ഗവർണർക്ക് അതൃപ്തി: വി സി രാജിവെച്ചു

കൽപ്പററ: കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.സി ശശീന്ദ്രന്‍ രാജിവെച്ചു.

രാജിക്കത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ശശീന്ദ്രന്‍റെ പ്രതികരണം.

പൂക്കോട് ക്യാമ്പസിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സര്‍വകലാശാലയിലെ റിട്ടയേര്‍ഡ് പ്രൊഫസറായിരുന്ന ശശീന്ദ്രനെ ഗവര്‍ണര്‍ വിസിയായി നിയമിച്ചത്.

മുന്‍ വിസി ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തിലായിരുന്നു പുതിയ വിസിയുടെ നിയമനം.

സിദ്ധാര്‍ത്ഥിൻ്റെ മരണത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച വിസിയുടെ നടപടിയിൽ ഗവര്‍ണര്‍ അതൃപ്‌തി അറിയിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

രാജ്ഭവൻ്റെ ശക്തമായ മുന്നറിയിപ്പിന് പിന്നലെയാണ് ശശീന്ദ്രന്‍റെ രാജി. 33 വിദ്യാർത്ഥികളെ കുറ്റ വിമുക്തരാക്കി കൊണ്ടാണ്ടായിരുന്നു വിസിയുടെ ഉത്തരവ്. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിനൊപ്പം കുറ്റ വിമുക്തരാക്കുക കൂടി ചെയ്തിരുന്നു വിസിയുടെ ഉത്തരവില്‍.

വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാൻ കഴിയും എന്നായിരുന്നു രാജ്ഭവന്‍റെ ചോദ്യം. ഇതോടെ 33 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പുനഃ സ്ഥാപിച്ചു. ഇത് 7 ദിവസം കൂടി തുടരും. വിദ്യാർത്ഥികളോട് ഹോസ്റ്റൽ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസം 9നാണ് സിദ്ധാര്‍ത്ഥിന്‍റെ മരണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News