സതീഷ് കുമാർ
വിശാഖപട്ടണം
സാഹിത്യ പോഷണം എന്ന ലക്ഷ്യവുമായി 1944- ലാണ് ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. “ടൈംസ് ഓഫ് ഇന്ത്യ ” ഗ്രൂപ്പിന്റെ ഉടമസ്ഥരായ സാഹു ജെയിൻ കുടുംബത്തിന്റെ ദീർഘവീക്ഷണത്താൽ രൂപവത്ക്കരിക്കപ്പെട്ട ഈ സ്ഥാപനത്തിന്റെ പേരിൽ നൽകപ്പെടുന്ന ഉന്നത പുരസ്ക്കാരം പിന്നീട് ഇന്ത്യൻ സാഹിത്യലോകത്തെ അവസാന വാക്കായി മാറി .
1965 മുതലാണ് ഭാരതീയ ഭാഷകളിലെ മികച്ച സാഹിത്യകൃതികൾക്ക് ജ്ഞാനപീഠ പുരസ്ക്കാരം നൽകാൻ തുടങ്ങിയത് . ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക .
ഇപ്പോൾ നൽകപ്പെടുന്നത് 11 ലക്ഷം രൂപയും . ആദ്യജ്ഞാനപീഠപുരസ്കാരം ലഭിച്ചത് ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലെ ജനങ്ങൾ സംസാരിക്കുന്ന മലയാളം എന്ന നമ്മുടെ സ്വന്തം ഭാഷയിലേയ്ക്കാണ് .

ജി ശങ്കരക്കുറുപ്പിന്റെ “ഓടക്കുഴൽ ” എന്ന കവിതാസമാഹാരം ജ്ഞാനപീഠം പുരസ്ക്കാരം നേടിയത് അന്ന് ഇന്ത്യയിലെ ദേശീയ പത്രങ്ങളിൽ വലിയ വാർത്തയായി.
മദ്രാസി എന്നു പറഞ്ഞ് പുച്ഛിച്ചിരുന്ന ദക്ഷിണേന്ത്യയിൽ കേരളം എന്നൊരു സംസ്ഥാനമുണ്ടെന്നും അവിടെ മലയാളം എന്നൊരു സുന്ദരമായ ഭാഷയുണ്ടെന്നും പല ഉത്തരേന്ത്യക്കാരും മനസ്സിലാക്കുന്നത് ഈ പുരസ്കാര ലബ്ധിക്കു ശേഷമാണ് .
രണ്ടായിരവും മൂവായിരവും വർഷങ്ങൾ പഴക്കമുള്ള തമിഴ് , തെലുങ്ക് തുടങ്ങിയ ശ്രേഷ്ഠഭാഷകളെ പിന്തള്ളിയാണ് കേവലം 600 വർഷങ്ങളുടെ പാരമ്പര്യം മാത്രമുള്ള, തുഞ്ചത്തെഴുത്തച്ഛന്റെ തിരുമധുരമായ, മലയാളഭാഷ മഹത്തായ ഈ നേട്ടം കൈവരിച്ചത്.
പിൽക്കാലത്ത് സുകുമാർ അഴീക്കോട് എഴുതിയ ” ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു ” എന്ന നിരൂപണ കൃതിയിലൂടെ വൻ വിവാദങ്ങൾ ഉടലെടുത്തെങ്കിലും ശങ്കരക്കുറുപ്പിന് മലയാള സാഹിത്യ രംഗത്ത് വൻ സ്വീകാര്യതയാണ് ഈ പുരസ്ക്കാരത്തിലൂടെ ലഭിച്ചത്.
വെറും പതിനേഴാം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലിയിൽ പ്രവേശിച്ച ശങ്കരക്കുറുപ്പ് പടിപടിയായി ഉയർന്ന് മഹാരാജാസിൽ അധ്യാപകനായിരിക്കെ തന്നെ മലയാള കവിതാരംഗത്തെ നിറസാന്നിധ്യമായി മാറാൻ തുടങ്ങി.
കേരള സാഹിത്യ അക്കാദമി പ്രസിഡൻറ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്ന നിലകളിൽ ശോഭിച്ച ശങ്കരക്കുറുപ്പ് ഒരു ചലച്ചിത്രഗാന രചയിതാവ് കൂടിയാണ്.
