‍ക്കാരും ബാങ്കുകളും തന്നെ ചതിച്ചതായും കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റായ കുട്ടനാട്ടിലെ പ്രസാദ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ആത്മഹത്യയ്ക്ക് മുമ്പ് കിസാന്‍ സംഘ് ജില്ലാ സെക്രട്ടറിയുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

തന്റെ മരണത്തിന് കാരണം സര്‍ക്കാരും ബാങ്കുകളുമാണെന്നാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ നെല്ലിന്റെ പണമാണ് സര്‍ക്കാര്‍ പിആര്‍എസ് വായ്പയായി നല്‍കിയത്. ഇത് കുടിശിഖ അടക്കം അടക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ സര്‍ക്കാര്‍ എന്നെ ചതിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. പി ആര്‍ എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടക്കുമെന്നുമായിരുന്നു നേരത്തേ കൃഷിമന്ത്രി പറഞ്ഞിരുന്നത്.തകഴി കുന്നുമ്മക്കര പാടശേഖര സമിതിയില്‍ പ്രസാദ് അംഗമായിരുന്നു.

കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച്‌ പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. ഒന്നാം വിള കൃഷിക്ക് പിആര്‍എസ് വായ്പയായിട്ടാണ് തന്നത്. പിന്നീട് വളത്തിനും കീടനാശിനിക്കുമായി ബാങ്കിനെ സമീപിച്ചപ്പോള്‍ പിആര്‍എസ് കുടിശ്ശികയാണെന്നും സിബില്‍ സ്‌കോര്‍ കുറവാണെന്നും വായ്പ നല്‍കാന്‍ കഴിയില്ലെന്നും ബാങ്ക് പറഞ്ഞതായും പുറത്തുവന്ന ഓഡിയോയില്‍ പറയുന്നു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രസാദിന് ചികിത്സ നിഷേധിച്ചതായും ആരോപണമുണ്ട്. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഐസിയു അടക്കമുള്ള സൗകര്യങ്ങള്‍ കിട്ടിയില്ലെന്നും മണിക്കൂറുകള്‍ക്ക് ശേഷം ഐസിയു സംവിധാനമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നെന്ന് പ്രസാദിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

‘ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്. ഞാൻ കുറെ ഏക്കറുകള്‍ കൃഷി ചെയ്ത് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നെല്ലിന് കാശ് തന്നില്ല.

ഞാൻ ലോണ്‍ ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് കുടിശ്ശികയാണ് പിആര്‍എസ് എന്ന്. ഞാൻ 20 കൊല്ലം മുമ്ബ് മദ്യപാനം നിര്‍ത്തിയിരുന്നു, ഇപ്പോള്‍ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാൻ കടക്കാരനാണ്, കൃഷിക്കാരൻ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങള്‍ പറയണം. നിങ്ങള്‍ വരണം എനിക്ക് റീത്ത് വെക്കണം’. ശബ്ദരേഖയില്‍ പറയുന്നു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News