തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിനുമേല്‍ കേസിന്‍റെ കുരുക്കു കൂടി മുറുകിയിട്ടും സിപിഎം രക്ഷാകവചം തീർക്കുന്നത് തുടരുന്നു. മുകേഷിന്‍റെ രാജിക്കായി തെരുവില്‍ സമ്മര്‍ദ്ദം ശക്തമാകുമ്പോഴും സിപിഎമ്മിലും ഇടതു മുന്നണി തലപ്പത്തും ആശങ്കയില്ല.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടന്ന് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനമായിട്ടുണ്ട്. എന്നാൽ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടും. മുകേഷിനെ ഒഴിവാക്കുക സമിതി പുന:സംഘടിപ്പിക്കുമ്പോൾ ആയിരിക്കും.
ഇതിനിടെ, ആരോപണവിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുകേഷിനെ പ്രതിരോധിക്കുകയാണ് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്‍.
രാജിക്ക് ധൃതി വേണ്ടെന്നുപറഞ്ഞ സിപിഐ,നിലപാട് കടുപ്പിക്കാന്‍ യോഗം ചേരുകയാണ്.മുകേഷിനെതിരെ
കേസെടുത്തതോടെ ദേശീയ നേതാവ് ആനിരാജ നിലപാട് കടുപ്പിക്കുന്നു. രാജിവെച്ചേ തീരൂ എന്നാണ് അവരുടെ നിലപാട്.സര്‍ക്കാര്‍ ഇരയ്ക്കൊപ്പം എന്നാവര്‍ത്തിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമായ നിലപാടെടുക്കുന്നില്ല.
രാജി കാര്യത്തിൽ സിപിഐയിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് സൂചനകൾ.രാജിവക്കാതെ മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം.
പൊതു പ്രവർത്തനത്തിൽ ധാർമ്മികത അനിവാര്യമെന്നാണ് ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. രാജി ആവശ്യം കടുപ്പിക്കേണ്ടെന്നാണ് ബിനോയ് വിശ്വം പറയുന്നത്.രാജി കാര്യത്തിൽ സിപിഎമ്മും മുകേഷും തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബിനോയ് വിശ്വം.
പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയിരുന്നു എന്ന് പറയുന്നുണ്ട്.ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് അദ്ദേഹം വാദിക്കുന്നത്.നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു.