December 12, 2024 6:57 pm

വിജ്ഞാപനമായി ; രാഹുൽ വീണ്ടും ലോക്സഭയിൽ

ന്യൂഡൽഹി: അപകീര്‍ത്തികേസിലെ വിധി സുപ്രിംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു.

ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതോടെ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാനാകും.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും.

പ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും നിന്ന് പ്രസംഗിക്കുക.

137 ദിവസങ്ങൾക്കു ശേഷമാണ് രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് മടങ്ങിയെത്തുക. കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു.

എന്നാൽ, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോകസഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാൽ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇത് വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്‌പീക്കർ ഓം ബിർലയ്‌ക്ക് കോൺഗ്രസ് കത്ത് നൽകിയിരുന്നു.

എന്നാലിത് നേരിട്ട് സ്വീകരിക്കാതെ സ്‌പീക്കർ ഓം ബിർല ഒഴിഞ്ഞു മാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോൺഗ്രസ് ലോകസ്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കത്ത് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ എൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 23ലെ സുപ്രീംകോടതി ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News