സതീഷ് കുമാര്‍ വിശാഖപട്ടണം
മനസ്സിന് ആവേശവും ഉന്മേഷവും സന്തോഷവും നല്‍കുന്ന ഒട്ടേറെ ഉത്സവാഘോഷങ്ങളുടെ നാടാണ് ഭാരതം. ദീപാവലി, ദസറ, ഹോളി, പൊങ്കല്‍ , ശ്രീരാമനവമി ,വിനായക ചതുര്‍ത്ഥി, നാഗപഞ്ചമി,ബുദ്ധ പൗര്‍ണമി ഇങ്ങനെ ഒട്ടേറെ ആഘോഷങ്ങള്‍ ഭാരതത്തിലെങ്ങും ആഘോഷിക്കപ്പെടുമ്പോള്‍ നമ്മുടെ കേരളം എന്ന കൊച്ചു സംസ്ഥാനത്തിന് മാത്രമായി മനോഹരമായ ഒരു ആഘോഷമുണ്ട്. പാട്ടും കളികളും തുമ്പിതുള്ളലും പുലിക്കളിയും വള്ളംകളിയും പൂവിളിയും വിഭവസമൃദ്ധമായ സദ്യയുമൊക്കെയായി എത്തുന്ന സാക്ഷാല്‍ തിരുവോണം. വാമനന്റേയും മഹാബലി ചക്രവര്‍ത്തിയുടേയും കഥ ഭാരതീയപുരാണങ്ങളില്‍ ഏറെ പ്രശസ്തമാണെങ്കിലും അതിനെ ഒരു ഉത്സവാഘോഷമാക്കി കൊണ്ടാടുന്നത് കേരളത്തില്‍ മാത്രം. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാബലിയുടെ എഴുന്നെള്ളത്തിനായി കേരളം ഉത്സാഹത്തിമര്‍പ്പോടെ കാത്തിരിക്കുന്നു. ലോകത്തെമ്പാടുമുള്ള മലയാളികളെ ഗൃഹാതുരത്വത്തിന്റെ ഊഷ്മളമായ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഓണത്തെക്കുറിച്ചുള്ള എത്രയോ സുന്ദര ഗാനങ്ങളാണ് മലയാള ചലച്ചിത്രഗാനലോകത്തെ പ്രിയ കവികള്‍ എഴുതിയിരിക്കുന്നത്.
തോരാമഴയുടെയും വറുതിയുടെയും കള്ളക്കര്‍ക്കടകം ഒഴിഞ്ഞുപോയി ചിങ്ങമാസത്തെ വരവേറ്റുകൊണ്ടാണ് കേരളീയര്‍ ഓണത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുന്നത്. ( ഇത്തവണ കര്‍ക്കടകം ചുട്ടുപൊള്ളുന്നതായിരുന്നു ….)
ആ ഋതു സംക്രമത്തെ ‘വാഴ്വേമായം ‘ എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ എത്ര സുന്ദരമായാണ് നോക്കി കാണുന്നതെന്ന് ശ്രദ്ധിച്ചാലും ….
‘ കാറ്റും പോയി
മഴക്കാറും പോയി
കര്‍ക്കടകം പുറകേ പോയി ആവണിത്തുമ്പിയും അവള്‍ പെറ്റ മക്കളും വാ വാ വാ …
(സംഗീതം ദേവരാജന്‍ – ആലാപനം മാധുരി )
പൊന്നിന്‍ ചിങ്ങമാസം പൂക്കളും തുമ്പികളുമൊക്കെയായി എത്തിച്ചേരുകയാണ്. ചിങ്ങമാസം മലയാളത്തിലെ ആദ്യത്തെ മാസം മാത്രമല്ല മലയാളികള്‍ക്ക് ഒട്ടേറെ മധുരാനുഭവങ്ങള്‍ പകരുന്ന മാസം കൂടിയാണ്.. അതുകൊണ്ടാണ് ഓണത്തെക്കുറിച്ച് ഏറ്റവുമധികം ഗാനങ്ങള്‍ എഴുതിയിട്ടുള്ള ശ്രീകുമാരന്‍തമ്പി ചിങ്ങത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്…
‘പൊന്നിന്‍ ചിങ്ങത്തേരു വന്നു പൊന്നമ്പലമേട്ടില്‍
പൊന്നോണപ്പാട്ടുകള്‍ പാടാം
പൂ നുള്ളാം
പൂവണി വെക്കാം.
പൊന്നുഞ്ഞാലാടിടാം സഖിമാരെ …. ‘ (ചിത്രം ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു – സംഗീതം ദക്ഷിണാമൂര്‍ത്തി – ആലാപനം പി ലീല )
ഓണമടുക്കുന്നതോടെ ആകാശം തെളിയുന്നു …
പ്രകൃതി പോലും ഓണക്കോടിയുടുക്കുകയാണ് … മലയാളകവികളില്‍ കേരളത്തിലെ ഉത്സവങ്ങളെക്കുറിച്ച് സുന്ദര ചിത്രങ്ങള്‍ വരച്ചു ചേര്‍ത്ത ശ്രീകുമാരന്‍ തമ്പിയുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ …. ‘ഓണക്കോടിയുടുത്തു മാനം മേഘക്കസവാലെ വെണ്‍
മേഘകസവാലേ
മഴവില്ലിന്‍ മലര്‍ മുടിയില്‍ ചൂടി മധുഹാസം തൂകീ അവള്‍
മധുഹാസം തൂകി……. ( മധുര ഗീതങ്ങള്‍ – സംഗീതം ദക്ഷിണാമൂര്‍ത്തി – ആലാപനം യേശുദാസ് )
ഓണത്തിന്റെ പൊന്നാടയായി ഉത്രാടമെത്തുന്നു. ആ ഉത്രാട രാവിന്റെ സൗന്ദര്യവും പകര്‍ന്നു തരുകയാണ് തമ്പി മറ്റൊരു പ്രശസ്ത ഗാനത്തിലൂടെ …
https://www.youtube.com/watch?v=0QtNxqAZlXQ
‘ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവണിയില്‍
ഇത്തിരി പാല്‍ ചുരത്താന്‍ വാ … ( സംഗീതം രവീന്ദ്രന്‍ – ആലാപനം യേശുദാസ് – ഉത്സവഗാനങ്ങള്‍ ) …
ഇതോടെ മലയാളനാട്ടില്‍ ഓണത്തിന്റെ പൂവിളികള്‍ ഉയരുകയായി ആ പൂവിളികളുടെ മാറ്റൊലിയെ ശ്രീകുമാരന്‍ തമ്പി ‘വിഷുക്കണി ‘ എന്ന ചിത്രത്തിന് വേണ്ടി കാര്‍ഷിക സംസ്‌കാരത്തിന്റെ വര്‍ണ്ണഭംഗിയോടെ വരച്ചു കാണിച്ചപ്പോള്‍ ആ ഗാനം എല്ലാ ഓണക്കാലത്തും ഓണത്തിന്റെ ഔദ്യോഗികഗാനം പോലെ കേരളമെങ്ങും മുഴങ്ങി കേള്‍ക്കാറുണ്ട്….
‘ പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ
പൊന്നോണത്തുമ്പി
ഈ പൂവിളിയില്‍
മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ ….’
