കുടിശ്ശിക 339.3 കോടി; ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുടങ്ങി

തിരുവനന്തപുരം : ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങി.1600 രൂപയുടെ പ്രതിമാസപെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസമായി.

339.3 കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ കുടിശ്ശികയായിട്ടുള്ളത്.കിടപ്പുരോഗികളോ ശയ്യാലവംബികളോ ആയ തീവ്രഭിന്നശേഷിക്കാര്‍ക്കുള്ള 600 രൂപയുടെ ആശ്വാസകിരണം പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നുവര്‍ഷമായി.

സാമൂഹിക സുരക്ഷാ പെന്‍ഷനെക്കാള്‍ കൂടിയ തുക ഭിന്നശേഷി പെന്‍ഷന്‍ നല്‍കുമായിരുന്നു. ഇപ്പോള്‍ അത് 1600 രൂപയായി ഏകീകരിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങുമ്ബോള്‍ 21 വിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്കും അതു കിട്ടാതാവുന്നു. ഓഗസ്റ്റിനുശേഷം ഈ പെന്‍ഷന്‍ നല്‍കിയിട്ടില്ല.

കഴിഞ്ഞ സാമ്ബത്തികവര്‍ഷം മുന്‍കാല കുടിശ്ശികയില്‍ ഒരുവര്‍ഷത്തെ തുക കുറേപ്പേര്‍ക്ക് നല്‍കിയിരുന്നു. ബഹുഭൂരിപക്ഷം പേര്‍ക്കും അന്ന് നല്‍കിയ 7200 രൂപ കിട്ടിയില്ല. 2018-നു ശേഷം ആശ്വാസകിരണം പെന്‍ഷനുവേണ്ടി അപേക്ഷ സ്വീകരിച്ചിട്ടുപോലുമില്ല.

ഭിന്നശേഷിക്കാര്‍ക്കുള്ള നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ഷംതോറും പുതുക്കാനുള്ള തുകയും ബി.പി.എലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുമായിരുന്നു. ഒരുവര്‍ഷമായി അതും മുടങ്ങി. ഇതില്‍ എന്റോള്‍ ചെയ്തവര്‍ക്ക് ഒരുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്.