December 12, 2024 7:20 pm

മഴയില്ലെങ്കില്‍ പവര്‍കട്ട്

തിരുവനന്തപുരം: മഴപെയ്തില്ലെങ്കില്‍ ഓണം കഴിഞ്ഞാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും. നിലവിലെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല സമിതിയോഗത്തിലാണ് പവര്‍കട്ട് ഉള്‍പ്പെടയുള്ള വിഷയങ്ങള്‍ പരിഗണിച്ചത്. 21ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ തുടര്‍ചര്‍ച്ച നടത്തും. ഓണക്കാലം പരിഗണിച്ചാണ് ഉടന്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്.

മഴയില്ലാത്തതിനാല്‍ ജലവൈദ്യുത ഉത്പാദനകേന്ദ്രങ്ങളിലെ അണക്കെട്ടുകളില്‍ വെള്ളമില്ല. എല്ലാഡാമുകളിലും കൂടി 37ശതമാനമാണുളളത്. ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ 32ശതമാനമാണ് വെള്ളം. ഇതെല്ലാം ഉപയോഗിച്ച് 1531ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാം. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 3425ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു.

ആഗസ്റ്റില്‍ മാത്രം 90ശതമാനമാണ് മഴയുടെ കുറവ്. ഇതോടെ വരും മാസങ്ങളില്‍ നീരൊഴുക്കും കാര്യമായി പ്രതീക്ഷിക്കാനാവില്ല.അതേസമയം മഴയില്ലാത്തതിനാല്‍ വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. ഇന്നലെ 80.90ദശലക്ഷം യൂണിറ്റാണ് ഉപഭോഗം.കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 56ദശലക്ഷം യൂണിറ്റായിരുന്നു.ഇതില്‍ 25ദശലക്ഷം മാത്രമാണ് കേന്ദ്രഗ്രിഡില്‍ നിന്ന് വാങ്ങുന്നത്. സാമ്പത്തികപ്രതിസന്ധിമൂലം ജലവൈദ്യുതി ഉത്പാദനം കൂട്ടി 19ദശലക്ഷം യൂണിറ്റാക്കി. എന്നിട്ടും 31 ദശലക്ഷം വാങ്ങേണ്ടിവരുന്നുണ്ട്. വരും മാസങ്ങളില്‍ മഴ പെയ്യുമെന്ന് സൂചനകളുമില്ല.

ദീര്‍ഘകാലകരാര്‍ റദ്ദാക്കിയതുമൂലം 450മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് കുറഞ്ഞത്. ഇതില്‍ 200മെഗാവാട്ട് താത്ക്കാലികാടിസ്ഥാനത്തില്‍ കിട്ടുന്നുണ്ട്. ഹ്രസ്വകാലകരാറിന് ടെന്‍ഡര്‍ വിളിച്ചെങ്കിലും നടപടികള്‍ സെപ്തംബര്‍ രണ്ടിനേ തുടങ്ങാനാകൂ. കല്‍ക്കരിക്ഷാമം മൂലം നിലവിലെ കരാറില്‍ 100മെഗാവാട്ട് കിട്ടുന്നില്ല.ഇതുമൂലം മൊത്തം 500മെഗാവാട്ടിന്റെ വൈദ്യുതി കമ്മിയാണ് നേരിടുന്നത്.

ഇത് പരിഹരിക്കാന്‍ ഓപ്പണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വന്‍വിലയ്ക്ക് വൈദ്യുതിവാങ്ങുകയാണ്.ഇതിന് ബില്‍ ഉടനടി സെറ്റില്‍ ചെയ്യേണ്ടിവരും.ദിവസം 15കോടിയോളം രൂപ ഇതിനായി കണ്ടെത്തേണ്ടിവരും.ഇതിന് കെ.എസ്.ഇ.ബിക്കാവില്ല. അതുകൊണ്ടാണ് പവര്‍കട്ടിനെക്കുറിച്ച് ആലോചിക്കേണ്ടിവന്നത്. ഹ്രസ്വകാല കരാര്‍ വൈദ്യുതി കിട്ടിത്തുടങ്ങുകയോ മഴ പെയ്യുകയോ ചെയ്യുന്നതുവരെ പവര്‍ കട്ട് തുടരേണ്ടിവരും.

കെ.എസ്.ഇ.ബി വൈദ്യുതിനിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷന്‍ ഒരുങ്ങിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സെസ് കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും യൂണിറ്റിന് 10 പൈസയില്‍ കൂടാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുവദിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News