ശാസ്ത്രവും പരിഷ്‌കാരങ്ങളും സാങ്കേതികവിദ്യകളും എത്ര തന്നെ പുരോഗമിച്ചാലും ഓരോ മലയാളിയുടെ ഹൃദയത്തിലും ഓണമുണ്ട്. ആ ഹൃദയം എങ്ങനെയാണ് ഓണത്തിനായി അണിഞ്ഞൊരുങ്ങുന്നതെന്നും ശ്രീകുമാരന്‍ തമ്പി തന്നെ മറ്റൊരു പാട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
‘തിരുവോണപ്പുലരിതന്‍
തിരുമുല്‍കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി തിരുമേനിയെഴുന്നള്ളും സമയമായി ഹൃദയങ്ങളണിഞ്ഞൊരുങ്ങി ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ…’
(ചിത്രം തിരുവോണം – സംഗീതം എം.കെ. അര്‍ജ്ജുനന്‍ – ആലാപനം വാണിജയറാം)
ജാതിമതഭേദങ്ങളില്ലാതെ കേരളം മുഴുവന്‍ മാവേലിത്തമ്പുരാന്റെ മാണിക്യത്തേരിനെ വരവേല്‍ക്കാനായി അണിഞ്ഞൊരുങ്ങിയാല്‍ അതാ നാട്ടിലെങ്ങും മാവേലി പാട്ടുകള്‍ ഉയരുകയായി…
‘കേരളം കേരളം
കേളികൊട്ടുയരുന്ന കേരളം
കേളികദംബം പൂക്കും കേരളം കേരകേളിസദനമാമെന്‍ കേരള ‘മെന്ന് ശ്രീകുമാരന്‍ തമ്പിയും (മിനിമോള്‍ – സംഗീതം ദേവരാജന്‍ – ആലാപനം യേശുദാസ് )
‘ മാവേലിപ്പാട്ടിന്റെ
മണിപ്പീലി വിരിച്ചാടും
മലര്‍വല്ലിക്കുടിലിന്റെ മതിലകത്ത് നിറയൗവ്വനത്തിന്റെ നിറമാല ചാര്‍ത്തി നില്‍ക്കും നിത്യസുന്ദരിയെന്റെ കേരള’ മെന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണനുമെഴുതിയത് എത്രയോ സത്യമാണ്…
(ചിത്രം കാലം കാത്തു നിന്നില്ല – സംഗീതം എ ടി ഉമ്മര്‍ – ആലാപനം യേശുദാസ് )
ഓണം ഓരോ മനസ്സിലും ഓരോ വീട്ടിലും സൃഷ്ടിക്കുന്ന സന്തോഷവും ആവേശവുമാണ് ‘കാര്യസ്ഥന്‍ ‘എന്ന ചിത്രത്തിന് വേണ്ടി കൈതപ്രത്തിന്റെ ഭാവനയില്‍ തെളിഞ്ഞത് …
‘ ഓണവില്ലിന്‍ തംബുരു മീട്ടും വീടാണീ വീട്
എന്നുമെന്നും പൂക്കണി വിടരും വീടാണീ വീട്
കൂട്ടുകുടുംബത്തിന്‍ കൂട്ടാണെന്നും അതിരില്ലിവിടെ മതിലില്ലിവിടെ ഒന്നാണെല്ലാരും …..
എന്ന് കേള്‍ക്കുമ്പോള്‍ കഴിഞ്ഞ ഒരു നല്ല കാലത്തിന്റെ സുന്ദര സ്മരണകളാണ് നമ്മുടെ മനസ്സില്‍ തെളിയുന്നത്. …
പ്രകൃതിക്കുപോലും ഓണക്കാലത്ത് എങ്ങുമില്ലാത്തൊരു അപൂര്‍വ്വ സൗന്ദര്യം കൈവരുന്നത് കാണാം .മലയാള കവികളിലെ ജ്ഞാനപീഠജേതാവായ
ഒ എന്‍ വി കുറുപ്പ്
‘ഓണപ്പൂവേ പൂവേ പൂവേ ഓമല്‍പ്പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ …’
(ചിത്രം ഈ ഗാനം മറക്കുമോ – സംഗീതം സലീല്‍ ചൗധരി – -ആലാപനം യേശുദാസ് ) എന്നെഴുതിയപ്പോള്‍ ഒരു മനോഹര പൂക്കാലത്തിന്റെ വര്‍ണ്ണപ്പകിട്ടും സൗരഭ്യവും നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ് ….
