February 18, 2025 4:13 am

മന്ത്രി പറഞ്ഞത് വിഴുങ്ങി: ഇക്കുറിയും കോഴിബിരിയാണിയില്ല

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ കോഴിബിരിയാണി വിളമ്പുമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയുടെ വാഗ്ദാനം വെറുംവാക്കായി.

ഇത്തവണയും സസ്യ ഭക്ഷണം മാത്രമേ ഉണ്ടാവൂ എന്ന് മന്ത്രി അറിയിച്ചു. കാരണം വെളിപ്പെടുത്തിയുമില്ല.
സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.

കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്ന്  ഉറപ്പു പറഞ്ഞ് മന്ത്രി കയ്യടിയും നേടി. എന്നാൽ ഇപ്പോൾ മലക്കം മറിയുകയാണ് ശിവൻ കുട്ടി.

അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പാചക ചുമതല വഹിച്ചിരുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ല. നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം അന്ന് വിശദീകരിച്ചിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News