സതീഷ് കുമാർ
വിശാഖപട്ടണം
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഏറെ പ്രശസ്തമായ “മതിലുകൾ ” എന്ന നോവൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കാൻ തീരുമാനിക്കുന്നു .
രാഷ്ട്രീയ തടവുകാരനായി ജയിലിൽ എത്തുന്ന ബഷീറിന്റെ ആത്മകഥാംശമുള്ള രചനയായിരുന്നല്ലോ മതിലുകൾ.
തടവുപുള്ളിയായി ജയിലിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കേ മതിലിനപ്പുറത്തുള്ള പെൺജയിലിൽ തടവുകാരിയായി എത്തുന്ന നാരായണി എന്ന സ്ത്രീയുമായി ബഷീറിന് ഉണ്ടാക്കുന്ന പരിചയവും അടുപ്പവും ഒരിക്കലും കാണാതെ ശബ്ദത്തിലൂടെ മാത്രം മനസ്സുകൾ പങ്കുവെച്ച് അവർ പ്രണയത്തിലേക്ക് എത്തിച്ചേരുന്നതുമായിരുന്നു മതിലുകൾ എന്ന
നോവലിൻ്റെ പുതുമ.
ചിത്രത്തിൽ നായിക നേരിട്ടു പ്രത്യക്ഷപ്പെടാതെ ശബ്ദസാന്നിധ്യം കൊണ്ടുമാത്രം നാരായണി നിറഞ്ഞു നിൽക്കണം. ജയിലിലെ ഏകാന്തതയിൽ പെണ്ണുടലിന്റെ ആസക്തികൾ മരവിച്ചു പോയെങ്കിലും മനസ്സിൽ ജീവിതത്തോടുള്ള ആർത്തിയും ഒരു പുരുഷൻ്റെ പ്രണയത്തിനായി കൊതിക്കുന്ന മനസ്സുമുള്ള നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകാൻ അടൂർ ഗോപാലകൃഷ്ണൻ 26 പേരുടെ ശബ്ദപരിശോധന നടത്തുകയുണ്ടായത്രെ ! അവസാനമാണ് പ്രശസ്ത നടി കെ പി എ സി ലളിതയിലേക്ക് അടൂർ ഗോപാലകൃഷ്ണൻ എത്തിച്ചേരുന്നത്.
ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയാവുന്ന ആ മുഴങ്ങുന്ന ശബ്ദത്തിലൂടെ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മാനസപുത്രിയായ നാരായണിയെ അടൂർ ലളിതയിലൂടെ കണ്ടെത്തുകയായിരുന്നു.
മികച്ച ചലച്ചിത്രത്തിനും മികച്ച നടനും തുടങ്ങി ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ അടൂർ ബാലകൃഷ്ണന്റെ “മതിലുകൾ ” എന്ന ചിത്രം ശരിക്കും കെ പി എ സി ലളിത എന്ന നടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം തന്നെയായിരുന്നു.
ആലപ്പുഴ ജില്ലയിലെ കായംകുളം താലൂക്കിലെ രാമപുരത്ത് ജനിച്ച കെ പി എ സി ലളിതയുടെ യഥാർത്ഥ പേര് മഹേശ്വരിയമ്മ എന്നായിരുന്നു. ഏഴാം ക്ലാസിൽ വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ മുതൽ കലാരംഗത്ത് സജീവമായി പങ്കെടുത്തിരുന്ന മഹേശ്വരി ചങ്ങനാശ്ശേരി ഗീഥാ ആർട്സിന്റെ “ബലി ” എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് എത്തുന്നത്.
പിന്നീട് കെ പി എ സിയിൽ ഗായികയായും നായികയായും എത്തിയ മഹേശ്വരിയമ്മയെ തോപ്പിൽ ഭാസിയാണ് കെ പി എ സി ലളിത എന്ന പേരിൽ “കൂട്ടുകുടുംബം ” എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തുന്നത്. പ്രണയിച്ച പുരുഷന് വരുംവരായ്കൾ ഒന്നും കണക്കിലെടുക്കാതെ സർവതും സമർപ്പിക്കുവാൻ തയ്യാറാക്കുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ അനുഭവങ്ങൾ പാളിച്ചകളിലെ പാർവ്വതിയെ അനശ്വരമാക്കിയതോടു കൂടി കെ പി എ സി ലളിത മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറി.