‘ഓണപ്പൂവുകള്‍ വിരുന്നുവന്നു ഓണത്തുമ്പികള്‍ പറന്നുവന്നു
ഒന്നാകും കുന്നിന്മേല്‍ ഓരടിക്കുന്നിന്മേല്‍ സ്വര്‍ണത്താലവും മഞ്ഞക്കോടിയും ഉയര്‍ന്നിടുന്നു…..’
(രചന പൂവച്ചല്‍ ഖാദര്‍ –
സംഗീതം ശങ്കര്‍ ഗണേഷ് )
പി. ജയചന്ദ്രനും ജോളി അബ്രഹാമും യുദ്ധം എന്ന ചിത്രത്തിന് വേണ്ടി പാടിയ ഈ പാട്ടില്‍ പ്രകൃതി പോലും ഓണമാഘോഷിക്കുന്നതിന്റെ ഒരു നേര്‍ക്കാഴ്ചയല്ലേ ദര്‍ശിക്കാന്‍ കഴിയുക …
അങ്ങകലെ ആകാശത്തിലിരുന്ന് അമ്പിളിമാമന്‍ ഭൂമിയിലെ ഈ മാമാങ്കം കണ്ടാസ്വദിക്കുകയാണെന്നു സങ്കല്പിക്കുന്ന ഗാനമാണ്
‘ ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യ’ത്തില്‍ ഈ അടുത്ത കാലത്ത് കേട്ടത് ….
‘തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടില്‍
മലരോണപ്പാട്ട്
മാവിന്‍ കൊമ്പേറുന്നൊരു
പൂവാലി കുയിലേ മാവേലിത്തമ്പ്രാന്റെ
വരവായാല്‍ ചൊല്ല് …
(രചന മനു മഞ്ജിത് – സംഗീതം ഷാന്‍ റഹ് മാന്‍ – ആലാപനം ഉണ്ണി മേനോന്‍ , സിതാര )
കേരളത്തിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് പശ്ചിമഘട്ടമലനിരകളും പ്രിയപ്പെട്ട നദികളുമെല്ലാം ….
മയിലാടുന്ന മലകളും പെരിയാറിന്റെ സഖികളും പാടുന്ന മാവേലിപ്പാട്ടിന്റെ ഈണം വയലാര്‍
‘കൂട്ടുകുടുംബ ‘ത്തിനു വേണ്ടി എഴുതിയത് എത്രയോ പ്രകൃതി സുന്ദരമാണ് …
‘പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലാ
തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ലാ മയിലാടും മലകളും
പെരിയാറിന്‍ സഖികളും
മാവേലിപ്പാട്ടു പാടുമീമലയാളം
ഈ മലയാളം ….. (സംഗീതം ദേവരാജന്‍ – ആലാപനം പി.സുശീല )
കാലമെത്ര പുരോഗമിച്ചാലും മാവേലി നാടിനെക്കുറിച്ചുള്ള മനോഹര സങ്കല്പങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകുന്നില്ല. ഇനിയൊരിക്കലും വരുകയില്ല എന്നറിയാമെങ്കിലും ആ ഒരു നല്ല കാലത്തിനായി നമ്മള്‍ കാത്തിരിക്കുന്നു…
‘മാവേലി വാണൊരു കാലം മറക്കുകില്ലാ മറക്കുകില്ല
മറക്കുകില്ലാ മലയാളം ….. ‘
( ചിത്രം കുറ്റവാളി – രചന വയലാര്‍ – സംഗീതം ദക്ഷിണാമൂര്‍ത്തി – ആലാപനം പി സുശീല )
ഓണത്തിന്റെ പുതിയ ഗാനങ്ങള്‍ക്കായി കേരളം കാത്തിരിക്കുകയാണ് …
(സതീഷ് കുമാര്‍ വിശാഖപട്ടണം)
പാട്ടോര്‍മ്മകള്‍ @ 365
(9030758774 )