തിരഞ്ഞെടുപ്പ് വരുന്നു; ‘മാസപ്പടി’യിൽ സി പി എം പ്രതിരോധത്തിൽ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിനും കൊച്ചിയിൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിനും എതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്ററിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം ഒട്ടും വൈകില്ല. ഇതോടെ സി പി എമ്മും പിണറായി വിജയനും കനത്ത സമ്മർദ്ദത്തിലാവും. വീണയെ ചോദ്യം ചെയ്യാനുള്ള നടപടികൾ താമസിയാതെ ആരംഭിക്കും.

കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർ ഒ സി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുക്കുന്നത്.എക്സാലോജിക്കിൽ നിന്നും സിഎംആർഎല്ലിൽ നിന്നും സംസ്ഥാന സർക്കാരിനെ കെഎസ്ഐഡിസിയിൽ നിന്നും അടുത്താഴ്ച തന്നെ വിശദാംശങ്ങൾ തേടും. എക്സലോജിക്കുമായുള്ള ഇടപാടിന് പുറമെ, ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ സിഎംആർഎല്ലുമായി ബന്ധപെട്ട് പറയുന്ന ഇടപാടുകളിൽ എല്ലാം അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

കോർപ്പറേറ്റ് ലോ സർവീസിലെ മുതിർന്ന ആറ് ഉദ്യോഗസ്ഥരെ തന്നെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമാണ്. കാർത്തി ചിദംബരം ഉൾപ്പെട്ട എയർസെൽ മാക്സിസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറാക്ടർ എം.അരുൺ പ്രസാദാണ് ഈ കേസിലും അന്വേഷണ ഉദ്യോഗസ്ഥൻ. ചെന്നൈ റീജിയണൽ ഓഫീസ് തലവൻ എന്ന നിലയിലാണ് അരുൺ പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥനായത് എന്നാണ് കോർപ്പറേറ്റ് കാര്യമന്ത്രാലയ വൃത്തം പറയുന്നത്. എന്നാൽ ഗുരുതരമായ ക്രമക്കേടുകൾ എന്നതിന് അപ്പുറം, കേസിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ആറ് ഉന്നത ഉദ്യോഗസ്ഥർ തന്നെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടത്.

സിഎംആർഎലിന്റെ ഓഹരി പങ്കാളിയായ കെഎസ്ഐഡിസി മുതിർന്ന സുപ്രീംകോടതി അഭിഭാഷകനോടു നിയമോപദേശം തേടിയതു കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണത്തെ മറികടക്കാനായിരുന്നു. തങ്ങൾക്കെതിരെ നിർദേശിച്ചിരിക്കുന്ന അന്വേഷണത്തിനെതിരെ കോടതിയിൽ ഹർജി കൊടുക്കുന്നതിനെക്കുറിച്ച് ഉപദേശിക്കണമെന്നാണു കഴിഞ്ഞ 22നു കെഎസ്ഐഡിസി എംഡിക്കു വേണ്ടി അഡ്വ.സി.എസ്.വൈദ്യനാഥനു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമോപദേശം പുറത്തുവന്നിട്ടില്ലെങ്കിലും തൊട്ടുപിന്നാലെ ഇതേ അഭിഭാഷകനെ കേസ് ഏൽപിക്കുകയായിരുന്നു. ഒറ്റ ദിവസത്തെ വാദത്തിന് 25 ലക്ഷം രൂപ ഫീസ് ആവശ്യപ്പെടുന്ന അഭിഭാഷകനാണ് അയോധ്യ കേസിൽ ഹാജരായിരുന്ന വൈദ്യനാഥൻ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്നും എജിയിൽ നിന്നും നിയമോപദേശം സ്വീകരിക്കാമെങ്കിലും കെ എസ് ഐ ഡി സി അതിനു മുതിർന്നില്ല.

സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നടന്നിട്ടുണ്ടെന്ന സംശയം റജിസ്ട്രാർ ഓഫ് കമ്പനീസ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും ഡിജിപിയുടെ നിയമോപദേശം തേടാമായിരുന്നു.
വ്യവസായ പ്രോത്സാഹനത്തിനായുള്ള ഓഹരി പങ്കാളിത്തം മാത്രമുള്ള സിഎംആർഎലിൽ ഒരു ദൈനംദിന പ്രവർത്തനത്തിലും ഇടപെടാറില്ലെന്നായിരുന്നു ആർഒസിക്കു കെഎസ്ഐഡിസി നൽകിയ വിശദീകരണം.