സ്വർണക്കിരീട വിവാദം സുരേഷ് ഗോപിക്ക് കുരിശാവുന്നു

തൃശ്ശൂർ : സിനിമാ നടനും തൃശ്സൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയുമായ സുരേഷ് ഗോപി
ചെമ്പിൽ സ്വർണ്ണം പൂശിയ കിരീടമാണ് ലൂർദ് പള്ളി മാതാവിന് സമർപ്പിച്ചത് എന്ന വിവാദം കൊഴുക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഈ ‘കിരീട വിവാദം’ യു ഡി എഫും എൽ ഡി എഫും പ്രയോജനപ്പെടുത്തി തുടങ്ങി.

കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ്
കൗണ്‍സിലര്‍ ലീല വർഗീസ് ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടതാണ് വിവാദത്തിന് തുടക്കമിട്ടത്.

‘‘ലൂർദ് മാതാവിനു എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കിരീടം എത്ര പവനാണെന്നറിയാൻ പൊതുജനങ്ങൾക്കു താൽപര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.’’– ലീല വർഗീസ് പറഞ്ഞു.

കഴിഞ്ഞ പെരുന്നാളിന് ലൂർദ് പള്ളിയിൽ എത്തിയപ്പോൾ സുരേഷ് ഗോപി മാതാവിന് സ്വർണ്ണകിരീടം സമർപ്പിക്കാമെന്ന് നേർച്ച നൽകുകയായിരുന്നു. തുടർന്നാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് അദ്ദേഹം സ്വർണ്ണകിരീടം സമർപ്പിച്ചത്. കിരീടം സമർപ്പിക്കാൻ ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയോടൊപ്പം ഭാര്യയും മകളും മറ്റു ബിജെപി നേതാക്കളും എത്തിയിരുന്നു.

സ്വർണ്ണക്കിരീടം സമർപ്പിക്കാനെത്തിയ സുരേഷ് ഗോപിയെയും സംഘത്തെയും പള്ളി വികാരി നേരിട്ടെത്തി സ്വീകരിച്ച് പള്ളിക്കുള്ളിലേക്ക് ആനയിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ഗോപി മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ കിരീടം സമർപ്പിച്ച് പ്രാർത്ഥിച്ചു.

പ്രാർത്ഥനാ ചടങ്ങിനു ശേഷം സുരേഷ് ഗോപി കിരീടം വികാരിക്ക് കൈമാറി. വികാരി കിരീടം മാതാവിൻ്റെ തിരുരൂപത്തിന് മുന്നിൽ നിന്ന് കിരീടം ഏറ്റുവാങ്ങി. തുടർന്ന് സുരേഷ് ഗോപി മകൾക്കും ഭാര്യക്കുമൊപ്പം ആ കിരീടം മാതാവിൻ്റെ തലയിൽ അണിയിക്കുകയായിരുന്നു.

,