December 13, 2024 10:13 am

നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. കാനഡ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും കാനഡ വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവനെ അവർ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി മന്ത്രാലയം പ്രസ്താവനയിറക്കിയത്. മാത്രമല്ല, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്.

‘‘കാനഡ പ്രധാനമന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവനയും അവരുടെ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും കണ്ടിരുന്നു. അത് പൂർണമായും തള്ളിക്കളയുന്നു. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണങ്ങൾ കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചെങ്കിലും അതെല്ലാം പൂർണമായും തള്ളിക്കളഞ്ഞതാണ്. 

നിയമവാഴ്ചയോടു പ്രതിബദ്ധത പുലർത്തുന്ന ജനാധിപത്യ വ്യവസ്ഥയാണ് നമ്മുടേത്. കാനഡയിൽ അഭയം നൽകി ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയായി തുടരുന്ന ഖലിസ്ഥാൻ ഭീകരരിൽനിന്നും തീവ്രവാദികളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ വിഷയത്തിൽ കാനഡ സർക്കാർ ദീർഘകാലമായി പുലർത്തുന്ന നിഷ്‌ക്രിയത്വം അടിയന്തര ശ്രദ്ധ അർഹിക്കുന്നുണ്ട്. കാനഡയിലെ രാഷ്ട്രീയ നേതാക്കൾ ഇതിനോടെല്ലാം പരസ്യമായി സഹതാപം പ്രകടിപ്പിക്കുന്നതും ആശങ്കാജനകമാണ്. 

കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കാനഡയിൽ ഇടം ലഭിക്കുന്നത് പുത്തരിയല്ല. കാനഡയുടെ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്കെതിരെയും ഏറ്റവും വേഗത്തിൽ ഫലപ്രദമായ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു’’ – വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News