രാഹുലും സുധാകരനും മൽസരിക്കണമെന്ന് കെ പി സി സി

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും മൽസരിക്കണമെന്ന് കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി.

ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടിക കമ്മിററി തയാറാക്കി. സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം തുടരുകയാണ്.

വയനാട്ടിൽ അഭിപ്രായം പറയേണ്ടത് രാഹുൽ ഗാന്ധിയാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുൽ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അന്തിമ തീരുമാനം ആലോചിച്ചാവും. തെറ്റില്ലെന്നാണ് നിലവിലെ കോൺഗ്രസിന്റെ അഭിപ്രായം.രാഹുൽ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.

കണ്ണൂരിൽ സുധാകരൻ ഉണ്ടെന്നും ഇല്ലെന്നും പ്രചരിക്കുന്നുണ്ട്. മത്സരിക്കണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമാണ്. അനുയായിയെ പിൻഗാമിയാക്കണമെന്ന് ആവശ്യപ്പെട്ടാലും പാർട്ടി അംഗീകരിക്കണമെന്നില്ല. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കാൻ തയ്യാറാണ്. എന്നാൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹത്തിനു ഹൈക്കമാൻഡ് പക്ഷേ ഇതുവരെ അനുമതി നൽകിയില്ല.

ഒമ്പത് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കൊടിക്കുന്നില്‍ സുരേഷ്, മാവേലിക്കരയില്‍ വീണ്ടും മത്സരിക്കുന്നതിനോട് പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങളുണ്ട്. പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിയുടെ ജയസാധ്യതയില്‍ ആശങ്കയുമുണ്ട്.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ മാറണോ വേണ്ടയോ എന്ന തീരുമാനം എടുക്കുക. അങ്ങനെ വന്നാല്‍ മാവേലിക്കരയില്‍ കെപിസിസി ഉപാധ്യക്ഷന്‍ വിപി സജീന്ദ്രന്‍റെ പേരിനാണ് മുഖ്യപരിഗണന.പത്തനംതിട്ടയില്‍ യൂത്തുകോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയുള്‍പ്പടെ പുതിയ പേരുകള്‍ വന്നേക്കും