രാജാ രവിവര്‍മ്മ പുരസ്കാരം സുരേന്ദ്രന്‍ നായര്‍ക്ക്

തിരുവനന്തപുരം : ചിത്രകലാ രംഗത്ത്‌ സമഗ്രമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരത്തിന് പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായർ അർഹനായി.

മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സമർപ്പണ തീയതി പിന്നീട് തീരുമാനിക്കും.2022 വര്‍ഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.ചിത്രകലയുടെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് സുരേന്ദ്രന്‍ നായരെ തെരഞ്ഞെടുത്തത്.

പ്രശസ്ത എഴുത്തുകാരനും ആര്‍ട്ട്‌ ക്യുറേറ്ററുമായ സദാനന്ദ മേനോന്‍ ചെയര്‍മാനും നീലിമ ഷെയ്ഖ്, ഷിബു നടേശന്‍, കെ.എം മധുസൂദനന്‍, കേരള ലളിത കലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ (മെമ്ബര്‍ സെക്രട്ടറി) എന്നിവര്‍ അംഗങ്ങളും അടങ്ങുന്നതായിരുന്നു പുരസ്‌കാര നിര്‍ണ്ണയ സമിതി.

ദൃശ്യകലയിലെ മികവ്, സ്ഥിരതയാര്‍ന്ന സാങ്കേതിക മികവ്, ശ്രദ്ധേയമായ മാനവികത, പ്രതീകാത്മക ഭാഷയുടെ ശക്തമായ പ്രയോഗം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു. സമകാലികര്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയമായും അന്തര്‍ദ്ദേശീയമായും അംഗീകരിക്കപ്പെടാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞുവെന്ന് സമിതി വിലയിരുത്തി.