സോളാർ ; സി.ബി.ഐയുടെ കണ്ടെത്തൽ ചർച്ചയാകും

തിരുവനന്തപുരം: സോളാർക്കേസിൽ പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ എഴുതിയ ആദ്യ കത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമുള്ള സി.ബി.ഐയുടെ കണ്ടെത്തൽ വരും ദിനങ്ങളിലെ ചർച്ചയാകും .

ഉമ്മൻചാണ്ടിയെ കുടുക്കാൻ പരാതിക്കാരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടിവന്ന കെ.ബി.ഗണേശ് കുമാർ, അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവരാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് 77 പേജുള്ള റിപ്പോർട്ട്.

ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഗണേശ് കുമാർ നവംബറിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരിക്കേയാണ് വിവരം പുറത്തുവന്നത്.2012 സെപ്തംബർ 19 ന് ക്ളിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചതിന് സാക്ഷി പറയാൻ മുൻ എം.എൽ.എ പി.സി. ജോർജുമായി ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ സൂചനയുണ്ട്. എന്നാൽ, പീഡനത്തിന് സാക്ഷിയല്ലെന്ന മൊഴിയാണ് ജോർജ് സി.ബി.ഐക്ക് നൽകിയത്.

ഒന്നാം പിണറായി സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ഉമ്മൻചാണ്ടിക്കെതിരായ പീഡനക്കേസ് സി.ബി.ഐ കൊച്ചി യൂണിറ്ര് അന്വേഷിച്ചത്. ഡിസംബറിൽ സി.ബി.ഐ ഇൻസ്പെക്ടർ നിപുൻ ശങ്കർ സമർപ്പിച്ച റിപ്പോർട്ട്, ഈ സെപ്തംബർ രണ്ടിന് കോടതി അംഗീകരിക്കുകയും ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

 

 പരാതിക്കാരി മറ്റൊരു കേസിൽ ജയിലിൽ കഴിയുമ്പോൾ ഗണേശ് കുമാർ തന്റെ സഹായിയെ വിട്ട് കത്ത് കൈവശപ്പെടുത്തിയെന്ന് സി.ബി.ഐക്ക് ലഭിച്ച മൊഴി. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ എഴുതിച്ചേർക്കാൻ തയ്യാറാക്കിയ മറ്ര് നാല് കത്തുകൾ സി.ബി.ഐ തെളിവായി ശേഖരിച്ചു. പത്തനംതിട്ട ജയിലിൽ കഴിയുമ്പോൾ അഞ്ച് സെറ്ര് കത്തുകൾ തയ്യാറാക്കിയതായി ബോദ്ധ്യപ്പെട്ടു. രണ്ട് കത്തുകൾ വിവാദ ദല്ലാൾ നന്ദകുമാറിന് കൈമാറിയതായി ശരണ്യ മനോജിന്റെ മൊഴി.പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്കകം കാണാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാൾ ആണെന്ന് പരാതിക്കാരിയുടെ ഡ്രൈവറുടെ മൊഴി. ഉമ്മൻചാണ്ടിയെ കാണാൻ ക്ളിഫ് ഹൗസിൽ പോയിട്ടില്ലെന്നും ഡ്രൈവറുടെ മൊഴി.

ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരും. മുഖ്യമന്ത്രിക്കും ഗണേശ് കുമാറിനും എതിരെ  ആക്രമണം നടത്തും. അതിനു തയ്യാറായില്ലെങ്കിൽ ഉമ്മൻചാണ്ടിയുടെ കുടുംബമോ പാർട്ടി പ്രവർത്തകരോ കോടതിയെ സമീപിച്ചേക്കാം.ഗൂഢാലോചനക്കേസ് സി.ബി.ഐയുടെ കൈകളിലേക്ക് പോകാം. അതു തടയാൻ പൊലീസ് കേസെടുത്തേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News