പ്രേംനസീർ നായകനായി അഭിനയിച്ച “ചക്രവാകം” എന്ന ചിത്രത്തിലെ ഭ്രാന്തിയായിട്ടുള്ള ഈ നടിയുടെ പകർന്നാട്ടം അന്ന് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.
നായകനിരയിലേക്ക് ഉയർന്നില്ലെങ്കിലും മലയാളത്തിലെ ഏറ്റവും ശക്തയായ സഹനടി ആയിരുന്നു കെ പി എ സി ലളിത. ഏതു കഥാപാത്രവും അവരുടെ മികച്ച അഭിനയത്തികവിൽ വെള്ളിത്തിരയിൽ ഭദ്രമായിരുന്നു.
പ്രശസ്ത സംവിധായകൻ ഭരതൻ്റേയും നടി ശ്രീവിദ്യയുടേയും പ്രണയ ജീവിതത്തിലെ ഹംസമായിരുന്ന ഈ കലാകാരി പിന്നീട് ഭരതന്റെ ജീവിതസഖിയായത് ഒരു ജീവിത നിയോഗമാകാം .
പാട്ടുകളുടെ ചരിത്രമെടുത്താൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “അനുഭവങ്ങൾ പാളിച്ച ” കളിലെ
“കല്യാണീ കളവാണി
ചൊല്ലമ്മിണി ചൊല്ല് ..”
എന്ന ഗാനരംഗത്തിന് ഇവർ നൽകിയ ഭാവഗരിമ ഇന്നും എത്രയോ സംഗീതപ്രേമികൾ മനസ്സിൽ സൂക്ഷിക്കുന്നു.
“മാരിമലർ ചൊരിയുന്ന
കറുമ്പി പെണ്ണേ…”
“കല്ലായി പുഴയൊരു മണവാട്ടി
കടലിന്റെ പുന്നാരമണവാട്ടി …. “
എന്നിങ്ങനെ ” മരം ” എന്ന ചിത്രത്തിലെ രണ്ടു ഗാനരംഗങ്ങളിലും
കെ പി എ സി ലളിത നിറഞ്ഞു നിന്നത് മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല.
“വാഴ് വേ മായ ” ത്തിലെ
കർക്കിടകത്തിന് വിട ചൊല്ലി ആവണിത്തുമ്പിയേയും അവൾ പെറ്റ മക്കളേയും വരവേൽക്കുന്ന
“കാറ്റും പോയി
മഴക്കാറും പോയി….”
എന്ന ഗാനം മലയാളികളുടെ ഗൃഹാതുരത്വമായ ഓർമ്മകളിലൊന്നാണ്.
അതേപോലെതന്നെ മോഹൻലാലും കെ പി എ സി ലളിതയും മത്സരിച്ചഭിനയിച്ച “മാടമ്പി ” യിലെ
https://youtu.be/LJP1p97wcO8?t=9
“അമ്മ മഴക്കാറിന്
കൺനിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു…”
എന്ന ഗാനവും കേരളീയർ വേദനിക്കുന്ന ഹൃദയത്തോടെയാണ് നെഞ്ചിലേറ്റിയത് .
മികച്ച സഹനടിയ്ക്കുള്ള ദേശീയപുരസ്കാരം രണ്ടു തവണ കരസ്ഥമാക്കിയ
കെ പി എ സി ലളിത കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രണ്ടുവർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2022 ഫെബ്രുവരി 22 – ന് ഈ കലാകാരി നമ്മളോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞെങ്കിലും നടനകലയുടെ ആ ലളിതഭാവങ്ങൾ നമ്മളെ വിട്ടു പോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല. അഭിനയകലയുടെ മർമ്മമറിഞ്ഞ മഹാനടിയുടെ ഓർമ്മകൾക്ക് പ്രണാമം.
————————————————————————————————————-
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
—————————— —————————— —-