വെടിക്കെട്ട് വിലക്ക്: സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി :സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകി.

ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ബോധിപ്പിച്ചു.ചീഫ് ജസ്റ്റിസ് തുടങ്ങിയ ബഞ്ച് നാളെ ഹർജി പരിഗണിക്കും.

അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല.വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല.

ഹർജിയിലും അത്തരം പരാതിയില്ല. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്.2006 ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്.

തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഹർജിയിലെ ആവശ്യങ്ങളേക്കാൾ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ല. നിയമപരമല്ലാത്ത ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.

അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഉത്തരവിനെതിരെ വിവിധ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രംഗത്ത് വന്നതിന് പിന്നാലെയാണ് അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് അമിത് റാവലിന്‍റെ ഉത്തരവ്.

നവംബറിലാരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്ന സംസ്ഥാനത്തെ ഉത്സവ കാലത്തെ,ഹൈക്കോടതി ഉത്തരവ് പ്രതിസന്ധിയിലാക്കുമെന്നും ക്ഷേത്രങ്ങള്‍ വാദിച്ചു.

ക്ഷേത്രാചാരങ്ങളില്‍ രാത്രിവെടിക്കെട്ട് ഒഴിവാക്കാനാവില്ലെന്നും ദേവസ്വങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. തൃശൂര്‍ പൂരം പോലെയുള്ള വലിയ ഫെസ്റ്റിവലുകളിലും രാത്രിവെടിക്കെട്ട് പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവ് തൃശൂര്‍ പൂരത്തെ ബാധിക്കില്ലെന്ന വിലയിരുത്തലും ദേവസ്വങ്ങള്‍ക്കുണ്ട്.

വെടിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ട് രണ്ട് സുപ്രീം കോടതി ഉത്തരവും ഒരു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവും നിലവിലുണ്ട്.

അസമയത്തെ വെടിക്കെട്ട് നിരോധനത്തിൽ അപ്പീലുമായി കൊച്ചിൻ ദേവസ്വം ബോർഡ്. വെടിക്കെട്ട് ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്നും വെടിക്കെട്ട് ഒഴിവാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി സിങ്കിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News