സതീഷ്കുമാർ വിശാഖപട്ടണം
തിരുവനന്തപുരത്തെ വെള്ളയമ്പലം മുതൽ ചെന്തിട്ട വരെയുള്ള സി വി രാമൻപിള്ള റോഡിന് രാജ്യത്തെ ഏറ്റവും നീളം കൂടിയ സ്മാർട്ട് റോഡ് എന്ന ബഹുമതി സ്വന്തമായിരിക്കുന്നു. 3.27 കിലോമീറ്റർ ആണ് ഈ ആധുനികറോഡിൻ്റെ ദൂരം .
ആന്ധ്രപ്രദേശിലെ വിജയവാഡയിൽ മൂന്നു കിലോമീറ്റർ നീളമുള്ള ഗോൾഡൻ മൈൽ റോഡിനെ പിന്തള്ളിയാണ് സി വി രാമൻപിള്ള റോഡ് ഈ നേട്ടം കൈവരിച്ചത്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ കെ ആർ എഫ് ബിയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് ഓപ്പറേറ്റീവ് സൊസൈറ്റിയാണ് സി വി രാമൻപിള്ള റോഡ് നിർമ്മിച്ചു കൊണ്ട് ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്നത്.
ഇന്നലെ വന്ന ഈ പത്രവാർത്ത വായിക്കുമ്പോൾ സ്വാഭാവികമായും പുതിയ തലമുറ ചോദിച്ചെന്നിരിക്കും ആരാണ് ഈ സി വി രാമൻപിള്ള …?
തിരുവതാംകൂറിന്റെ പ്രൗഢഗംഭീരമായ ചരിത്ര പശ്ചാത്തലത്തിൽ “മാർത്താണ്ഡവർമ്മ ” എന്ന മലയാളത്തിലെ ആദ്യത്തെ ചരിത്രനോവൽ എഴുതിയ പ്രശസ്ത എഴുത്തുകാരനാണ് സി വി രാമൻപിള്ള .
വിഗതകുമാരന് ശേഷം നിർമ്മിക്കപ്പെട്ട മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ “മാർത്താണ്ഡവർമ്മ ” എന്ന ചലച്ചിത്രത്തിന് ആധാരമായ ആദ്യസാഹിത്യകൃതി കൂടിയാണ് മാർത്താണ്ഡവർമ്മ .
ജെ സി ഡാനിയലിന്റെ ബന്ധുവായ സുന്ദർരാജ് എന്ന ചെറുപ്പക്കാരനാണ് “മാർത്താണ്ഡവർമ്മ ” എന്ന ചരിത്രനോവൽ സിനിമയാക്കാൻ മുന്നോട്ടുവന്നത്. തിരുവനന്തപുരത്തെ കമലാലയം ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച “മാർത്താണ്ഡവർമ്മ ” യുടെ പകർപ്പാവകാശം വാങ്ങാതെയായിരുന്നു അദ്ദേഹം ചിത്രനിർമ്മാണവുമായി മുന്നോട്ടു പോയത്.
ഈ കാരണം ചൂണ്ടിക്കാട്ടി അക്കാലത്തെ പ്രമുഖ ക്രിമിനൽ വക്കീലായിരുന്ന മള്ളൂർ ഗോവിന്ദപിള്ള നൽകിയ ഒരു കേസിൻ്റെ അടിസ്ഥാനത്തിൽ ചിത്രത്തിൻ്റെ പ്രദർശനം ശാശ്വതമായി നിരോധിക്കുക മാത്രമല്ല , ചിത്രത്തിൻ്റെ പ്രിൻ്റ് കോടതി കണ്ടുകെട്ടുകയും ചെയ്തതോടെ വെറും രണ്ട് ദിവസം മാത്രമാണ് “മാർത്താണ്ഡവർമ്മ ” ക്യാപിറ്റോൾ തിയേറ്ററിൽ പ്രദർശിപ്പിച്ചതെന്നറിയുന്നു.
പിന്നീട് മാർത്താണ്ഡവർമ്മയിലെ ഒരദ്ധ്യായമായ “പഞ്ചവൻകാടി ” നെ ആസ്പദമാക്കി വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ നോവൽ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ചലച്ചിത്രമാക്കുകയുണ്ടായി. തോപ്പിൽ ഭാസിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത്.
സത്യൻ, നസീർ , ഉമ്മർ ,ഷീല , ശാരദ തുടങ്ങിയ മുൻനിര താരങ്ങൾ പ്രത്യക്ഷപ്പെട്ട “പഞ്ചവൻകാട്ടി ” ലെ ഗാനങ്ങൾ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു. 1971 സെപ്തംബർ 3-ന് ആണ് ചിത്രം വെള്ളിത്തിരയിലെത്തിയത്. ഈ സിനിമയിൽ യേശുദാസ് പാടിയ
” കള്ളിപ്പാലകൾ പൂത്തു കാടൊരു വെള്ളിപ്പൂക്കുട തീർത്തു … “
https://youtu.be/5tRKeXqEopo?t=9
എന്ന ഗാനം കേൾക്കുമ്പോൾ നമ്മുടെ പരിസരത്തെവിടേയോ പാലപ്പൂക്കളുടെ മാദക ഗന്ധം പരന്നൊഴുകുന്നതു പോലെ അനുഭവപ്പെടാറുണ്ട് .
