January 24, 2025 2:25 am

മഹാരാഷ്ട്രയിൽ വോട്ടു കണക്കിൽ തിരിമറിയില്ല: കമ്മീഷൻ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന ഓൺലൈൻ മാധ്യമമായ ‘ദ് വയറി’ന്റെ റിപ്പോർട്ട് ശരിയല്ലെന്ന് കമ്മീഷൻ വിശദീകരിച്ചു.അവർ പുറത്തുവിട്ടത് തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണെന്ന് കമ്മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കമ്മിഷന്റെ വിശദീകരണം: 288 നിയമസഭാ മണ്ഡലങ്ങളിലായി 6,40,88,195 വോട്ടുകളാണ് ഇലക്ട്രോണിക് യന്ത്രത്തിൽ പോൾ ചെയ്തത്. ഇതാണ് ആകെ പോൾ ചെയ്ത വോട്ടായി തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. 5,38,225 തപാൽ വോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഇവ രണ്ടും കൂടി ചേരുമ്പോൾ ആകെ പോൾ‌ ചെയ്ത വോട്ട് 6,46,26,420 ആകും. ഇങ്ങനെ വരുമ്പോൾ എണ്ണിയ വോട്ടുകൾ ആകെ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാകുന്നില്ല.

ആകെ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നാണ് ‘ദ് വയർ’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് ആകെ പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമെണ്ണിയെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകൾ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവാണെന്നും പറയുന്നു.

288 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, 152 മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപി 132 സീറ്റുകൾ നേടിയിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇലക്ട്രോണിക് യന്ത്രത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News