പിന്നണിഗാനസമ്പ്രദായത്തിന് തുടക്കം കുറിച്ച മലയാളത്തിലെ നാലാമത്തെ ചിത്രമായ
“നിർമ്മല “യിലെ 10 ഗാനങ്ങൾ എഴുതിയത് ജി ശങ്കരക്കുറുപ്പാണ് .
പെരുമ്പടവം ശ്രീധരൻ എഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത “അഭയം ” എന്ന ചിത്രത്തിലെ “ശ്രാന്തമംബരം “ ആണ് ശങ്കരക്കുറുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനം.
https://youtu.be/WhLv6dlQozw?t=10
1964-ൽ പുറത്തിറങ്ങിയ “ഭാർഗ്ഗവീനിലയം ” എന്ന ചിത്രത്തിലെ
“താമസമെന്തേ വരുവാൻ ” എന്ന ഗാനം കേട്ട മലയാളത്തിന്റെ പ്രിയ കവി ജി ശങ്കരക്കുറുപ്പാണ് ഗായകൻ യേശുദാസിനെ
” ഗാനഗന്ധർവ്വൻ ” എന്ന് വിശേഷിപ്പിക്കുന്നത്. സാഹിത്യ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ചതിനാൽ ഗാനരചനയിൽ നിന്നും അദ്ദേഹം വളരെ അകലം പ്രാപിക്കുകയാണുണ്ടായത്.
“പാടുക പൂങ്കുയിലേ …”
(ചിത്രം നിർമ്മല – സംഗീതം ഇ ഐ വാര്യർ – ആലാപനം ടി കെ ഗോവിന്ദറാവു -പി ലീല )
https://youtu.be/6ihkJK7XUd8?t=10
![Nirmala [1948]](https://en.msidb.org/_PhotosfrmBlog/3395_1.jpg)
” ഏട്ടൻ വരുന്ന ദിനമേ …”
(ചിത്രം നിർമ്മല – സംഗീതം
ഇ ഐ വാര്യർ- ആലാപനം വിമല ബി വർമ്മ )
“ഇന്നു ഞാൻ നാളെ നീ …”
(ചിത്രം യാചകൻ – സംഗീതം എസ് എൻ ചാമി – ആലാപനം വൈക്കം രാജൻ )
“എത്ര മനോഹരമാണവിടുത്തെ …”
(ചിത്രം മുടിയനായ പുത്രൻ -സംഗീതം ബാബുരാജ് – ആലാപനം ശാന്ത പി നായർ )
“പൂവുകൾ തെണ്ടും പൂമ്പാറ്റ….”
(ചിത്രം ഒരാൾ കൂടി കള്ളനായി സംഗീതം ജോബ് –
ആലാപനം പി ലീല )
” നീരദലതാഗൃഹം … “
( സംഗീതം ദക്ഷിണാമൂർത്തി – ആലാപനം എസ് ജാനകി – ചിത്രം അഭയം )
“എരിയും സ്നേഹാർദ്രമാം …”.(ചിത്രം അഭയം – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം പി ലീല )

https://youtu.be/0Vx08mc-vwI?t=9
” മന്ദമന്ദമെൻ താഴും മുഗ്ദ്ധമാം …”
( സംഗീതം രവീന്ദ്രൻ – ആലാപനം യേശുദാസ് -ചിത്രം അടുത്തടുത്ത് )
എന്നിവയെല്ലാം മഹാകവി ശങ്കരക്കുറുപ്പ് എഴുതിയ ഗാനങ്ങളും കവിതകളുമാണ് .
1901 ജൂൺ 3 – ന് എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോടിൽ ജനിച്ച
ജി ശങ്കരക്കുറുപ്പിന്റെ ജന്മവാർഷിക ദിനമാണിന്ന്.
മലയാള സാഹിത്യലോകത്തെ ആദ്യമായി ജ്ഞാനപീഠ പുരസ്ക്കാരത്തിന്റെ ധന്യതയിലെത്തിച്ച മഹാകവിയുടെ സ്മരണകൾക്ക് പ്രണാമം .
—————————————————————————————————————
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 245