മോദിയെ പരിഹസിച്ചു; മാലദ്വീപിൽ മന്ത്രിമാർ തെറിച്ചു

മാലെ : ലക്ഷദ്വീപിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് എക്സ് പ്ലാററ്ഫോമിൽ എഴുതിയ മാലദ്വീപ് മന്ത്രി മറിയം ഷിവുനയ്ക്ക് സസ്പെൻഷൻ. മോദിക്കെതിരെ രംഗത്ത് വന്ന മന്ത്രിമാരായ മാൽഷ ഷരീഫ്, മഹ്സൂം മജീദ് എന്നിവരെയും മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്ത .

‘എന്തൊരു കോമാളി, ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നാണ് മറിയം എക്സ് പ്ലാറ്റ്ഫോമിൽ മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ വിഡിയോ പങ്കുവച്ച് കുറിച്ചത്. വിവാദമായതിനു പിന്നാലെ ഈ പോസ്റ്റ് മന്ത്രി നീക്കി.

മന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഔദ്യോഗിക നിലപാടല്ലന്നും മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

‘മാലദ്വീപിനെ ബഹിഷ്കരിക്കുക’ എന്ന ആഹ്വാനവുമായി നിരവധി പേർ എക്സ് പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. മാലദ്വീപിൽ അവധി ആഘോഷിക്കാനുള്ള തീരുമാനം റദ്ദാക്കിയെന്നും ഒട്ടേറെപ്പേർ അറിയിച്ചു. ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും പ്രതിഷേധം പ്രകടിപ്പിച്ചു.

ഭയപ്പെടുന്ന ഭാഷാപ്രയോഗമാണ് മന്ത്രി നടത്തിയതെന്നു മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് പറഞ്ഞു.മാലദ്വീപിനെ ലക്ഷ്യം വച്ചുകൊണ്ടാണ് മോദിയുടെ സന്ദർശനം എന്നായിരുന്നു മന്ത്രി മാജിദിന്റെ പ്രസ്താവന. മന്ത്രിമാർ വാക്കുകൾ സൂക്ഷിക്കണമെന്നു മുഹമ്മദ് നഷീദ് പറഞ്ഞു.

‘‘മാലിദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായം നൽകുന്ന സഖ്യത്തിന്റെ നേതാവിനെതിരെ എന്തുതരം ഭയാനകമായ ഭാഷയാണു പ്രയോഗിക്കുന്നത്. സർക്കാർ ഇത്തരം അഭിപ്രായങ്ങളിൽനിന്ന് അകന്നുനിൽക്കുകയും അവ സർക്കാർ നയത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പ് നൽകുകയും വേണം’’ – നഷീദ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.