പ്രജ്വലിന്റെ പാസ്പോര്‍ട്ട്: പ്രധാനമന്ത്രിക്ക് സിദ്ധരാമയ്യയുടെ കത്ത്

ബംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ചാണ് പ്രജ്വല്‍ രാജ്യം വിട്ടതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

നിരവധി സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന പ്രജ്വല്‍ രേവണ്ണ (33) പ്രതിയായ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. സി.ഐ.ഡി വിഭാഗം എ.ഡി.ജി.പി ബിജയ് കുമാർ സിങ്, എ.ഐ.ജി സുമൻ ഡി. പെന്നേക്കർ, മൈസൂരു ജില്ല പൊലീസ് സൂപ്രണ്ട് സീമ ലഡ്കർ എന്നിവരടങ്ങുന്നതാണ് എസ്.ഐ.ടി.

എന്നാൽ ഏഴ് ദിവസത്തിനകം എസ്.ഐ.ടി മുമ്പാകെ ഹാജരാവാമെന്ന് പ്രജ്വല്‍ രേവണ്ണ അറിയിച്ചു.
അഭിഭാഷകൻ മുഖേനയാണ് വിവരം കൈമാറിയത്. കത്ത് എക്സില്‍ പങ്കുവെച്ച പ്രജ്വല്‍ സത്യം വൈകാതെ പുറത്തുവരുമെന്നും കുറിച്ചു.

പ്രജ്വല്‍ കർണാടയില്‍ ഏത് മാർഗത്തില്‍ എത്തിയാലും ഉടൻ അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്.