മൗനജീവിതം ഉപേക്ഷിക്കുന്ന സാഹിത്യകാരന്മാർ….

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ വഴങ്ങിനിന്ന എഴുത്തുകാരിൽനിന്ന് ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും ധീരമായ വിമർശനത്തിന്റെയും ശബ്ദം ഉയർന്നു തുടങ്ങുകയാണോ എന്ന് എഴുത്തുകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോ . ആസാദ് ചോദിക്കുന്നു.എങ്കിൽ മലയാളിക്ക് ആശ്വസിക്കാനും സന്തോഷിക്കാനും വഴിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.

ഡോ. ആസാദിൻ്റെ ഫേസ്ബുക്ക് പോസ്ററിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു:

ജോർജ് ഓർവെൽ സ്വപ്നത്തിൽ എം മുകുന്ദനോട് സംസാരിച്ചു. പരിഭവത്തിലായിരുന്നു തുടക്കം.

”നീ പാരീസിൽ വന്നിട്ട് എന്നെ മാത്രം കണ്ടില്ല. ആ കിഴവൻ വിക്തോർ ഹ്യൂഗോവിനെവരെ പോയിക്കണ്ടു. ഹെമിങ് വേയെയും ജെയിംസ് ജോയ്സിനെയും നീ കണ്ടു. ഞാൻ മാത്രം നിനക്കു വേണ്ടാത്തവനായി”.
‘നീ എന്നെ ബോധപൂർവ്വം മറന്നതാണ്. നിന്റെ കമ്യൂണിസ്റ്റ് പ്രേമമാണ് അതിനു കാരണം’.
ഓർവെൽ ഒന്നു നിർത്തിയിട്ടു പറഞ്ഞു.

”നീ മഹാനായ എഴുത്തുകാരനാണ്. പക്ഷേ, നിന്റെ അമിതമായ കമ്യൂണിസ്റ്റ് ഭ്രാന്ത് നിന്നെ എന്റെ അനിമൽഫാമിലെ പന്നിയെപ്പോലെ ഒരാളാക്കി മാറ്റും”.

മുകുന്ദൻ ജോർജ് ഓർവെലിനെ വീണ്ടും നമ്മുടെ വായനയിലേക്കും ചർച്ചയിലേക്കും കൊണ്ടുവരുന്നു. ഒരു പക്ഷേ, ഒരിക്കൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയോ ഒപ്പം നടക്കുകയോ ചെയ്ത് ആ പാർട്ടി വിട്ടുപോയ മനുഷ്യരെ സ്വാഭാവികമായി ഓർക്കുകയാവണം. അല്ലെങ്കിൽ കമ്യൂണിസ്റ്റ് വിമർശനത്തിന്റെ പുനർവായനക്ക് അദ്ദേഹം മറ്റേതോ വിധത്തിൽ നിർബന്ധിതനായതാവണം. അങ്ങനെ ഓർക്കാൻ പ്രേരിപ്പിക്കുന്ന സമകാലിക രാഷ്ട്രീയ സന്ദർഭം പ്രസക്തമാണ്.

ഓർവെലിനോട് അവസാനമായി മുകുന്ദൻ ചോദിക്കുന്നു:

”ജോർജ് ഓർവെൽ, ഞാൻ പാരീസിൽ വന്ന് നിങ്ങൾ ജീവിച്ച ഇടങ്ങളെല്ലാം കണ്ടു. നിശ്ശബ്ദം ഞാൻ നിങ്ങൾക്ക് ആദരവുകൾ അർപ്പിച്ചു. ഇനി നിങ്ങൾക്ക് എന്നെക്കുറിച്ച് ഒരു പരാതിയുമില്ലല്ലോ?”

undefined

”ഉണ്ട്. നീ എത്രയും വേഗം പിണറായി വിജയന്റെ സ്വാധീനത്തിൽനിന്ന് രക്ഷപ്പെടണം” ഓർവെൽ പറഞ്ഞു.
അപ്പോൾ താൻ എത്തിപ്പെട്ട നിസ്സഹായാവസ്ഥ മുറിച്ചു കടക്കാൻ അകത്തിരുന്ന് മുകുന്ദനെ പ്രേരിപ്പിക്കുന്ന ഒരകമുകുന്ദനുണ്ട്. അയാളാണ് പുറത്തു ചാടുന്നത്. അയാൾക്ക് സ്വന്തമായി ചിലതു പറയാനുണ്ട്. അത് താനാർജ്ജിച്ച ലോകബോദ്ധ്യത്തിൽനിന്നും തന്റെ അനുഭവത്തിൽനിന്നുമുള്ളതാണ്. തന്നെ വലയം ചെയ്തിരിക്കുന്ന ഒരു സ്വാധീനത്തിൽനിന്ന് തനിക്കു മുക്തനായേ പറ്റൂ. അതിന് ചിലതെല്ലാം തുറന്നു പറയണം. അതിന്റെ ആമുഖമല്ലാതെ മറ്റെന്താണ് ഈ സ്വപ്നം? തന്നെ നിശ്ശബ്ദ വിധേയനാക്കുന്ന, ഉരിഞ്ഞു മാറ്റേണ്ട സ്വാധീനം പിണറായി വിജയനാണെന്ന്, വിജയനെ കേന്ദ്രീകരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയാണെന്ന് ഏറെക്കുറെ തുറന്നു പറഞ്ഞിരിക്കുന്നു മുകുന്ദൻ.
ഇതു വായിച്ച് എഴുത്തിലെ ഒരു യാദൃച്ഛിക സ്ഖലിതമെന്ന് നിനച്ചിരിക്കുകയായിരുന്നു ഞാൻ. എന്നാൽ ഇന്നലെ കോഴിക്കോട് പ്രസ്ക്ലബ്ബിൽ പൊട്ടിത്തെറിച്ചിരിക്കുന്നു മുകുന്ദൻ. അതിന്റെ പൊള്ളുന്ന ചീളുകൾ ഇന്നത്തെ പത്രത്തിൽ ഞാൻ കണ്ടു. അദ്ദേഹം പറയുന്നു:

”ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും വേർതിരിക്കേണ്ട അതിര് എവിടെയാണെന്ന് നമുക്ക് മനസ്സിലാവാതെയായിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഇടതുപക്ഷ മനോഭാവമുണ്ടെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ നമ്മൾ പിന്തുടരുന്ന വഴി മൂലധന വ്യവസ്ഥിതിയുടേതാണ്. അതിന്റെ നിയമങ്ങളും സ്വഭാവങ്ങളുമാണ്. ഇവയൊന്നും ഇടതുപക്ഷ ചിന്തയുടെ കൂടെ പോവുന്നവയല്ല. ഇടതുപക്ഷമാണെന്ന് പറഞ്ഞുകൊണ്ടുതന്നെ ഈ മൂലധന വ്യവസ്ഥയുടെ സ്വഭാവ വിശേഷങ്ങളെല്ലാം സ്വാംശീകരിക്കുകയാണ് നമ്മൾ ചെയ്യുന്നത്. അതുകൊണ്ടാണ് ഇവിടെ ഇടതുപക്ഷം ദുർബ്ബലമായി വരുന്നത്”.

ഇതിൽക്കൂടുതൽ വ്യക്തമായി വാസ്തവം പറയുന്നതെങ്ങനെ? ഓർവെലിനെ പിറകിൽ നിർത്തി മുകുന്ദൻ പറഞ്ഞു തുടങ്ങുകയാണോ? കേരളത്തിൽ പലമട്ടു വഴങ്ങിനിന്ന എഴുത്തുകാരിൽനിന്ന് ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും ധീരമായ വിമർശനത്തിന്റെയും ശബ്ദം ഉയർന്നു തുടങ്ങുകയാണോ? എങ്കിൽ മലയാളിക്ക് ആശ്വസിക്കാനും സന്തോഷിക്കാനും വഴിയുണ്ട്.

സച്ചിദാനന്ദൻ ഇന്നലെ പറഞ്ഞതും ഇതുപോലൊരു സ്വയം വിമർശനമാണല്ലോ. അതിന്റെ മുനയും ചെന്നു മുട്ടുന്നത് ഒരേയിടത്താണല്ലോ.

”നാറുന്ന ചളിയിൽ ഞാൻ
നിൽക്കുന്നൂ, കൊടിയെല്ലാം
കാവിയായ് മാറുന്നതും
നോക്കി, ഊമയെപ്പോലെ”.

കേരളീയ ജീവിതത്തിൽ ദർശനങ്ങളുടെ വേറിട്ട വെളിച്ചങ്ങൾ പൊലിഞ്ഞുപോകുന്നതും മൂലധന വ്യവഹാരങ്ങളുടെ ഇരുട്ടിൽ എല്ലാം ഒന്നാകുന്നതും ഭയപ്പെടുത്തുന്നുണ്ട്. നമ്മുടെ പ്രഗത്ഭരായ എഴുത്തുകാർ അതേപ്പറ്റി പറയാൻ മൗനജീവിതം ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു. നന്നായി. മുകുന്ദനും സച്ചിദാനന്ദനും അഭിവാദ്യം.

Facebook suspends account of poet K Satchidanandan for posting video on  BJP's loss in Kerala polls