മൂന്നാം എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് മോദി

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭരണത്തിലേറാൻ തയാറെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെപി.

ബി ജെ പി യ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മൂന്നാം എൻ ഡി എ സർക്കാർ രൂപവൽക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർടി പ്രസിഡണ്ട് ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ഒപ്പമുണ്ടായിരുന്നു.

എൻ ഡി എ ഘടക കക്ഷികളെ ഉറപ്പിച്ചു നിർത്തി സർക്കാരുണ്ടാക്കാനാണ് മോദിയുടെ ശ്രമം. ടി ഡി പിയുടെ പിന്തുണ തേടി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചന്ദ്രബാബു നായിഡുവുമായി ഫോണില്‍ സംസാരിച്ചു. എന്‍ഡിഎയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് നായിഡു വ്യക്തമാക്കി എന്നാണ് സൂചന. അദ്ദേഹം കാലുമാറാതിരിക്കാൻ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം അടക്കമുള്ള വലിയ വാഗ്ദാനങ്ങള്‍ ബിജെപി മുന്നോട്ടുവെച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.

ഇതിനിടെ നായിഡുവുമായി ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യാ സഖ്യം. നിതീഷ് കുമാറുമായും അവർ ആലോചനകൾ നടത്തുന്നുണ്ട്. നിതീഷിനെ പ്രധാനമന്ത്രിയാക്കി സർക്കാർ ഉണ്ടാക്കണം എന്ന് ബംഗാൾ മുഖ്യമന്തി മമത ബാനർജി നിർദേശിച്ചത് ഇതിൻ്റെ ഭാഗമാണ്. പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തി ഭരണം പിടിച്ചെടുക്കാനാണ് കോൺഗ്രസ് ചരടുവലിക്കുന്നത്.

നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്‍റെ ടി ഡി പിയും ഇന്ത്യാ മുന്നണിക്ക് ഒപ്പം നിന്നാൽ 30 സീറ്റുകൾ കൂടി ഇന്ത്യാ മുന്നണിക്ക് ലഭിക്കും. ഒഡീഷയിലെ നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും

പ്രചരണ തന്ത്രം പാളിയതാണ് ബി ജെ പിക്ക് വിനയായത്. വികസിത ഭാരതം, മോദി ഗാരന്റി എന്നിവയായാരുന്നു ആദ്യ ഘട്ടത്തിലെ മുദ്രാവാക്യങ്ങള്‍. ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം പോളിങ് ശതമാനത്തിലുണ്ടായ വീഴ്ചയ്ക്ക് പിന്നാലെ,വിദ്വേഷ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി മോദി തന്നെ രംഗത്തെത്തി.

രാജസ്ഥാനിലെത്തിയ അദ്ദേഹം,മുസ്‌ലിം വിഭാഗത്തിനെതിരേ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തി. കോണ്‍ഗ്രസ് വിജയിക്കുന്നപക്ഷം അവര്‍ രാജ്യത്തിന്റെ സമ്പത്ത് ‘നുഴഞ്ഞുകയറ്റക്കാര്‍ക്ക്’ വിതരണം ചെയ്യുമെന്നും എസ്.സി.,എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണം മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും മോദി ആരോപിച്ചു.

ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും വേണ്ടി കോണ്‍ഗ്രസ്, പ്രത്യേകം ബജറ്റുകള്‍ തയ്യാറാക്കുമെന്നായിരുന്നു അഞ്ചാംഘട്ട പ്രചാരണത്തിനായി മുംബൈയിലെത്തിയ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്തെ സേവിക്കാൻ തന്നെ ദൈവം അയച്ചതാണെന്ന പരാമര്‍ശവും റിച്ചാർഡ് ആറ്റന്‍ബറോയുടെ ‘ഗാന്ധി’ സിനിമയ്ക്ക് മുന്‍പ് ഗാന്ധിജിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പരാമര്‍ശവും വലിയ പരിഹാസങ്ങള്‍ക്ക് വഴിയൊരിക്കി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ സാമ്പത്തിക സര്‍വേ നടത്തുമെന്നും സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നും മോദി മുന്നറിയിപ്പ് നൽകി. ഇതല്ലാം ബി ജെ പിയുടെ വിശ്വാസ്യതയ്ക്ക് ഗുരുതരമായ മങ്ങലേൽപ്പിച്ചു.  ഇന്ത്യമുന്നണി നേതാക്കൾ ബിജെ പിയുടെ ഈ വീഴ്ചകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി എന്നു വേണം വിലയിരുത്താൻ.