“രാജശില്പി നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ ….”
https://youtu.be/Yy2pC8KKImo?t=6
എന്ന പി.സുശീല പാടിയ ഗാനം അനുഭൂതികളുടെ കാണാക്കയങ്ങളിലേക്ക് അനുവാചകനെ കൊണ്ടുപോകുന്നു എന്നുള്ളതാണ് വാസ്തവം. സാധാരണ പ്രണയ ഗാനങ്ങൾ നായകനും നായികയും കൂടി പാടുന്നതായിരിക്കും. എന്നാൽ ഈ ഗാനത്തിൽ നായിക മാത്രം തന്റെ പ്രണയ മോഹങ്ങൾ ആരാധനാ രൂപത്തിൽ രാജശില്പിയോട് അപേക്ഷിക്കുകയാണ്.
“പുഷ്പാഞ്ജലിയിൽ
പൊതിയാനെനിക്കൊരു പൂജാവിഗ്രഹം തരുമോ …..”
എന്നാണ് ആ സുന്ദര വരികൾ .
ഗാനത്തിന്റെ അനുപല്ലവിയിൽ നായിക വീണ്ടും മനസ്സ് തുറക്കുന്നു .
“തിരുമെയ് നിറയെ
പുളകങ്ങൾ കൊണ്ടു ഞാൻ തിരുവാഭരണം ചാർത്തും ഹൃദയത്തളികയിൽ അനുരാഗത്തിൻ അമൃത് നിവേദിക്കും
മറക്കും എല്ലാം മറക്കും
ഞാനൊരു മായാലോകത്തിലെത്തും….”
എത്ര സുന്ദരമാണ് വയലാറിൻ്റെ കല്പനകൾ എന്നു നോക്കൂ.. വയലാറിന് മാത്രം എഴുതാൻ കഴിയുന്ന ശൃംഗാരം കവിഞ്ഞൊഴുകുന്ന വരികൾ …
ദേവരാജൻ നൽകിയ ദേവരാഗത്തിൻ്റെ വശ്യത… സുശീലയുടെ വരികളുടെ ഭാവമറിഞ്ഞുള്ള ആലാപനം ….
ഇതു പോലെയുള്ള ഒരു ഗാനം പോലും പുതിയ കാലത്ത് ഉണ്ടാകുന്നില്ലല്ലോ എന്നുള്ളതാണ് ഏറെ ഖേദകരം.
“ശൃംഗാരരൂപിണി
ശ്രീപാർവ്വതി
സഖിമാരുമൊരുമിച്ചു
പള്ളി നീരാട്ടിനു
ധനുമാസപ്പൊയ്കയിലിറങ്ങി…”
പഞ്ചവൻകാട്ടിൽ പി സുശീല പാടിയ ഈ ഗാനത്തിന് ശരിക്കും ഒരു തിരുവാതിര രാവിന്റെ കുളിരുണ്ടായിരുന്നു.
“ചുവപ്പു കല്ലിൻ മൂക്കുത്തി ..”.
( മാധുരി )
“മന്മഥപൗർണ്ണമി മംഗല്യം ചാർത്തിയ ….. “
(പി സുശീല )
https://youtu.be/hw1ZmAEWPl4?t=6
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ . മാർത്താണ്ഡവർമ്മ വീണ്ടും ചലച്ചിത്രമാക്കുന്നതായും ബാഹുബലിയിലൂടെ താരപദവി നേടിയ റാണ ദഗ്ഗുബാട്ടി മാർത്താണ്ഡവർമ്മയായി അഭിനയിക്കുന്നതായും ഈയിടെ ചില വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ചിത്രനിർമ്മാണം എവിടം വരെ എത്തിയെന്ന് ഇപ്പോൾ യാതൊരു നിശ്ചയവുമില്ല. സംഭവബഹുലമായ തിരുവതാംകൂറിന്റെ ചരിത്രം മലയാളികൾക്ക് വെള്ളിത്തിരയിലൂടെ കാണാൻ യോഗമില്ലായിരിക്കുമെന്ന് തോന്നുന്നു.
മലയാളത്തിലെ ചരിത്ര നോവലുകളിൽ ഇന്നും പ്രഥമസ്ഥാനത്ത് നില്ക്കുന്ന “മാർത്താണ്ഡവർമ്മ ” എഴുതിയ സി വി രാമൻ പിള്ള 1856 മേയ് 19 ന് തിരുവനന്തപുരത്താണ് ജനിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ ജന്മവാർഷികദിനം .
ഈ ദിവസത്തിൽ അദ്ദേഹത്തിന്റെ പ്രശസ്ത നോവലിൽ നിന്നും കടമെടുത്ത “പഞ്ചവൻകാട് ” എന്ന ചിത്രവും അതിലെ തേനൂറുന്ന ഗാനങ്ങളും ചരിത്രത്തിൽ ഇടം നേടിയ അദ്ദേഹത്തിൻ്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്മാർട്ട് റോഡിനെക്കുറിച്ചുള്ള പത്രവാർത്തയുമാണ് മനസ്സിൽ ഓടിയെത്തിയത് .
————————————————————————————–
(സതീഷ് കുമാർ : 9030758774)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക