ഞായറാഴ്ച സത്യപ്രതിജ്ഞ: സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: മൂന്നാം എൻ ഡി എ സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമ്പോൾ തൃശ്ശൂർ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നടൻ സുരേഷ് ഗോപി മന്ത്രിസഭയിൽ അംഗമാവും.അദ്ദേഹത്തിന് ഇതു സംബന്ധിച്ച നിർദേശം ലഭിച്ചു. മൊത്തം അമ്പതോളം പേർ മുന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ആദ്യഘട്ടത്തിൽ അധികാരമേൽക്കും.

ബി ജെ പി യിലെ പ്രമുഖരായ അമിത് ഷാ, രാജ്നാഥ് സിം​ഗ്, പീയൂഷ് യോ​ഗൽ, എസ് ജയശങ്കർ, നിർമ്മല സീതാരാമൻ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ മന്ത്രിസഭയിൽ തുടരും. പാർടി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെപി നദ്ദ, മുതി‌ർന്ന നേതാക്കളായ മനോഹർലാൽ ഖട്ടർ, ശിവരാജ് സിം​ഗ് ചൗഹാൻ എന്നിവരും പരി​ഗണനയിലുണ്ട്.

യുവതലമുറയിലെ ബാൻസുരി സ്വരാജ്, തേജസ്വി സൂര്യ, വസുന്ധരെ രാജെ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിം​ഗ്, ബം​ഗാൾ ബിജെപി അധ്യക്ഷൻ സുകന്ത മജുംദാർ എന്നിവരും പരി​ഗണനയിലുണ്ട്.

സഖ്യകക്ഷികളിൽനിന്നും ചിരാ​ഗ് പാസ്വാൻ കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പാണ്. ടിഡിപി ആറും ജെഡിയു നാലും കേന്ദ്ര ക്യാബിനററ് മന്ത്രി സ്ഥാനങ്ങളാണ് ആവശ്യപ്പെട്ടത്. ലോക്‌സഭാ സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ടിഡിപി ഇതുവരെ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ലെന്നാണ് സൂചന.