ചെന്നൈ: ഡിഎംകെ സർക്കാരിന് വൻ തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ചെന്നൈ ഹൈക്കോടതി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് മൂന്നു വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു.
അതേസമയം, തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്ന് അദ്ദേഹം രാജിവെക്കില്ലെന്നാണ് പറയുന്നത്. പൊന്മുടിയുടെ വകുപ്പുകൾ താൽക്കാലികമായി മന്ത്രി രാജാ കണ്ണപ്പന് കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ശിക്ഷ ശരിവച്ചാൽ പൊൻമുടിക്ക് എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടമാകും.
പൊൻമുടി 2006നും 2011നും ഇടയിൽ ഖനി, ധാതു വകുപ്പ് മന്ത്രിയായിരിക്കെ, തമിഴ്‌നാട് മൈനർ മിനറൽ കൺസെഷൻസ് ആക്ട് ലംഘിച്ചുവെന്നാണ് ഇ ഡി ആരോപിക്കുന്നത്. മന്ത്രി അനധികൃതമായി പൊൻമുടി വാനൂർ ബ്ലോക്കിലെ പൂത്തുറയിൽ, 28.37 കോടി വിലമതിക്കുന്ന ചുവന്ന മണൽ ക്വാറി അനധികൃതമായി അനുവദിച്ചതായും ഇ ഡി പറയുന്നു.
വില്ലുപുരം ജില്ലയിൽ നിന്നുള്ള പൊൻമുടി പിഎച്ച്‌ഡി നേടിയിട്ടുണ്ട്. കുറച്ച് കാലം പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഡിഎംകെയിലേക്ക് ആകർഷിക്കപ്പെട്ടു. 1989ൽ വില്ലുപുരത്ത് നിന്നാണ് അദ്ദേഹം ആദ്യമായി എംഎൽഎയാകുന്നത്.
ആറ് തവണ എംഎൽഎയായ 72കാരൻ, നിലവിൽ കല്ലുറിച്ചി ജില്ലയിലെ തിരുക്കോയിലൂർ നിയോജക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നു. വില്ലുപുരം-കല്ലാകുറിച്ചി മേഖലയിൽ ഗണ്യമായ സ്വാധീനമുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു.