ഓപ്പൻഹൈമർ ഏഴ് പുരസ്കാരം കരസ്ഥമാക്കി

ഹോളിവുഡ്: ഓസ്കർ വാരിക്കൂട്ടി ഓപ്പൻഹൈമർ.കിലിയൻ മർഫി മികച്ച നടൻ. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ.13 നോമിനേഷനുകളുമായെത്തിയ ഓപ്പൻഹൈമർ ഏഴ് പുരസ്കാരം നേടി.

മികച്ച ചിത്രത്തിനുള്ള ഓസ്കർ ഓപ്പൻഹൈമർ നേടി. ഈ വർഷത്തെ മികച്ച ഒറിജിനൽ സ്‌കോറിനുള്ള ഓസ്‌കറും ചിത്രം നേടി. ലുഡ്‌വിഗ് ഗൊറാൻസൺ ആണ് ഒറിജിനൽ സ്‌കോറിനുള്ള അംഗീകാരത്തിന് അർഹനായത്.

മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ ഓപ്പൺഹൈമറിന് ലഭിച്ചു. മികച്ച ഫിലിം എഡിറ്റിംഗ് പുരസ്കാരവും ചിത്രത്തെ തേടിയെത്തി. കൂടാതെ ഓപ്പൻഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി.

എമ്മ സ്റ്റോൺ ആണ് മികച്ച നടി. പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്. ‘ഗോഡ്‌സില്ല മൈനസ് വൺ’ ഈ വർഷത്തെ മികച്ച വിഷ്വൽ ഇഫക്ട്‌സ് ഓസ്‌കർ നേടി. ‘ദ സോൺ ഓഫ് ഇൻ്ററസ്റ്റ്’ എന്ന ചിത്രത്തിലൂടെ യുണൈറ്റഡ് കിംഗ്ഡം മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഓസ്‌കർ കരസ്ഥമാക്കി. മികച്ച വസ്ത്രാലങ്കാരം, ഹെയർ ആൻഡ് മേക്കപ്പ്, പ്രൊഡക്ഷൻ ഡിസൈൻ എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരം പുവർ തിങ്‌സ് ടീം സ്വന്തമാക്കി.

മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കർ കോർഡ് ജെഫേഴ്സൺ എഴുതിയ ‘അമേരിക്കൻ ഫിക്ഷൻ’ നേടി. മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്‌കാരം ‘അനാട്ടമി ഓഫ് എ ഫാൾ’ എന്ന ചിത്രത്തിലൂടെ ജസ്റ്റിൻ ട്രയറ്റും ആർതർ ഹരാരിയും നേടി. ‘ദി വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ’ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള ഓസ്‌കാർ നേടി. യുകെ ചലച്ചിത്രമായ ദി സോൺ ഓഫ് ഇൻ്ററസ്റ്റിന് മികച്ച ശബ്‌ദത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

‘ഓപ്പൻഹൈമർ’ എന്ന ചിത്രത്തിലെ ലൂയിസ് സ്ട്രോസ് എന്ന കഥാപാത്രത്തിലൂടെയാണ് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയത്. വളരെ സങ്കീർണ്ണമായ കഥാപാത്രത്തെ ഡൗണി അവതരിപ്പിച്ചത് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ നേടി. അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ വ്യാഖ്യാനം ഈ വേഷത്തിന് ജീവൻ നൽകിയിരുന്നു. ഇതോടെയാണ് തൻ്റെ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി 96-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.

മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ഡോക്യുമെന്ററി ടു കിൽ എ ടൈഗർ ഇടം നേടി. നിഷ പഹുജ സംവിധാനം ചെയ്ത ഡോക്യുമെന്ററി ജാർഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് ഓസ്കർ പുരസ്കാരത്തിനായി മാറ്റുരയ്ക്കുന്നത്. സാസി ബീറ്റ്സും ജാക് ക്വായിഡും ചേർന്നാണ് നോമിനേഷൻസ് പ്രഖ്യാപിച്ചത്